തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസർ സ്ഥിരീകരിക്കാത്ത രോഗിക്ക് കീമോ നൽകിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.
അതേസമയം, തെറ്റായ പരിശോധന റിപ്പോർട്ടിനെ തുടർന്ന് കാൻസർ ചികിത്സയ്ക്ക് വിധേയയായ രജനിയുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫോണിൽ സംസാരിച്ചു. തുടർചികിത്സ ആവശ്യമെങ്കിൽ സർക്കാർ സൗജന്യമായി നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനോടും സർക്കാർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.
പന്തളത്തിനടുത്ത് കുടശനാട് സ്വദേശിനിയായ യുവതിക്കാണ് കാൻസർ സ്ഥിരീകരിക്കാതെ മെഡിക്കൽ കോളജിൽ കീമോതെറാപ്പി നടത്തിയത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കീമോതെറാപ്പി.