നോയിഡ: ഉത്തർപ്രദേശിലെ ഗ്രെയ്റ്റർ നോയിഡയിൽ സമാജ്വാദി പാർട്ടി നേതാവ് വെടിയേറ്റു മരിച്ചു. എസ്പി ദാദ്രി അസംബ്ലി മണ്ഡലം പ്രസിഡന്റ് രാംതേക് കട്ടാരിയ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വീടിനു സമീപം അജ്ഞാതരായ അക്രമികളുടെ വെടിയേറ്റാണ് മരണം.
ഉച്ചക്ക് 12.30 ന് ദാദ്രിയിലെ ജാർച്ചയിൽ കട്ടാരിയയുടെ വീടിനു സമീപമായിരുന്നു സംഭവം. കാറിലെത്തിയ അക്രമികൾ കട്ടാരിയക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അഞ്ച് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ തുളച്ചുകയറിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു.