കോട്ടയം: ഫേസ് ബുക്ക് ടൈം ലൈനുകളിലും വാട്സ് ആപ്പ് സ്റ്റാറ്റസുകളിലും ടിക്ടോക് പ്ലാറ്റ് ഫോമുകളിലും നിറഞ്ഞുകവിഞ്ഞൊഴുകിയ ഫുൾ ജാർ സോഡ കോട്ടയത്തും പരിസരത്തും നുരഞ്ഞു പൊന്തുകയാണ്. കോട്ടയം ടൗണിൽ തന്നെ പത്തിൽപ്പരം കടകളിൽ ഇപ്പോൾ ഫുൾ ജാർ സോഡയാണു പ്രധാന കച്ചവടം. സമൂഹ മാധ്യമങ്ങൾ ഈ ശീതളപാനീയത്തെ ഏറ്റെടുത്തതോടെ ഇതു കുടിക്കാനായി കടകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
യുവാക്കളാണ് ഫുൾ ജാർ സോഡയുടെ ആരാധകർ. വേനൽക്കാലത്ത് നാരങ്ങാവെള്ളവും കുലുക്കി സർബത്തും വിറ്റിരുന്ന കടകളിൽ ഇപ്പോൾ ഇവയേക്കാളേറെ കച്ചവടം ഫുൾ ജാർ സോഡയ്ക്കാണ്. ഉത്തരേന്ത്യയിൽനിന്നും കോഴിക്കോട്, മലപ്പുറം, കൊച്ചിവഴിയാണ് ഫുൾ ജാർ കോട്ടയത്തും എത്തി നാടും നഗരവും കീഴടക്കിയത്. കാന്താരി മുളക്, ചെറുനാരങ്ങ നീര്, കറിവേപ്പില, ഇഞ്ചി, പുതിനയില തുടങ്ങിയവ ചേർത്ത് മിക്സിയിൽ അരച്ചാണ് ഫുൾ ജാർ സോഡയുടെ രസക്കൂട്ട് തയാറാക്കുന്നത്.
ഈ കൂട്ട് ചെറിയ വൈൻ ഗ്ലാസിൽ ഒഴിച്ചു വയ്ക്കും. മറ്റൊരു വലിയ ഗ്ലാസിൽ സോഡയും. ഈ സോഡയിലേക്കാണു കുഞ്ഞു ഗ്ലാസ് ഇടുന്നത്. നുരയും പതയും പുറത്തേക്കു പോകുന്നതിനു മുന്പ് കുടിക്കണം. ഇതാണ് ഫുൾ ജാർ സോഡ. ഫുൾ ജാർ സോഡ ഹിറ്റായതോടെ ഇപ്പോൾ ഇതു കുടിക്കുന്നതും ഉണ്ടാക്കുന്നതുമായ പുതിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരുടെ തിരക്കാണ്. കോട്ടയം സിഎംഎസ് കോളജിനു സമീപമുള്ള കടയിൽ ഇന്നലെ രാവിലെ തുടങ്ങിയ തിരക്ക് രാത്രിവരെ തുടർന്നു. കോളജ് വിദ്യാർഥികളാണ് ഇവിടെ കൂട്ടത്തോടെ ഫുൾ ജാർ കുടിക്കാനെത്തിയത്.
ഫുൾജാർ സോഡ കുടിക്കുന്നതിനു മുന്പ് അൽപം ചിന്തിക്കണമെന്നും ഇത് അധികമായാൽ ആരോഗ്യത്തിനു ഹാനികരമാണെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ഫുൾ ജാർ സോഡയിലെ പ്രത്യേക കൂട്ടുകൾ തയാറാക്കുന്നതു വൃത്തിയുള്ള അന്തരീക്ഷത്തിലാണെന്ന് ഉറപ്പാക്കണം. സോഡ എന്ന് പറയുന്ന കാർബണ്ഡയോക്സൈഡ് വാതകം കലക്കിയ വെള്ളം അഥവാ കാർബോണിക് ആസിഡ് ആരോഗ്യത്തിന് അത്ര നല്ലതല്ല.
സ്ഥിരമായി കുടിച്ചാൽ പല്ലു മുതൽ സകല അവയവങ്ങൾക്കും ഇതു ഹാനികരമാണ്. സോഡാഗ്ലാസിലേക്ക് കൂട്ട് ചേർത്തുവച്ചിരിക്കുന്ന വൈൻ ഗ്ലാസ് ഇടുകയാണ്. വൈൻ ഗ്ലാസ് ശരിയായി കഴുകി വൃത്തിയാക്കിയതാണോയെന്ന് ഉറപ്പുവരുത്തണം. ഗ്ലാസിനു പുറത്തെ മാലിന്യം മുഴുവൻ സോഡായിൽ കലർന്ന് നമ്മുടെ ശരീരത്തിലെത്തും. ഫുൾ ജാർ സോഡ ഫുള്ളായി വലിച്ചു കുടിക്കുന്പോൾ ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
സോഡായ്ക്കൊപ്പം നല്ല എരിവും പുളിയും ഒക്കെ ഒരുമിച്ചു വയറ്റിലെത്തുന്പോൾ ഉദരസംബന്ധമായ പലപ്രശ്നങ്ങൾക്കും കാരണമാകും. നിലവിൽ ഉദര സംബന്ധമായ പ്രശ്നങ്ങളുള്ളവർ ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.
കഴിഞ്ഞ വർഷം വേനൽക്കാലത്ത് ലെസികടകളായിരുന്നു നാടും നഗരവും കീഴടക്കിയത്. പല കടകൾക്കും ഇപ്പോൾ പൂട്ടു വീണു. സോഷ്യൽ മീഡിയായിലെ ആവേശമാണ് ഫുൾ ജാർ സോഡയ്ക്ക് ഇപ്പോൾ ലഭിക്കുന്നതെന്നും വൈകാതെ സോഡയുടെ ഗ്യാസ് പോകുമെന്നും കച്ചവടക്കാർതന്നെ പറയുന്നു.