തിരുവനന്തപുരം: കെവിൻ വധക്കേസിൽ ആരോപണ വിധേയനായ ഗാന്ധിനഗർ എസ്ഐ എം.എസ്.ഷിബുവിനെതിരെ വകുപ്പുതല നടപടി. സംസ്ഥാനത്തെ ഏറ്റവും ജൂനിയറായ എസ്ഐയായി ഷിബുവിനെ തരംതാഴ്ത്തി. ഇടുക്കിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. കഴിഞ്ഞ ദിവസം ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തിരുന്നു. ഇതിനെതിരെ ശക്തമായ വിമർശം ഉയർന്നതോടെയാണ് നടപടി.
എറണാകുളം റെയ്ഞ്ച് ഐജി വിജയ് സാക്കറെയാണ് ഷിബുവിനെതിരെ വകുപ്പുതല നടപടിക്ക് ഉത്തരവിട്ടത്. എന്നാൽ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്ത നടപടി അറിഞ്ഞിട്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കോട്ടയം എസ്പിയോട് വിവരങ്ങൾ തിരക്കിയ ശേഷം പ്രതികരിക്കാമെന്നും ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു.
കെവിൻ വധക്കേസിൽ സസ്പെൻഷനിലായിരുന്ന എം.എസ്.ഷിബുവിനെ ഔദ്യോഗിക കൃത്യവിലോപത്തിന് പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിനു ശേഷമാണ് സർവീസിൽ തിരിച്ചെടുത്തത്. ഐജി വിജയ് സാഖറെയ്ക്കു നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഷിബുവിനെ തിരിച്ചെടുക്കാൻ തീരുമാനിക്കുകയാ യിരുന്നു.
കേസുമായി ബന്ധപ്പെട്ട് എഎസ്ഐ ടി.എം. ബിജുവിനെ സർവീസിൽനിന്നും പിരിച്ചുവിട്ടിരുന്നു. സിപിഒ എം.എന്‍. അജയകുമാറിന്റെ ശമ്പളവർധന തടയുകയും സ്ഥലംമാറ്റുകയും ചെയ്തു. ഷിബുവിനെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഇതിനു നൽകിയ മറുപടി അംഗീകരിച്ചാണ് ഷിബുവിനെ സർവീസിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചത്.
കെവിന്റെ മരണത്തിന് കാരണമായത് അന്വേഷണത്തില്‍ എസ്ഐ ഷിബു വരുത്തിയ ഗുരുതര വീഴ്ചയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. പുലര്‍ച്ചെ വീട് ആക്രമിച്ച് കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാനോ അന്വേഷിക്കാനോ ഷിബു തയാറായില്ല. കെവിന്റെ ഭാര്യ നീനുവും പിതാവും സ്റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും അവഗണിച്ചു.
അക്രമിസംഘം വിട്ടയച്ച അനീഷിന്റെ മൊഴിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം വൈകിപ്പിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷചുമതലയുണ്ടെന്ന കാരണം പറഞ്ഞായിരുന്നു അന്വേഷണം വൈകിപ്പിച്ചത്. കേസിലെ മുഖ്യപ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് എഎസ്ഐ ടി.എം.ബിജു, സിപിഒ എം.എന്‍. അജയകുമാര്‍ എന്നിവര്‍ക്കെതിരായ നടപടിക്ക് കാരണം.