ന്യൂഡൽഹി: കോൺഗ്രസ് സംയുക്ത പാർലമെന്ററി പാർട്ടി അധ്യക്ഷയായി സോണിയാ ഗാന്ധി തുടരും. കോൺഗ്രസ് പാർലമെന്ററി പാർട്ടി(സിപിപി) യോഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് സോണിയയുടെ പേര് നിർദേശിച്ചത്. ലോക്സഭാ കക്ഷി നേതാവിനെയും പാര്‍ലമെന്റ് സെൻട്രൽ ഹാളിൽ ചേർന്ന യോഗം തെരഞ്ഞെടുക്കും.
കഴിഞ്ഞ തവണ ലോക്സഭാ കക്ഷി നേതാവായിരുന്ന മല്ലികാർജുന ഖാർഗെ ഇക്കുറി കർണാടകയിലെ ഗുൽബർഗയിൽ തോറ്റിരുന്നു. രാഹുൽ ഗാന്ധി ലോക്സഭാ കക്ഷി നേതാവായി വരണമെന്നാണ് കേരളത്തിലെ എംപിമാർ ഉൾപ്പടെ ആവശ്യം ഉന്നയിക്കുന്നത്. എംപിമാർ രാഹുൽ ഗാന്ധിയുടെ പേര് നിർദേശിച്ചിട്ടുണ്ട്. എന്നാൽ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ രാഹുലിന്റെ തീരുമാനം വന്നിട്ടില്ല.
സോണിയ ഗാന്ധിയാകും ലോക്സഭാ കക്ഷി നേതാവിനേയും രാജ്യസഭാ കക്ഷി നേതാവിനേയും തീരുമാനിക്കുക. നിലവിൽ രാജ്യസഭാ കക്ഷി നേതാവായ ഗുലാം നബി ആസാദിന്റെ പേര് വീണ്ടും നിർദേശിക്കുമോ എന്ന കാര്യം അറിവായിട്ടില്ല. ലോക്സഭാ, രാജ്യസഭാ ഉപനേതാക്കൾ, വിപ്പ് എന്നിവരെയും സോണിയയുടെ നേതൃത്വത്തിൽ യോഗത്തിൽ തെരഞ്ഞെടുക്കും.
അതസമയം, സോണിയയേയും രാഹുലിനെയും കേരളത്തിലെ എംപിമാർ കാണാനുള്ള സമയം തേടിയിട്ടുണ്ട്. രാജി തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് രാഹുലിനെ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രത്യേകം കാണുമെന്നാണ് റിപ്പോർട്ട്.