കോട്ടയം: ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററിയായ “ക്രിസോസ്റ്റം നൂറു വർഷങ്ങ’ളുടെ (100 years 0f Chrysostom) സംവിധായകനും നിർമാതാവുമായ ബ്ലെസിക്കു കോട്ടയത്തിന്റെ ആദരം.
ഗിന്നസ് റിക്കാർഡിൽ ഇടംപിടിച്ച 48 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി ഇന്ത്യയിലും വിദേശത്തുമായി രണ്ടു വർഷം കൊണ്ടാണ് നിർമിച്ചത്. ബിഷപ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ ജീവിത ഏടുകളെ കോർത്തിണക്കുന്ന ചിത്രത്തിൽ പ്രമുഖ വ്യക്തികളുടെ അനുഭവങ്ങളും ചേർത്തിട്ടുണ്ട്. ഇപ്കായ്, ആത്മ, ദർശന കൾച്ചറൽ സെന്റർ തുടങ്ങിയ സംഘടനകളാണു ചടങ്ങിന് നേതൃത്വം നൽകുന്നത്.
ജൂണ്‍ രണ്ടിനു കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 2.30നു നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. കെ.ആർ. നാരാണയൻ ഫിലിം ഇന്റിറ്റ്യൂട്ടിന്റെ ചെയർമാൻ കെ.വി. ഹരിഹരൻ മുഖ്യാതിഥിയായിരിക്കും.
ജോസ് കെ. മാണി എംപി, സുരേഷ് കുറുപ്പ് എംഎൽഎ, തോമസ് ചാഴികാടൻ എംപി, മുനിസിപ്പൽ ചെയർപേഴ്സൻ ഡോ. പി.ആർ. സോന, ജോഷി മാത്യു, കോട്ടയം നസീർ, ഗിന്നസ് പക്രു, എസ്. സുരേഷ് ബാബു, എൻ.എം. ഹംസ, സജി നന്ത്യാട്ട്, കെ. ഖാദർ, മാത്യു കണമല, അനീഷ് മോഹൻ, ആർട്ടിസ്റ്റ് സുജാതൻ, ബിനോയ് വേളൂർ, കെ.വി. താൻസണ്‍, ഫാ. ജെസ്റ്റിൻ കാളിയാനിക്കൽ, ജി. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ആത്മ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ക്രിസോസ്റ്റം ഡോക്യുമെന്ററിയുടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഹ്രസ്വരൂപവും പ്രദർശിപ്പിക്കും.