തിരുവനന്തപുരം: ജനുവരി ഒന്നിലെ വനിതാ മതിലിനു ശേഷം സർക്കാർ മുൻകൈയെടുത്തു രൂപീകരിച്ച നവോത്ഥാന സമിതിയ്ക്കു മുന്നോട്ടു പോകാനാകത്തതു ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല ഇടതുപക്ഷത്തിന്റെ തോൽവിയുടെ കാരണങ്ങളിൽ ഒന്നായെന്നും അദ്ദേഹം സമ്മതിച്ചു.
ദൈവങ്ങളുടെ പേരുപറഞ്ഞു വോട്ടു പിടിക്കാൻ പാടില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞിരുന്നതാണ്. എന്നാൽ യുഡിഎഫും ബിജെപിയും വീടുവീടാന്തരം കയറിയിറങ്ങി വിശ്വാസ സംരക്ഷണമെന്ന പേരിൽ ശബരിമല വിഷയത്തെ ഉപയോഗിച്ചു. ഇതിനെ പ്രതിരോധിക്കുന്നതിലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സർക്കാർ നിലപാടു ജനങ്ങളോടു വ്യക്തമാക്കുന്നതിലും ഇടതുമുന്നണിയ്ക്കു വീഴ്ച സംഭവിച്ചൂവെന്നും സിപിഎം സംസ്ഥാന കമ്മിറ്റിക്കു ശേഷം കോടിയേരി പറഞ്ഞു.
ശബരിമല വിഷയത്തിൽ ഏതൊരു സർക്കാരിനും ഇങ്ങനെയൊരു നിലപാടേ സ്വീകരിക്കാനാകൂ. സുപ്രീംകോടതി വിധിയെത്തുടർന്നുള്ള സർക്കാർ നിലപാട് ശരിയായിരുന്നു. സിപിഎമ്മിന്റെയും നിലപാട് ഇതുതന്നെയായിരുന്നു. ചില സമുദായസംഘടനകൾ സർക്കാർ നിലപാടിനെതിരെ രംഗത്തുവന്നു. ഹിന്ദുത്വസംഘടനകളെ ഏകോപിപ്പിച്ചു സംസ്ഥാനത്തു വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ആർഎസ്എസ് ശ്രമിച്ചു. ഇതുമൂലം വിശ്വാസികളായ ഒരു വിഭാഗം ജനങ്ങൾ ഇടതുമുന്നണിയ്ക്കു വിരുദ്ധമായി വോട്ടു ചെയ്തെന്നും കോടിയേരി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ അക്രമരാഷ്ട്രീയം ശക്തമായി ചർച്ച ചെയ്യപ്പെട്ടു. സിപിഎമ്മാണു കൊലപാതക രാഷ്ട്രീയം നടത്തുന്നതെന്ന പ്രചാരണം ശക്തമായുണ്ടായിരുന്നു. ഈ പ്രചാരണത്തിനു ശക്തിപകരുന്നതായിരുന്നു തെരഞ്ഞെടുപ്പിനു തൊട്ടുമുന്പുണ്ടായ കൊലപാതകങ്ങൾ. ഇതു തെരഞ്ഞെടുപ്പിൽ ദോഷം ചെയ്തതായി പാർട്ടി സംസ്ഥാന സമിതി വിലയിരുത്തി. എസ്ഡിപിഐ പോലുള്ള മത തീവ്രവാദ സംഘടനകളുമായി ലീഗ് തെരഞ്ഞെടുപ്പിൽ ബന്ധമുണ്ടാക്കിയെന്നും കോടിയേരി കുറ്റപ്പെടുത്തി.