കൊളംബോ:ശ്രീലങ്കയിലെ ഒന്‍പതു മുസ്ലിം മന്ത്രിമാരും രണ്ടു മുസ്ലിം ഗവർണർമാരും രാജിവച്ചു. തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഇവരിൽ ചിലർക്കെതിരേ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാനാണു രാജിയെന്ന് മുസ്ലിംരാഷ്ട്രീയ നേതാക്കൾ പറഞ്ഞു.
ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ആഡംബരഹോട്ടലുകളിലും നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടവരെ സർക്കാരിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബുദ്ധസന്യാസിയും എംപിയുമായ അതുരാലിയ രത്ന നാലുദിവസം മുന്‍പ് നിരാഹാര സമരം ആരംഭിച്ചിരുന്നു.
ഇന്നലെ കാൻഡി നഗരത്തിൽ പതിനായിരത്തോളം ബുദ്ധമതാനുയായികൾ പ്രകടനം നടത്തി. ശ്രീലങ്കയിലെ ജനസംഖ്യയിൽ ഒന്പതുശതമാനമാണു മുസ്ലിംകൾ. 225 അംഗ പാർലമെന്റിൽ 19 മുസ്ലിം എംപിമാരാണുള്ളത്. ഇവരിൽ മന്ത്രിപദവിയിലുള്ള ഒന്‍പതുപേരാണ് ഇന്നലെ രാജിവച്ചത്.
പടിഞ്ഞാറൻ പ്രവിശ്യാ ഗവർണർ അസത് സലി, കിഴക്കൻ പ്രവിശ്യാ ഗവർണർ ഹിസ്ബുള്ള എന്നിവരും രാജിവച്ചു. ഈസ്റ്റർ ദിന ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയായ എൻടിജെക്ക് ഈ ഗവർണർമാർ പിന്തുണ നൽകിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇരുവരും ആരോപണം നിഷേധിച്ചു. ഈസ്റ്റർദിന സ്ഫോടനങ്ങളിൽ 258 പേർക്കു ജീവഹാനി നേരിടുകയും 500ൽ അധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതെത്തുടർന്നു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും നിലവിലുണ്ട്.