കുഴിക്കാട്ടുശേരി: കുടുംബങ്ങളുടെ മധ്യസ്ഥയായ മറിയം ത്രേസ്യയുടെ തീർത്ഥകേന്ദ്രത്തിൽ തിരുനാൾ ആഘോഷം എട്ടിനു നടക്കും. രാവിലെ 9.30നു തിരുക്കർമങ്ങൾ തുടങ്ങും. തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയിൽ ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിക്കും. വിശുദ്ധ കുർബാനയെ തുടർന്നു നേർച്ചവിതരണം ആരംഭിക്കും.
ഉച്ചകഴിഞ്ഞു മൂന്നിനുള്ള വിശുദ്ധ കുർബാനയ്ക്ക് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികനാകും. തുടർന്ന് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും. ഈസ്റ്റ് പുത്തൻചിറ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസഫ് ഗോപുരം ചടങ്ങുകൾക്കു നേതൃത്വം നൽകും.
എട്ടാമിട തിരുനാൾ 15നാണ്. ഉച്ചകഴിഞ്ഞ് 3.30ന് ആഘോഷമായ ദിവ്യബലിയിൽ ആനത്തടം മേരിമാതാ ഷേണ്സ്റ്റാട്ട് ഭവൻ സുപ്പീരിയർ ഫാ. ജിജു കിലുക്കൻ കാർമികനാകും. തുടർന്നു പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം. തിരുനാളിനു മുന്നോടിയായുള്ള നവനാൾ പ്രാർഥനകൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞു 3.30ന് ദിവ്യബലി, നവനാൾ പ്രാർഥന എന്നിവ നടന്നുവരുന്നു.
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന കുഴിക്കാട്ടുശേരി തീർഥകേന്ദ്രത്തിൽ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. തിരുനാളിന്റെ വിജയത്തിനായി പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസഫ് ഗോപുരം ചെയർമാനും തീർഥകേന്ദ്രം പ്രമോട്ടർ ഫാ. ജോസ് കാവുങ്കൽ, ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ഉദയ സിഎച്ച്എഫ്, ജനറൽ കണ്വീനർമാരായ സിസ്റ്റർ പുഷ്പ സിഎച്ച്എഫ്, പി.ടി. ജോസ്, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ റോസ്മിൻ മാത്യു സിഎച്ച്എഫ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
തീർഥാടകരുടെ വാഹന പാർക്കിംഗിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 30,000 പേർക്കാണ് ഉൗട്ടുനേർച്ച തയാറാക്കുന്നത്. തിരുനാൾദിന തിരുക്കർമങ്ങൾക്കായി ദേവാലയത്തോടു ചേർന്ന് ഓഡിറ്റോറിയമുണ്ട്. കബറിടത്തിനരികിൽ ഭക്തർക്കു പ്രാർഥിക്കുന്നതിനും നേർച്ച സ്വീകരിക്കുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്.
തീർഥാടകർക്കായി വിദഗ്ധ മെഡിക്കൽ സേവനം, അന്വേഷണ കൗണ്ടർ, മറിയം ത്രേസ്യ മ്യൂസിയവും ഇതര വിശുദ്ധ സ്ഥലങ്ങളും സന്ദർശിക്കുന്നതിനുള്ള സൗകര്യങ്ങൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുള്ളതായി പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു