കൊച്ചി: മികവിനുള്ള വിദ്യാഭ്യാസത്തിന് എന്ന പേരിൽ ഖാദർ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേവലം ഘടനാപരമായ മാറ്റത്തിൽ മാത്രം ഊന്നൽനൽകിയുള്ള ഹയർ സെക്കൻഡറി ഏകീകരണ തീരുമാനം പുനഃപരിശോധിക്കണമെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷൻ.
അശാസ്ത്രീയവും വൈരുദ്ധ്യാത്മകവുമായ നിഗമനങ്ങളും നിർദേശങ്ങളും ഉൾക്കൊള്ളുന്ന ഈ റിപ്പോർട്ട് ഗുണമേന്മയേക്കാൾ ഇന്നു നന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പൊതുവിദ്യാഭ്യാസത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂ.
വളരെ വിപുലവും വിശദവുമായ ചർച്ചകളും പഠനവും നടത്തി ഇന്ത്യയിലാകമാനം നടപ്പാക്കിയ കോത്താരി കമ്മീഷന്റെ നിർദേശങ്ങളാണ് ഈ റിപ്പോർട്ടിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഈ വിദഗ്ധസമിതി എന്തു മാർഗത്തിലൂടെയാണ് ഈ ശിപാർശകളിലേക്ക് എത്തിച്ചേർന്നതെന്ന് അറിയാനുള്ള കേരള ജനതയുടെ ജനാധിപത്യപരമായ അവകാശത്തെ അവഗണിച്ച് ഇതുസംബന്ധമായ പൊതുചർച്ചകളോ ആലോചനകളോ നടത്താൻ സർക്കാർ തയാറാകാത്തതിന്റെ പശ്ചാത്തലം നിഗൂഢമാണ്. വ്യത്യസ്ത പ്രായപരിധിയിൽ പെട്ടവരെ ഒരു യൂണിറ്റായി പരിഗണിക്കാനും ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പലാക്കാനും ഭൗതികസൗകര്യങ്ങൾ പങ്കുവയ്ക്കാനുമുള്ള നിർദേശങ്ങൾ തികച്ചും അപ്രായോഗികവും അശാസ്ത്രീയവുമാണ്.