ഹൂസ്റ്റൺ: ഏഴു വർഷത്തിനുശേഷം ഹൂസ്റ്റൺ ആതിഥേയത്വം വഹിക്കുന്ന ഏഴാമത് സീറോ മലബാർ ദേശീയ കൺവെൻഷനിൽ യുവജങ്ങൾക്കായിരിക്കും പ്രാധാന്യമെന്ന് ചിക്കാഗോ സെന്റ് തോമസ് രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്. ഹൂസ്റ്റൺ ഫൊറോനാ ദൈവാലയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കൺവെൻഷൻ രക്ഷാധികാരികൂടിയായ അദ്ദേഹം.
ഏഴ് എന്ന സംഖ്യ ദൈവത്താൽ നിർണയിക്കപ്പെട്ട പൂർണതയെ കുറിക്കുന്നു. സഭയുടെ വളർച്ച യുവജനങ്ങളിലൂടെയാണ്. 18 വയസിലേക്കു പ്രവേശിക്കുന്ന അമേരിക്കയിലെ സീറോ മലബാർ രൂപതയും വളർച്ചയുടെ പടവിലാണ്. ഹൈസ്‌കൂൾ, കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെ 1200 യുവജനങ്ങൾ ഇതുവരെ കൺവൻഷനു രജിസ്റ്റർ ചെയ്തു. യൂത്ത് അപ്പസ്തലേറ്റ് ഉൾപ്പെടെ യുവജന കൂടായ്മകൾ മുന്നോട്ടു വന്നു ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും മാർ അങ്ങാടിയത്ത് ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് ഒന്ന് മുതൽ നാലുവരെയാണ് കൺവെൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് യോഗം വിലയിരുത്തി. സഹായമെത്രാനും ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട്, ചാൻസിലർ ഫാ. ജോണിക്കുട്ടി പുലിശേരി, ഫൊറോനാ വികാരിയും കൺവൻഷൻ കൺവീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, രൂപതാ യൂത്ത് കോർഡിനേറ്റർ ഫാ. പോൾ ചാലുശേരി, അസിസ്റ്റന്റ് കോർഡിനേറ്റർ ഫാ. രാജീവ് വലിയവീട്ടിൽ, ഡോ. എബ്രഹാം മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
40ൽപ്പരം വരുന്ന കമ്മിറ്റികളുടെയും ഉപകമ്മിറ്റികളുടെയും ഭാരവാഹികൾ പ്രവർത്തനങ്ങൾ വിശദീകരിച്ചു. നാഷണൽ രജിസ്‌ടേഷൻ ചെയർ സുനിൽ കുര്യൻ രജിസ്‌ടേഷൻ കാര്യങ്ങളുടെയും ഫൈനാൻസ് ചെയർ ബോസ് കുര്യൻ സാമ്പത്തിക കാര്യങ്ങളുടെയും അവലോകനം അവതരിപ്പിച്ചു. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ സ്വാഗതവും കൺവൻഷൻ ചെയർമാൻ അലക്‌സ് കുടക്കച്ചിറ നന്ദിയും പ്രകാശിപ്പിച്ചു.