കൊച്ചി: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത മുന്‍ അധ്യക്ഷൻ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു. ജീവിതലാളിത്യത്തിന്റെയും പ്രാര്‍ഥാനാജീവിതത്തിന്റെയും ശക്തമായ സാക്ഷ്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സഭാ ശുശ്രൂഷകളില്‍ കൂട്ടായ്മ വളര്‍ത്തുന്നതില്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. വ്യക്തിപരമായ ബന്ധങ്ങളില്‍ സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ചിരുന്ന നന്മ നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു.
സഭൈക്യ പ്രസ്ഥാനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം തത്്പരനായിരുന്നു. പാവപ്പെട്ടവരോടുള്ള കരുണയും കരുതലും എന്നും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു. പതിനഞ്ചു വര്‍ഷം തിരുവല്ല അതിരൂപതയുടെ അമരക്കാരനായിരുന്നുകൊണ്ട് പുഷ്പഗിരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി എല്ലാ തലങ്ങളിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും കർദിനാൾ അനുശോചനസന്ദേശത്തിൽ പറഞ്ഞു.
നാളെ ഉച്ചകഴിഞ്ഞ് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലിൽ നടക്കുന്ന സംസ്കാരശുശ്രൂഷകളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പങ്കെടുക്കും.
പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ
കോട്ടയം: മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല അതിരൂപത മുൻ അധ്യക്ഷൻ ഗീവർഗീസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ ദേഹവിയോഗത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. മാതൃകാപരമായ ലളിത ജീവിത ശൈലി പാലിച്ച പിതാവായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.