ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സംയുക്ത പാർലമെന്ററി പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന് കെ.മുരളീധരൻ. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷനായി തുടരണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് 10.30-ന് പാര്‍ലമെന്റ് അനക്സില്‍ നടക്കാനിരിക്കെയാണ് പ്രതികരണം.
ഇന്ന് നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ പങ്കെടുക്കുമെന്നാണ് വിശ്വാസമെന്നും കെ.മുരളീധരൻ പറഞ്ഞു. ലോക്സഭാ കക്ഷി നേതാവിനെ നേതൃത്വം നാമനിർദേശം ചെയ്യുകയാണ് കീഴ്വഴക്കം. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്തിനൊപ്പം ലോക്സഭാ കക്ഷി നേതാവും ആകണമെന്നാണ് അഭിപ്രായമെന്ന് കെ.മുരളീധരൻ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷാണ് യോഗം വിളിച്ചത്. ശനിയാഴ്ചത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍നിന്ന് നിരാശനായി ഇറങ്ങിപ്പോയശേഷം രാഹുല്‍ ആദ്യമായാണ് പാര്‍ട്ടി നേതാക്കളെ ഒന്നിച്ചുകാണുന്നത്. രാജി തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് രാഹുലിനെ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രത്യേകം കാണുമെന്നാണ് സൂചന.