ചങ്ങനാശേരി: ചങ്ങനാശേരി രൂപതയുടെ മെത്രാനും ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ 94-ാം ചരമവാർഷികാചരണത്തിന് എത്തിയതു നൂറു കണക്കിനു വിശ്വാസികൾ.
കബറടങ്ങിയിരിക്കുന്ന ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങുകളിലേക്ക് രാവിലെ മുതൽ വിശ്വാസികൾ ഒഴുകിയെത്തി. രാവിലെ മുതൽ വൈകുന്നേരംവരെ തുടർച്ചയായി നടന്ന വിശുദ്ധ കുർബാനയിലും പ്രാർഥനാ ശുശ്രൂഷകളിലും ഉച്ചയ്ക്കു നടന്ന ശ്രാദ്ധസദ്യയിലും വൈദികരും സന്യാസിനികളും ഉൾപ്പെടെ പങ്കെടുത്തു.
രാവിലെ ആറിനു വിശുദ്ധ കുർബാനയ്ക്ക് സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ.രാജു കോയിപ്പള്ളി, ഫാ. തോമസ് പ്ലാപറന്പിൽ, ഫാ.സോണി പള്ളിച്ചിറ എന്നിവർ സഹകാർമികരായിരുന്നു. 7.30ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. വളരെ പ്രയാസകരമായ കാലഘട്ടത്തിൽ സാമൂഹിക തിന്മകൾക്കെതിരേ ശബ്ദമുയർത്തുകയും നവീകരണം നടപ്പാക്കുകയും ചെയ്ത പുണ്യശ്ലോകനായിരുന്നു മാർ കുര്യാളശേരിയെന്നു മാർ പെരുന്തോട്ടം ഉദ്ബോധിപ്പിച്ചു. ഫാ.കുര്യൻ പുത്തൻപുര, ഫാ.ജോസഫ് കൊല്ലാറ, ഫാ.ജോഷ്വാ തുണ്ടത്തിൽ എന്നിവർ സഹകാർമികരായിരുന്നു.
തുടർന്ന് സത്ന ബിഷപ് മാർ ജോസഫ് കൊടകല്ലിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഈശോയുടെ സ്നേഹം ലോകത്തിനു പകർന്നുനൽകാൻ പരിശ്രമിച്ച മാർ കുര്യാളശേരിയുടെ മാതൃക പ്രാവർത്തികമാക്കാൻ നമുക്കു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ഫാ.ജേക്കബ് വാരിക്കാട്ട്, ഫാ.ഫിലിപ്പ് വൈക്കത്തുകാരൻവീട്ടിൽ എന്നിവർ സഹകാർമികരായിരുന്നു. നേർച്ചഭക്ഷണ വെഞ്ചരിപ്പും മാർ കൊടകല്ലിൽ നിർവഹിച്ചു.
ഉച്ചയ്ക്കു സമൂഹബലിക്കു വികാരി ജനറാൾ മോണ്‍.തോമസ് പാടിയത്ത് മുഖ്യകാർമികനായിരുന്നു. ഫാ.തോമസ് തുന്പയിൽ, ഫാ.ആന്റണി കിഴക്കേവീട്ടിൽ, ഫാ.പീറ്റർ കിഴക്കയിൽ, ഫാ.സെബാസ്റ്റ്യൻ മണ്ണാംതുരുത്തിൽ, ഫാ.ജോസഫ് തൂന്പുങ്കൽ എന്നിവർ സഹകാർമികരായിരുന്നു. ഉച്ചകഴിഞ്ഞു ഫാ.ആന്റണി പോരൂക്കര വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ.ആന്റണി പനച്ചിങ്കൽ ആരാധന നയിച്ചു.
പോസ്റ്റുലേറ്റർ സിസ്റ്റർ തെരേസാ നടുപ്പടവിൽ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ ബഞ്ചമിൻ മേരി, വികാർ ജനറൽ സിസ്റ്റർ റോസിലി ഒഴുകയിൽ, ജനറൽ കൗണ്‍സിലർ സിസ്റ്റർ അനറ്റ് ചാലങ്ങാടി, ചങ്ങനാശേരി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോ.സിസ്റ്റർ മേഴ്സി നെടുന്പുറം, സത്ന പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ റോസ് തെരേസാസ് ജീരകത്തിൽ, സിസ്റ്റർ റോസ് അൽഫോൻസ് എന്നിവർ നേതൃത്വം നൽകി.