ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത വികാരി ജനറാളും അഡ്മിനിസ്ട്രേറ്ററുമായിരുന്ന മോൺ. ലൂക്ക് ജെ. ചിറ്റൂരിന്റെ നാല്പതാം ചരമവാർഷികാചരണം ജൂൺ മൂന്നിന് അദ്ദേഹത്തിന്റെ മാതൃ ഇടവകയായ കുമരകം നവനസ്രത്ത് പള്ളിയിൽ നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് ദേവാലയത്തിലും കബറിടത്തിലും നടത്തുന്ന ശുശ്രൂഷകൾക്ക് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, ചങ്ങനാശേരി സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവർ നേതൃത്വം നൽകും.
കാഞ്ഞിരപ്പള്ളിയും തക്കലയും ഉൾപ്പെടുന്ന അവിഭക്ത ചങ്ങനാശേരി അതിരൂപതയിൽ ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ വികാരി ജനറാൾ എന്ന നിലയിൽ സ്തുത്യർഹമായ ശുശ്രൂഷയാണ് ചിറ്റൂരച്ചൻ ചെയ്തുകൊണ്ടിരുന്നത്. അജപാലന പ്രവർത്തനങ്ങളോടൊപ്പം വിദ്യാഭ്യാസ, സാമൂഹിക, സാമുദായിക തലങ്ങളിലും സഭൈക്യ പ്രവർത്തനങ്ങളിലും മഹത്തായ സേവനം കാഴ്ചവച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. 1961-ൽ ഡൊമസ്റ്റിക് പ്രിലേറ്റ് പദവി നല്കി സഭ ആദരിച്ചു.