ഹായം നല്കല്‍ മാത്രമല്ല, പാവങ്ങളില്‍ ദൈവത്തെ കണ്ടെത്തുന്ന ജീവിതാനുഭവമാണ് ഉപവിപ്രവൃത്തി.” രാജ്യാന്തര ഉപവി പ്രസ്ഥാനം, “കാരിത്താസി”നോട് (Caritas International) പാപ്പാ ഫ്രാന്‍സിസ്.

സഭാദൗത്യത്തില്‍ പങ്കുചേരുന്ന “കാരിത്താസ്”
മെയ് 27- Ɔ൦ തിയതി തിങ്കളാഴ്ച രാവിലെ കാരിത്താസ് കുടുംബത്തിലെ 400-ല്‍ അധികം അംഗങ്ങളുമായി വത്തിക്കാനിലെ ക്ലെമന്‍റൈന്‍ ഹാളിലാണ് പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്. 21-Ɔο പൊതുസമ്മേളനത്തിന്‍റെ ആരംഭം അവസരമാക്കിയാണ് ഈ കുടിക്കാഴ്ച നടന്നത്. പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ പ്രസിഡന്‍റും മനില അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ആന്‍റെണി ലൂയി താഗ്ലെ കൂടിക്കാഴ്ചയില്‍ പാപ്പായ്ക്കൊപ്പം സന്നിഹിതനായിരുന്നു.
സഭയുടെ ഉപവി പ്രസ്ഥാനമായ “കാരിത്താസ്” സ്വാഭവത്തില്‍ത്തന്നെ സഭയുടെ ദൗത്യത്തിന്‍റെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്. അതിനാല്‍ സഭാദൗത്യത്തിന്‍റെ സൂത്രവാക്യങ്ങളെന്നു പാപ്പാ വിശേഷിപ്പിച്ച ഉപവി, സമഗ്രവികസനം, കൂട്ടായ്മ എന്നീ മൂന്നു വാക്കുകളെ കേന്ദ്രീകരിച്ചായിരുന്നു പ്രഭാഷണം.

1. സഭാദൗത്യം യാഥാര്‍ത്ഥ്യമാക്കുന്ന ഉപവിപ്രവൃത്തികള്‍
സഭയുടെ ദൗത്യം യാഥാര്‍ത്ഥ്യമാക്കാനുള്ള മാര്‍ഗ്ഗമാണ് ഉപവി. മനസ്സാക്ഷിയെ നിശബ്ദമാക്കാന്‍ ചെയ്യുന്ന നിര്‍ജ്ജീവവും ഉപരിപ്ലവവുമായ പ്രകടനമോ, നല്കുന്ന കാണിക്കയോ അല്ല ഉപവി. ദൈവികസ്വഭാവത്തില്‍ വേരൂന്നിയ പ്രവൃത്തിയാണത് (യോഹ. 4, 8). സകല മനുഷ്യര്‍ക്കും, വിശിഷ്യാ തന്‍റെ ഹൃദയത്തില്‍ സവിശേഷ സ്ഥാനമുള്ള പാവങ്ങളായവര്‍ക്കും വേദനിക്കുന്നവര്‍ക്കും ദൈവത്തില്‍നിന്നു ലഭിക്കുന്ന ആശ്ലേഷമാണ് ഉപവിപ്രവൃത്തി. ഉപവി പ്രവൃത്തിയെ വെറും സേവനമായി കാണുകയാണെങ്കില്‍, സഭ ഒരു മാനുഷിക പ്രസ്ഥാനമായി പരിണമിക്കും, അല്ലെങ്കില്‍ കാര്യക്ഷമതയുടെ ഒരു പ്രവൃത്തിസ്ഥാനമോ, ഏജന്‍സിയോയായി സഭ മാറും. എന്നാല്‍ സഭ ഇതൊന്നുമല്ല, മറിച്ച് മാനവികതയ്ക്കും, പൊതുഭവനമായ ഭൂമിക്കും ക്രിസ്തുവില്‍ ദൈവസ്നേഹത്തിന്‍റെ അടയാളവും ഉപകാരവുമാവുന്നതാണ് സഭയും, സഭയുടെ ഉപവിപ്രവൃത്തിയും.

2. സഭയിന്ന് ലക്ഷ്യംവയ്ക്കുന്ന സമഗ്രവികസനം
ഉപവിയെ പരസഹായത്തിന്‍റെ പ്രവൃത്തി മാത്രമായി ചുരുക്കാനാവില്ല. മറിച്ച് മനുഷ്യവ്യക്തിയെ വിശിഷ്യാ പാവങ്ങളെ ദൈവപുത്രരായി കണ്ടുകൊണ്ട്, അവരുടെ സമഗ്രപുരോഗതിക്കായി പ്രവര്‍ത്തിക്കുന്നതാണ് ഉപവിപ്രവൃത്തി. ദൈവികപ്രതിച്ഛായയും ക്രിസ്തുവിന്‍റെ മുഖച്ഛായയും ഒളിഞ്ഞിരിക്കുന്ന വ്യക്തികളാണ് പാവങ്ങളും വേദനിക്കുന്നവരും. അവര്‍ ക്രിസ്തുവിന്‍റെ മുറിപ്പാടുള്ള മനുഷ്യശരീരം തന്നെയാണ്. അമ്മയാകുന്ന മാതൃസഭയുടെ വാത്സല്യവും കാരുണ്യവുമായി അവരുടെ പക്കല്‍, അത് നഗരപ്രാന്തത്തിലോ, ചേരിയിലോ ഗ്രാമത്തിലോ, എവിടെയായാലും എത്തിച്ചേരുന്നതാണ് ഉപവി. അതിനാല്‍ എല്ലാമനുഷ്യരുടെയും പുരോഗതിയാണ് നാം ലക്ഷ്യംവയ്ക്കുന്നത്. അങ്ങനെ നിസംഗതയുടെയും വലിച്ചെറിയലിന്‍റെയും നവമായ സംസ്കാരത്തിന് വിരുദ്ധമായി മാനവികതയുടെ സമഗ്രവികസനം ഉന്നംവയ്ക്കുന്നതാണ് ഉപവിപ്രവൃത്തി. അതിനാല്‍ ആത്മീയ ജീവിതത്തിലും മതപരമായ പ്രവര്‍ത്തനങ്ങളിലും കൂദാശകളുടെ പരികര്‍മ്മത്തിലും പാവങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പ്രത്യേക തിരഞ്ഞെടുപ്പ് ഉപവിപ്രവര്‍ത്തനങ്ങളില്‍ അനിവാര്യമാണ്.

3. സഭയുടെ സത്തയായ കൂട്ടായ്മ
കൂട്ടായ്മ സഭയുടെ സത്തയാണെങ്കില്‍, ദൈവപുത്രനായ ക്രിസ്തുവില്‍നിന്നാണ് സഭയുടെ കൂട്ടായ്മ വളരേണ്ടത്. കാരണം സഭ പ്രഘോഷിക്കുന്നത് ത്രിത്വൈക ദൈവത്തിലുള്ള ഒരു കൂട്ടായ്മയാണ് (1യോഹ. 1, 3). ഉപവിപ്രവര്‍ത്തനങ്ങള്‍ക്ക് ആധാരമാകേണ്ടതും പിന്‍തുണയാകേണ്ടതും, അതിനാല്‍ ക്രിസ്തുവിലും സഭയിലുമുള്ള കൂട്ടായ്മയാണ്. അങ്ങനെ ഉപവിപ്രവൃത്തിയില്‍ അധിഷ്ഠിതമായ ശുശ്രൂഷ (Diakonia) സഭാജീവന്‍റെ ദൃശ്യരൂപവും പ്രകടമായ അടയാളവുമായി മാറുന്നു. പാവങ്ങള്‍ ഒരു വലിയ കൂട്ടവും എണ്ണവുമല്ല, അവര്‍ മനുഷ്യരും വ്യക്തികളുമാണ്. അതിനാല്‍ പാവങ്ങളുടെ പരിചരണം പങ്കുവയ്ക്കലാണ്. പാവങ്ങള്‍ അര്‍ഹിക്കുന്നതും, സഹായകവുമാകുന്ന യഥാര്‍ത്ഥ സഹായം അവര്‍ക്ക് കിട്ടുന്നില്ലെങ്കില്‍ അത് വ്യാജമായ ഉപവിപ്രവൃത്തിയായിരിക്കും. അതിനാല്‍ ഉപവിപ്രവൃത്തിയില്‍ നമ്മുടെ മുഴുഹൃദയവും മുഴുവ്യക്തിത്വവും ഉള്‍ച്ചേരുന്നില്ലെങ്കില്‍ അത് വ്യാജമായിരിക്കും. അതിനാല്‍ ഉപവിപ്രവൃത്തിയെ മാനവിക കാര്യക്ഷ്യമതയും, ആസൂത്രണശക്തിയും എപ്പോഴും പ്രവര്‍ത്തനങ്ങളാല്‍ പതഞ്ഞുപൊങ്ങുന്നൊരു പ്രവര്‍ത്തന കേന്ദ്രമായി കാണരുത്.

ഉപസംഹാരം : ദൈവത്തോടു അടുപ്പിക്കുന്ന പുണ്യം
ഉപവി, സ്നേഹം നമ്മെ ദൈവത്തോട് അടുപ്പിക്കുന്ന പുണ്യമാണ്. ദൈവത്തെ അനുകരിക്കാന്‍ നമ്മെ സഹായിക്കുന്ന പുണ്യവും അതുതന്നെയാണ്. അതിനാല്‍ ഉപവിപ്രവര്‍ത്തനങ്ങളെ കച്ചവടമാക്കി മാറ്റുകയും, അതിന്‍റെ പേരില്‍ സുഖലോലുപതയില്‍ ജീവിക്കുകയും, അങ്ങനെ ഉപവിപ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരും കാര്യക്ഷമതയുടെ കാര്‍ക്കശ്യക്കാരുമായി മാറുകയും ചെയ്യുന്നത് തെറ്റാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അതുപോലെ ഉപവി ഒരു ഭക്തിയുടെ അനുഭവവുമല്ല, മറിച്ച് അത് ക്രിസ്തുവില്‍ അനുഭവേദ്യമാകേണ്ട കൂടിക്കാഴ്ചയും നേര്‍ക്കാഴ്ചയുമാണ്. അത് ഒരു ദൈവികഹൃദയത്തിന്‍റെ ഉള്‍ക്കൊള്ളലാണ്. ദൈവത്തെത്തന്നെ പാവങ്ങളില്‍ കണ്ടെത്തുന്നതാണ് (മത്തായി 25, 31-46).