മുംബൈ: ജാതീയമായി അധിക്ഷേപിച്ചതിൽ മനംനൊന്ത് ജൂണിയർ ഡോക്ടറായ യുവതി മരിക്കാനിടയായ സംഭവത്തിൽ സഹപ്രവർത്തകരായ രണ്ടു ഡോക്ടർമാർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ മൂന്നു പേർ അറസ്റ്റിലായി. മുംബൈ സർക്കാർ ആശുപത്രിയിലെ ജൂണിയർ ഡോക്ടറായ പായൽ തദ്വി (26) ആണ് ജീവനൊടുക്കിയത്. ഈ മാസം 22 ന് ആയിരുന്നു പായൽ ജീവനൊടുക്കിയത്. പായലിന്റെ റൂമേറ്റുകളും സഹപ്രവർത്തകരുമായ ഡോ. ഭക്തി മെഹർ, ഡോ. ഹേമ അഹൂജ, ഡോ. അങ്കിത ഖണ്ഡേൽവാൾ എന്നിവരാണ് അറസ്റ്റിലായത്. പായലിന്റെ അമ്മ അബേദ താഡ്വി നൽകിയ പരാതിയിലാണ് അറസ്റ്റ്.
ചൊവ്വാഴ്ച പായലിന്റെ മാതാപിതാക്കളും ഭർത്താവ് സൽമാനും ആശുപത്രിക്കുമുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇവർക്ക് ഐക്യദാർഢ്യവുമായി ജൂ ണിയർ ഡോക്ടർമാരും എത്തിയതോടെ പ്രതിഷേധം കനത്തു. വഞ്ചിത് ബഹുജൻ അഘാദിയും മറ്റു ദളിത് സംഘടനകളും ആശുപത്രിക്കു മുമ്പിൽ പ്രതിഷേധിച്ചു. ഇതോടെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ തയാറായത്.
വാട്സ്ആപ്പിൽ മൂന്നു പ്രതികളും പായലിനെ നിരന്തരം അധിക്ഷേപിക്കുമായിരുന്നെന്ന് സൽമാൻ പറഞ്ഞു. തന്റെ ഭാര്യ ആദിവാസി വിഭാഗത്തിലുള്ള ആളായതിനാലാണ് ഇവർ ആക്ഷേപിച്ചിരുന്നത്. പ്രതികൾ മൂന്നു പേരും ഹോസ്റ്റലിൽ പായലിന്റെ കിടക്കവിരിയിലാണ് കാൽ തുടച്ചുകൊണ്ടിരുന്നത്. പായലിനെ അവർ പഠിക്കാനും സമ്മതിച്ചിരുന്നില്ല. പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്നു സൽമാൻ ആവശ്യപ്പെട്ടു. പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. മൂന്നു വനിതാ ഡോക്ടർമാരും ചേർന്ന് പായലിനെ കൊലപ്പെടുത്തുകയായിരുന്നെന്നും സൽമാൻ പറഞ്ഞു.
സീനിയർ ഡോക്ടർമാർക്കെതിരെ പരാതി നൽകരുതെന്ന് പായൽ യാചിച്ചിരുന്നു. കാരണം പരാതി നൽകിയാൽ അത് തന്റെ തൊഴിലിനെ ബാധിക്കുമെന്നായിരുന്നു പായൽ കരുതി- അബേദ പറഞ്ഞു. നിസാരകാര്യങ്ങൾക്കുവരെ പായലിനെ ഡോക്ടർമാർ അധിക്ഷേപിച്ചിരുന്നു. രോഗികളുടെ മുന്നിൽവച്ച് ഫയലുകൾ പായലിന്റെ മുഖത്തിനു നേർക്ക് വലിച്ചെറിഞ്ഞിരുന്നതായും അബേദ പറഞ്ഞു.
റാഗിംഗിനിടെ അധിക്ഷേപിച്ചുവെന്നും ഇതിൽ തദ്വി മാനസികമായി തകർന്നിരുന്നുവെന്നും ജൂണിയർ ഡോക്ടർമാർ മൊഴി നല്കിയിട്ടുണ്ട്. നീതി കിട്ടുന്നതു വരെ പോരാടുമെന്ന് ഭീം ആർമി ചീഫ് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. മൂന്നു ഡോക്ടർമാരെയും ഡോക്ടർമാരുടെ സംഘടന സസ്പെൻഡ് ചെയ്തിരുന്നു.