ബിബിൻ മഠത്തിൽ
മതവിദ്വേഷത്തിന്റെ കൊടുങ്കാറ്റ് ഒറീസയിലെ കണ്ടമാലിൽ ആഞ്ഞടിച്ചിട്ട് ഇപ്പോൾ പത്തു വർഷത്തിനു മുകളിലായിരിക്കുന്നു. 2007 ഡിസംബറിലും 2008 ഓഗസ്റ്റിലുമായി രണ്ടു പ്രാവശ്യമാണു കണ്ടമാലിലെ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെട്ടത്. ആദ്യത്തേത് ക്രിസ്തുവിന്റെ ജനനമാഘോഷിക്കുന്ന ക്രിസ്തുമസ് രാവിലായിരുന്നെങ്കിൽ രണ്ടാമത്തേത് ശ്രീകൃഷ്ണജയന്തിക്ക് ശേഷമായിരുന്നു. രണ്ടു പ്രാവശ്യവുമായി നൂറിലധികം ആളുകളാണു കൊല്ലപ്പെട്ടത്. 6000 വീടുകളും 300 പള്ളികളും നശിപ്പിക്കപ്പെടുകയും ചെയ്തു. ഈ കൊള്ളയിലും കൊലയിലുമൊക്കെ പങ്കെടുത്ത കലാപകാരികളെല്ലാവർക്കും തന്നെ ഒന്നോ രണ്ടോ വർഷത്തെ ജയിൽവാസത്തിനുശേഷം ജാമ്യം ലഭിച്ചു. എന്നാൽ തെളിവൊന്നുമില്ലായെന്ന് പ്രോസിക്യൂഷൻ അംഗീകരിക്കുമ്പോഴും രണ്ടാമത്തെ കലാപത്തിനു കാരണമായ ശ്രീലക്ഷ്മണാനന്ദയെ കൊലപ്പെടുത്തിയവർ എന്ന് ആരോപിച്ച് ജയിലിലടച്ച ക്രിസ്ത്യാനികളായ ഏഴു പേർ പത്തു വർഷത്തിനുശേഷം ഇപ്പോഴും ജയിലിലാണ്!
കണ്ടമാലിലേത് ഒരു ഒറ്റപ്പെട്ട സംഭവമായി കരുതേണ്ട. നശിപ്പിക്കപ്പെടുന്ന ആരാധനാലയങ്ങളുടെയും ക്രൈസ്തവസ്ഥപനങ്ങളുടെയും കൊലപാതകവും മാനഭംഗവും ഒക്കെ നേരിട്ട സന്യാസിനി-സന്യാസിമാരുടെയും മിഷണറിമാരുടെയും മറ്റുള്ളവരുടെയും ഒക്കെ കഥകൾ ഓരോ വർഷവും നാം കേൾക്കുന്നുണ്ട്. കത്തോലിക്കരല്ലാത്ത മറ്റു ക്രൈസ്തവ വിഭാഗങ്ങളും ഇത്തരത്തിൽ വലിയ തോതിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന്റെ റിപ്പോർട്ടനുസരിച്ച് (2019) ഇന്ത്യയിലെ മതസ്വാതന്ത്രം ഓരോ വർഷവും കുറഞ്ഞു വരുകയാണ്. മതസ്വാതന്ത്രത്തെക്കുറിച്ച് ആകുലതയുള്ള രാജ്യങ്ങളുടെ ലിസ്റ്റിൽ അഫ്ഗാനിസ്ഥാനും ഇറാഖും ഈജിപ്തുമൊക്കെ ഉൾപ്പെടുന്ന ടയർ 2-ലാണു ഇന്ത്യയുടെ സ്ഥാനം എന്നത് ആശങ്കാജനകമാണ്. ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് റിപ്പോർട്ട് തയാറക്കുന്ന “ഓപ്പൺ ഡോർസ്” എന്ന സംഘടനയുടെ കണക്കുകളും ഇന്ത്യയിലെ ആശങ്കാജനകമായ സാഹചര്യത്തെ വ്യക്തമാക്കുന്നുണ്ട്. ക്രിസ്ത്യൻ മതപീഡനത്തിന്റെ തീവ്രതയിൽ കഴിഞ്ഞ പത്തു വർഷത്തിനിടയിൽ 31-ആം സ്ഥാനത്തുനിന്നും 10-ആം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നിരിക്കുന്നു! സിറിയയിലും നൈജീരിയയിലുമൊക്കെ നടകുന്നതിൽ കൂടുതൽ പീഡനങ്ങൾ ഇന്ത്യയിൽ നടക്കുന്നു എന്നാണു കണക്കുകൾ കാണിക്കുന്നത്.
ആഗോളതലത്തിലും ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ കൂടി വരുകയാണ്. ഈ അടുത്ത കാലത്ത് ബ്രിട്ടണിലെ വിദേശകാര്യ സെക്രട്ടറി ആയ ജെറമി ഹണ്ടിന്റെ നിർദ്ദേശപ്രകാരം തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ രണ്ടു ദശകമായി മദ്ധ്യ-പൂർവ്വേഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവർ വംശഹത്യയുടെ വക്കിലെത്തി നിൽക്കുകയാണ്. ഒരിക്കൽ പൌരസ്ത്യ ക്രൈസ്തവസഭകളുടെ ഈറ്റില്ലമായിരുന്ന ഇറാഖിലും സിറിയയിലും തുർക്കിയിലും അർമേനിയയിലുമൊക്കെ ഇന്ന് അവശേഷിച്ചിരിക്കുന്ന ക്രൈസ്തവവിശ്വാസികൾ കൂടി ഇസ്ലാമിക ഭീകരതയുടെ ഇരകളായി മാറിയിരിക്കുന്നു. മദ്ധ്യ-പൂർവ്വേഷ്യയിലും ഉത്തര-ആഫ്രിക്കൻ രാജ്യങ്ങളിലെയും കണക്കുകൾ നമ്മെ ഞെട്ടിക്കുന്നവയാണ്. ഇവിടങ്ങളിൽ ഒരു നൂറ്റാണ്ടു മുമ്പ് 20% ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ ഇന്ന് 4% ലേക്ക് കുറഞ്ഞിരിക്കുന്നു. സ്വന്തം അഭയാർത്ഥികളായി പോകേണ്ടിവന്നവരുടെയും കൊല്ലപ്പെട്ടവരുടെയും കിഡ്നാപ്പ് ചെയ്യപ്പെട്ടവരുടെയും അടിമകളായി വിൽക്കപ്പെട്ടവരുടെയും തടവിലടക്കപ്പെട്ടവരുടെയും മാനഭംഗപ്പെട്ടവരുടെയുമൊക്കെ കണക്കുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ ഈ രാജ്യങ്ങളിലൊക്കെ ഒരു പൌരനുവേണ്ട പരിഗണന പോലും പലപ്പോഴും ഒരു ക്രിസ്ത്യാനിക്ക് ലഭിക്കുന്നില്ല. വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും തൊഴിൽ സാധ്യതകളും സാമൂഹികജീവിതവുമൊക്കെ നിഷേധിക്കപ്പെടുന്നത് സാധാരണമായിരിക്കുകയാണ്. മദ്ധ്യ-പൂർവ്വേഷ്യയിലെ കൂടാതെ ആഫ്രിക്കൻ രാജ്യങ്ങളിലെയും മറ്റു ഏഷ്യൻ രാജ്യങ്ങളിലെയുമൊക്കെ കണക്കുകൾ ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഈ ലോകത്ത് പീഡിപ്പിക്കപ്പെടുന്ന ദൈവവിശ്വാസികളിൽ ബഹുഭൂരിപക്ഷവും (80%) ക്രിസ്ത്യാനികൾ ആണെന്നുള്ള കാര്യം നമ്മുടെയെല്ലാം കണ്ണു തുറപ്പിക്കേണ്ടതാണ്.
ഇനി ഈ റിപ്പോർട്ടുകളുടെ ഒന്നും സഹായമില്ലായെങ്കിൽ കൂടി വർദ്ധിച്ചുവരുന്ന ക്രിസ്തുമത പീഡനങ്ങളെക്കുറിച്ച് നമുക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. ബുർക്കിനോഫാസയിൽ നിന്നും നൈജീരിയയിൽ നിന്നുമൊക്കെ ദുഃഖകരമായ ക്രൈസ്തവപീഡനങ്ങളെക്കുറിച്ചും രക്തസാക്ഷികളായവരെക്കുറിച്ചുമൊക്കെ ഈ ദിവസങ്ങളിൽ നാം വായിക്കുകയും കേൾക്കുകയും ചെയ്തു കാണും. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ തീവ്രവാദി ആക്രമണത്തിനിരയായ ശ്രീലങ്കയിലെ പള്ളികൾ കേരളത്തിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം ദൂരെയാണ്. വർദ്ധിച്ചുവരുന്ന ഇത്തരം ക്രൈസ്തവ പീഡനങ്ങളുടെ കാരണങ്ങളെ മൂന്നായി നമുക്ക് തരം തിരിക്കാം.
1. ഇസ്ലാമിക തീവ്രവാദവും മതപീഡനവും :- ക്രൈസ്തവപീഡനങ്ങളുടെ കാര്യത്തിൽ ഏറ്റവും പ്രധാന കാരനം ഇസ്ലാമിക തീവ്രവാദവും മതപീഡനവുമാണെന്നാണു കണക്കുകൾ കാണിക്കുന്നത്. അഫ്ഗാനിസ്ഥാൻ, സൊമാലിയ, ലിബിയ, പാക്കിസ്ഥാൻ, സുഡാൻ, യെമൻ, ഇറാൻ, എന്നിങ്ങനെ ഇസ്ലാം മതം ഭൂരിപക്ഷമായ പല രാജ്യങ്ങളിലും ക്രൈസ്തവപീഡനങ്ങൾ വലിയ തോതിൽ നടക്കുന്നുണ്ട്.
2. നിരീശ്വരവാദവും കമ്മ്യൂണിസവും പ്രോത്സാഹിപ്പിക്കുന്ന മതപീഡനങ്ങൾ :- നോർത്ത് കൊറിയ, ചൈന, ലാവോസ്, വിയറ്റ്നാം, എന്നിവിടങ്ങളിലൊക്കെ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നവരിൽ ഭൂരിഭാഗവും നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റ് സർക്കാരുകളുമാണ്.
3. മത-ദേശീയത :- ഭൂരിപക്ഷത്തിന്റെ മതത്തിന്റെ അടിസ്ഥാനത്തിൽ തത്പരകക്ഷികൾ വളർത്തിക്കൊണ്ടുവരുവാൻ ശ്രമിക്കുന്ന കപടദേശീയത മൂലം പീഡിപ്പിക്കപ്പെടുന്നവരാണു ഇന്ത്യയിലെയും മ്യാന്മാറിലെയും ശ്രീലങ്കയിലെയും ക്രിസ്ത്യാനികൾ.
ലോകത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന മതസമൂഹം ക്രിസ്ത്യാനികൾ ആണെങ്കിലും അത് അംഗീകരിക്കുവാനോ അതിനെക്കുറിച്ച് ചർച്ച ചെയ്യുവാനൊ ഇപ്പോഴും ലോകസമൂഹം തയാറാകുന്നില്ല. പീഡിപ്പിക്കുന്നവരെയും സ്നേഹിക്കുന്ന ക്രൈസ്തവമനസാക്ഷി പലപ്പോഴും ദുരുപയോഗിക്കപ്പെടുന്നുണ്ടെന്നുള്ളതാണു വസ്തുത. ലോകചരിത്രത്തിൽ പല രാജ്യങ്ങളെയും കോളനിവത്കരിച്ച യൂറോപ്യൻ ക്രൈസ്തവരാജ്യങ്ങളിൽ ഇപ്പോഴും നിലവിലുള്ള പൊതുകുറ്റബോധവും ഒരു പരിധിവരെ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതിനെ എതിർക്കുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നുണ്ട്. പക്ഷെ ഇപ്പോൾ കാര്യങ്ങൾ മാറി വരുകയാണ്. ക്രൈസ്തവപീഡനങ്ങളെക്കുറിച്ച് ലോകം സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ലോകരാജ്യങ്ങളുടെ ഇത്തരം പഠനങ്ങൾ അതിന്റെ തുടക്കമാണു കാണിക്കുന്നത്.
ഇനി കണ്ടമാലിലെ കലാപത്തിലേക്ക് തന്നെ തിരികെ വരാം. മാധ്യമപ്രവർത്തകനായ ആന്റോ അക്കര 2009-ൽ താൻ എഴുതിയ ‘കണ്ടമാലിലെ ജ്വലിക്കുന്ന വിശ്വാസം’ (Shining Faith in Kandhamal) എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയ കണ്ടമാൽ നിവാസികളായ ആളുകളുടെ പേരും വിലാസവും മാറ്റിയെഴുതുകയും ചിത്രം അവ്യക്തമാക്കുകയും ചെയ്തിരുന്നു. അവരുടെ സുരക്ഷയെ കരുതിയായിരുന്നു അദ്ദേഹം അപ്രകാരം ചെയ്തത്. എന്നാൽ അദ്ദേഹത്തെ അമ്പരിപ്പിച്ചുകൊണ്ട് അവർ അദ്ദേഹത്തോട് അവരുടെ യഥാർത്ഥ മുഖം ലോകത്തിനു കാട്ടികൊടുക്കുവാൻ ആവശ്യപ്പെട്ടു. “പണം കൊടുത്ത് മതം മാറ്റിയവർ” എന്ന് ശത്രുക്കൾ ആരോപിച്ചവർ ‘ക്രിസ്തുവിനു വേണ്ടി എന്തും സഹിക്കാൻ ഞങ്ങൾ തയ്യാറാണ്’ എന്നു പറയുന്നതിലും വലിയ എന്തു സാക്ഷ്യമാണുള്ളത്?!
ഈ ലോകത്തിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങൾ കൂടിവരുകയാണ്. ഒരു പക്ഷെ അതു നാളെ നമ്മളേയും ബാധിച്ചേക്കാം. നാം അത്തരം സാഹചര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും തയ്യാറായിരിക്കുകയും വേണം. തലമുറകൾ പകർന്നു കിട്ടിയ യഥാർത്ഥവിശ്വാസം കാത്തു സൂക്ഷിക്കുവാൻ നമുക്ക് കടമയുണ്ടെന്നുള്ള കാര്യം മറക്കാതിരിക്കാം.