റവ.സി. ബഞ്ചമിൻ മേരി എസ് എ ബി എസ്
കേരള ക്രൈസ്തവ സമൂഹത്തിന്റെ നവീകരണം സാധ്യമാക്കി വിശ്വാസത്തിന് അനുസൃതമായ ഒരു സംസ്കാരത്തിന് അടിത്തറ പാകാൻ സമർപ്പണം ചെയ്ത ഒരു അജപാലകൻ ആണ് ധന്യൻ മാർ തോമസ് കുര്യാളശ്ശേരി പിതാവ്. ഈ വിശുദ്ധ ജീവിതം തുടക്കം കുറിച്ചത് 1873 ജനുവരി 14നാണ്.സ്വന്തം നാട്ടിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം റോമിൽ വൈദിക പഠനം നടത്തി. 1899 മെയ് 27- തിയതി റോമിലെ സെൻറ് ജോൺസ് ലാറ്ററിൻ ദേവാലയത്തിൽ വച്ച് കർദിനാൾ കസേന്ദ ഫ്രാൻ ചെസ്കോ ഡി പൗളാ തോമാച്ചന് വൈദികപട്ടം നൽകി.നാട്ടിൽ തിരിച്ചെത്തിയ ബഹു. തോമാച്ചനെ ചങ്ങനാശ്ശേരി സെൻറ് ബെർക്മാൻസ് ബോർഡിങ് വൈസ് റെകടർ ആയി നിയമിച്ചു. തുടർന്ന് ചേന്നങ്കരി, കാവാലം, എടത്വ, ചമ്പക്കുളം എന്നീ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 1911 ഡിസംബർ മൂന്നാം തീയതി ചങ്ങനാശ്ശേരി വികാരി അപ്പസ്തോലിക്കയും പെല്ലയുടെ മെത്രാനുമായി അദ്ദേഹം അഭിഷിക്തനായി. 1923 ചങ്ങനാശ്ശേരി വികാരിയാത്തിന് രൂപതാ പദവി ലഭിച്ചപ്പോൾ കുര്യാളശ്ശേരി പിതാവിന് ചങ്ങനാശേരിയുടെ പ്രഥമ മെത്രാൻ എന്ന സ്ഥാനം ലഭ്യമായി. ‘മിശിഹായിൽ എല്ലാം നവീകരിക്കുക’ എന്ന ആദർശവാക്യം സ്വീകരിച്ച പിതാവ്, ഇത് തന്റെ അജഗണങ്ങളുടെ ആധ്യാത്മികവും ഭൗതികവുമായ ജീവിതത്തിൽ അന്വർത്ഥമാക്കുകയാണ് അക്ഷീണം യത്നിച്ചു.
സഭാ ജീവിതത്തിലെ എല്ലാ വശങ്ങളിലേക്കും വെളിച്ചം വീശുകയും സഭയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ശക്തിസ്രോതസ്സായി വർത്തിക്കുകയും ചെയ്യുന്ന വിശുദ്ധ കുർബാനയുടെ അതുല്യ പ്രാധാന്യത്തെക്കുറിച്ചുള്ള പിതാവിന്റെ ബോധ്യവും അത് ഉളവാക്കിയ സത്ഫലങ്ങളും കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും. തന്റെ ബോധ്യത്തിന്റെ സാക്ഷാത്കാരവും തലമുറകളിലൂടെയുള്ള അതിന്റെ തുടർച്ചയും ഉറപ്പുവരുത്തുവാൻ വിശുദ്ധ കുർബാനയുടെ ആരാധന സന്യാസിനി സമൂഹത്തിന് അദ്ദേഹം രൂപം കൊടുത്തു (SABS). സ്ഥാപക പിതാവിലൂടെ ലഭിച്ച ദർശനവും സിദ്ധിയും അഭംഗുരം തുടർന്നു കൊണ്ടുപോകുവാൻ ഈ സമൂഹം ശ്രമിച്ചുവരുന്നു.
സമൂഹത്തിന്റെ അടിത്തറയായ കുടുംബം ഗാർഹിക സഭ ആണെന്ന ഉത്തമബോധ്യത്തോടെ പ്രാർത്ഥനയിലും വിശുദ്ധിയിലും അതിനെ വളർത്താൻ പിതാവ് അധ്വാനിച്ചു. ആദ്യമായി തന്നെ ശ്രദ്ധ തിരിച്ചത് കുടുംബങ്ങളിലേക്ക് ആണ്. കുടുംബം ദൈവിക പദ്ധതിയുടെ ഭാഗമാണ്. വളർന്നു പരിപൂർത്തി യിലേക്ക് എത്തേണ്ട ദൈവിരാജ്യത്തിന്റെ തന്മാത്രകളാണ് കുടുംബങ്ങൾ. അതുകൊണ്ട് തന്നെ കുടുംബങ്ങളുടെ നവീകരണം കാലഘട്ടത്തിൻറെ അനിവാര്യതയായിരിക്കുന്നു. സഭയും സമൂഹവും നന്നാകണമെങ്കിൽ കുടുംബത്തിൽ മാറ്റങ്ങൾ വരുന്ന തന്നെ വേണം. കുടുംബം വിശ്വാസ പരിശീലന കളരി ആണെന്നും യഥാർത്ഥ വിശ്വാസമാകുന്ന അടുത്തറിയിൽ പടുത്തുയർത്തപ്പെട്ടത് ആയിരിക്കണം ഓരോ കുടുംബമെനും മക്കളെ ആദ്യമായി വിശ്വാസം പഠിപ്പിക്കുന്നവരും വിശ്വാസം പ്രസംഗിക്കുന്നവരും മാതാപിതാക്കൾ ആയിരിക്കണമെന്നും മാതാപിതാക്കൾ സ്വന്തം ജീവിതവും മാതൃകയും കൊണ്ട് മക്കളുടെ ക്രിസ്തീയ ജീവിതത്തിന് അടിസ്ഥാനമെന്നും പിതാവ് ഉദ്ബോധിപ്പിച്ചു.
“മക്കൾ ദൈവത്താൽ മാതാപിതാക്കൾക്ക് ഏൽപ്പിച്ചു കൊടുക്കപ്പെട്ട പണയ വസ്തുക്കൾ ആകുന്നു എന്നു വിശ്വാസം നമ്മെ പഠിപ്പിക്കുന്നു” (PL28) മാതാപിതാക്കൾ പ്രത്യേകിച്ച് തള്ളമാർ തങ്ങളുടെ കൊച്ചുകുട്ടികളെ കുരിശുവര, കർത്താവിൻറെ ജപം, വിശ്വാസപ്രമാണം, ആദ്യ വേദപാഠങ്ങൾ ഒക്കെയും അനുഷ്ഠിക്കേണ്ട മുറകൾ എല്ലാം പഠിപ്പിക്കണം. കുട്ടികളുടെ വളർത്തൽ ദൈവത്താൽ മാതാപിതാക്കന്മാർക്ക് ഏൽപ്പിക്കപ്പെട്ട കുടുംബസംബന്ധമായ വിശുദ്ധ അപ്പസ്തോലിക വേലയാകുന്നു”(PL28)
കുടുംബങ്ങൾ നേരിടുന്ന വലിയ വെല്ലുവിളി വ്യക്തിബന്ധങ്ങളുടെ ഊഷ്മളതയും അയൽപക്ക ഒരുമയുടെ ദാർഢ്യവും കുടുംബ കൂട്ടായ്മയുടെ മാധുര്യവും കൈമോശം വന്നിരിക്കുന്നു എന്നതാണ്. കുടുംബഭദ്രതയുടെ സ്രോതസ്സും പ്രചോദനവുമാണ് കൂട്ടായ്മയുടെ ആദ്ധ്യാത്മികത. പിതാവിന്റെ വീക്ഷണത്തിൽ കുടുംബജീവിതക്കാരുടെ റോൾമോഡൽ തിരുക്കുടുംബം ആണ്. ഭാര്യാഭർത്താക്കന്മാർ ഏറ്റവും വിശ്വസ്തതയോടും സ്നേഹത്തോടും കൂടി ഒരുമിച്ച് ജീവിക്കണം എന്ന് പിതാവിനെ നിർബന്ധമുണ്ടായിരുന്നു. ഇടയ ലേഖനങ്ങളിലൂടെ ഇക്കാര്യം തന്റെ അജഗണങ്ങളെ കൂടെ കൂടെ ഓർമ്മിപ്പിച്ചിരുന്നു. “സ്വന്തം ഇടയനാൽ അംഗീകരിക്കപ്പെടുന്ന സംഗതികളിൽ ഒഴികെ മറ്റ് യാതൊരു കാരണവശാലും ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാരുടെ ഭവനങ്ങളിൽ നിന്നും മാറി താമസിക്കാൻ അനുവദിച്ചുകൂടാ ഇതിനു വിപരീതമായി പ്രവർത്തിക്കുന്ന മാതാപിതാക്കന്മാർക്കും ഭാര്യഭർത്താക്കന്മാർക്കും ഇങ്ങനെയുള്ള വേർപാടിനു കാരണക്കാർ ആവുകയോ സഹായകരാവുകയോ ചെയ്യുന്നവർക്കും നമ്മുടെ പ്രത്യേക അനുവാദം കൂടാതെ കൂദാശകൾ കൊടുത്തുകൂടാ, എന്ന് ബഹുമാനപ്പെട്ട വികാരിമാരും ശേഷം വൈദികരോട് നാം കർശനമായി കൽപ്പിക്കുന്നു” (PL4)
ജനങ്ങളുടെ ആത്മീയവും ലൗകികവുമായ ഉന്നമനത്തിനും സംസ്കാരത്തിനും വിദ്യാഭ്യാസത്തെപ്പോലെ ഉപകരിക്കുന്ന ഉപാധികൾ വേറെയില്ലെന്ന് പിതാവ് കണ്ടെത്തി. രൂപതയുടെ വിവിധ സ്ഥലങ്ങളിൽ ഇംഗ്ലീഷ് ,മലയാളം സ്കൂളുകൾ സ്ഥാപിക്കുകയും കുട്ടികൾക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന്റെ ആവശ്യകത വ്യക്തമാക്കി കൊടുക്കുകയും ചെയ്തു ചങ്ങനാശേരിയിൽ എസ് ബി കോളേജ്, വാഴപ്പള്ളിയിൽ ട്രെയിനിങ് സ്കൂൾ തുടങ്ങിയവ സ്ഥാപിച്ചതോടുകൂടി ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതകൾ ലഭ്യമായി. വിദ്യാഭ്യാസം കേവലം ലൗകികം ആയിട്ടുള്ളത് മാത്രമായിരുന്നാൽ അത് ആപത്കരം ആണെന്നും അതിനാൽ വിദ്യാഭ്യാസത്തിന്റെ ആരംഭത്തിൽതന്നെ ദൈവവിശ്വാസവും സന്മാർഗ നിഷ്ഠയും അത്യാവശ്യം പാലിക്കപ്പെടണം എന്നും പിതാവ് നിർദ്ദേശിച്ചു. മത പഠനത്തിനുള്ള പ്രാധാന്യവും മാതാപിതാക്കളെയും കുട്ടികളെയും ബോധ്യപ്പെടുത്തി. തന്റെ ഇടവക സന്ദർശന വേളകളിൽ മതബോധനം നടത്തുകയും കുട്ടികളെ വിളിച്ചുകൂട്ടി ചോദ്യങ്ങൾ ചോദിച്ചു സമ്മാനങ്ങൾ നൽകി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
കുടുംബ നവീകരണത്തിൽ ഭവന സന്ദർശനത്തിനുള്ള പ്രാധാന്യം മനസ്സിലാക്കി അതിനുള്ള പദ്ധതികൾ ഇടവക ഭരണം ആരംഭിച്ചപ്പോൾ തന്നെ തുടക്കം കുറിച്ചു. സ്വാധികാരാതിർത്തിയിൽ പെട്ട ഇടവകയിലെ ഓരോ വീടും സന്ദർശിച്ച് അവരുടെ ആദ്ധ്യാത്മികവും ലൗകികവും സാമ്പത്തികവുമായ സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കി. അസ്വസ്ഥത യുള്ള കുടുംബാംഗങ്ങളെ ഓരോരുത്തരെയും വിളിച്ച്കണ്ട് കാര്യങ്ങൾ അന്വേഷിച്ച് സമാധാനപ്പെടുത്തുക, ദുഃഖിതരെ ആശ്വസിപ്പിക്കുക, കലഹങ്ങൾ പരസ്പരം പറഞ്ഞു തീർക്കുവാൻ അവസരം നൽകുക, എന്നിവയെല്ലാം ഈ ഭവന സന്ദർശനത്തിലൂടെ സാധ്യമാക്കി. മദ്യപാനം, ദുർവ്യയം, വ്യവഹാരം, സ്ത്രീകളുടെ ആഡംബര പ്രിയം, ജാതിസ്പർദ്ധ, അശ്ലീല നാടകങ്ങൾ, തുടങ്ങിയ സാമൂഹിക തിന്മകൾ കുടുംബത്തിനും സമൂഹത്തിനും വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങൾ ഏവയെന്ന് ഇടയ ലേഖനത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.
മക്കളിൽ ആരെയെങ്കിലും വൈദികാന്തസ്സിലേക്കോ ഇതര സമർപ്പിത ജീവിതത്തിലേക്കോ ദൈവം വിളിക്കുന്നുണ്ടങ്കിൽ നന്ദിപൂർവ്വം അത് സ്വീകരിച്ച് പൂർണ വിശ്വസ്തതയോടെ സ്വയം സമർപ്പിക്കാൻ അവരെ സഹായിക്കണം എന്ന് മാതാപിതാക്കളോട് ആഹ്വാനം ചെയ്തു “അന്തസ് തെരഞ്ഞെടുക്കുന്ന കാര്യത്തിൽ മക്കൾക്ക് പൂർണസ്വാതന്ത്ര്യം കൊടുക്കുന്നത് മാതാപിതാക്കളുടെ കടമയാണ്” (PL51) ദൈവവിളി ലഭിക്കുന്നത് കുടുംബത്തെയും ദൈവം നൽകുന്ന വലിയൊരു ദാനമായി കരുതണമെന്ന് മാതാപിതാക്കളെ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
എല്ലാറ്റിനെയും വിവേചിക്കാൻ സാധിക്കുന്ന ധാർമിക മനസ്സാക്ഷിയാണ് ഇന്ന് ഉയർത്തപ്പെടേണ്ടത്. ഒരൊറ്റ വ്യക്തിയിലും കുടുംബത്തിലും ഉണ്ടാകുന്ന സ്ഥായിയായ പരിവർത്തനം സമൂഹത്തിന്റെ സ്ഥായിഭാവം ആയിത്തീരും. അതിനുള്ള ധാർമിക ശക്തിവിശേഷം കുടുംബത്തിൽ നിന്ന് തന്നെ ഉറവചാൽ എടുക്കേണ്ടതാണ്. സഭയിൽ നവീകരണത്തിന് ആവശ്യമായ മാനസിക പരിവർത്തനം സൃഷ്ടിക്കുന്ന ഒരു വേദിയാക്കി കുടുംബത്തെ പ്രതിഷ്ഠിക്കുന്നതിന് കുര്യാളശേരി പിതാവിനു സാധിച്ചു.