ബ്ലാജ്: റുമേനിയയിലെ കമ്യൂണിസ്റ്റ് ഭരണത്തിൽ വിശ്വാസസംരക്ഷണത്തിനായി ജീവൻ ത്യജിച്ച ഏഴു ഗ്രീക്ക് കത്തോലിക്കാ ബിഷപ്പുമാരെ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി.
വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന കത്തോലിക്കരുടെ ആദർശമാതൃകകളാണ് ഈ രക്തസാക്ഷികളെന്ന് മാർപാപ്പ പറഞ്ഞു. ഇടുങ്ങിയ തത്വശാസ്ത്രത്തെ എതിർത്തതിന്റെ പേരിലാണ് ഇവർക്കു ജീവൻ വെടിയേണ്ടിവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണത്തിനിടെ 1950-70 കാലത്തു പീഡനമേറ്റ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ഏതാനും അംഗങ്ങൾ മാത്രമാണ് ഈ ബിഷപ്പുമാർ. കമ്യൂണിസ്റ്റ് ഭരണകൂടം കത്തോലിക്കാ വിശ്വാസികളോട് ഓർത്തഡോക്സ് സഭയിൽ ചേരാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതിന്റെ പേരിലായിരുന്നു പീഡനങ്ങൾ. ആയിരക്കണക്കിനു പുരോഹിതരെ അടക്കം തടവിലാക്കി പീഡിപ്പിച്ചു. കത്തോലിക്കാ സഭയുടെ സ്വത്തുകൾ പിടിച്ചെടുത്ത് ഓർത്തഡോക്സ് സഭയ്ക്കു നല്കി.
ഭരണകൂടം കത്തോലിക്കരോട് വിശ്വാസം ത്യജിക്കാൻ ആവശ്യപ്പെട്ട ട്രാൻസിൽവേനിയയിലെ ബ്ലാജ് നഗരത്തിലെ ‘ഫീൽഡ് ഓഫ് ലിബർട്ടി’ എന്ന വളപ്പിലായിരുന്നു നാമകരണച്ചടങ്ങുകൾ. ഗ്രീക്ക് കത്തോലിക്കാ സഭയുടെ ബൈസന്റൈൻ ആരാധാനാക്രമം അനുസരിച്ചായിരുന്നു ചടങ്ങുകൾ. ഫ്രാൻസിസ് മാർപാപ്പ ഇതാദ്യമായിട്ടാണ് ഈ ആരാധാനക്രമത്തിൽ ദിവ്യബലി അർപ്പിക്കുന്നത്.
ബ്ലാജിലെ ചടങ്ങുകൾക്കുശേഷം മാർപാപ്പ റോമ ന്യൂനപക്ഷ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ത്രിദിന റുമേനിയൻ പര്യടനം അവസാനിപ്പിച്ച അദ്ദേഹം വത്തിക്കാനിലേക്കു മടങ്ങി.