കൊച്ചി: ന്യൂമാൻ അസോസിയേഷന്റെ സജീവ അംഗവും മാർഗദർശിയുമായിരുന്ന ദിവംഗതനായ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയെ അനുസ്മരിക്കാൻ ന്യൂമാൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പാലാരിവട്ടം പിഒസിയിൽ സ്നേഹക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം മൂന്നിന് അദ്ദേഹത്തിന്റെ ശിഷ്യരും സ്നേഹിതരും ചേർന്ന് ഒരുക്കുന്ന സ്നേഹക്കൂട്ടായ്മയിൽ അനുസ്മരണദിവ്യബലി, സമ്മേളനം എന്നിവ ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞു മൂന്നിന് മോണ്‍. ആന്റണി നരികുളത്തിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയോടെ അനുസ്മരണചടങ്ങ് ആരംഭിക്കും.
നാലിനു ചേരുന്ന സമ്മേളനത്തിൽ കെസിബിസി പ്രസിഡന്റ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിക്കും. സീറോ മലബാർസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തും. പ്രഫ. എം.കെ. സാനു, പ്രഫ. എം. തോമസ് മാത്യു, ജസ്റ്റീസ് സിറിയക് ജോസഫ്, ജസ്റ്റീസ് പി.കെ. ഷംസുദീൻ, സിസ്റ്റർ സിബി സിഎംസി, കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. ഡോ. കെ.എം.മാത്യു സ്വാഗതവും ജോസഫ് ആഞ്ഞിപ്പറന്പിൽ നന്ദിയും പറയും. ഫാ. എ. അടപ്പൂർ, ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ. ബിനോയ് പിച്ചളക്കാട്ട് , ഡോ. കെ.എം.മാത്യു, ജോസഫ് ആഞ്ഞിപ്പറന്പിൽ, സാബു ജോസ്, അഡ്വ. റോയി ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകും.
എറണാകുളം -അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി 16 വർഷവും താമരശേരി രൂപത മെത്രാനായി എട്ടു വർഷവും സേവനം ചെയ്ത മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി ദിവംഗതനായിട്ട് 25 വർഷം പൂർത്തിയാവുകയാണ്. 1994 ജൂണ്‍ 11നാണ് അദ്ദേഹം ദിവംഗതനായത്.