ടൊറന്റോ: ആഗോളസഭയുടെ ഭൂപടത്തിലേക്ക് മിസിസാഗയും, അജപാലകരുടെ മഹനീയഗണത്തിലേക്ക് മാർ ജോസ് കല്ലുവേലിലും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡയിലെ വിവിധ പ്രദേശങ്ങളിലായി ചിതറിക്കിടക്കുന്ന സീറോ മലബാർ വിശ്വാസിസമൂഹം ഇനി മിസിസാഗ രൂപതയുടെ കുടക്കീഴിൽ. സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് രൂപതയുടെ ഉദ്ഘാടനത്തിനും പ്രഥമ മെത്രാൻ മാർ ജോസ് കല്ലുവേലിലിന്റെ സ്ഥാനാരോഹണത്തിനും മുഖ്യകാർമികത്വം വഹിച്ചത്. ഭാരതത്തിനു പുറത്ത് സീറോ മലബാർ സഭയുടെ നാലാമത്തെ രൂപതയാണിത്.
പുതിയ രൂപതയെ നയിക്കാൻ നിയുക്തനായത് നല്ലിടയനാണെന്നതിൽ ഓരോരുത്തർക്കും അഭിമാനിക്കാമെന്ന മേജർ ആർച്ച്ബിഷപ്പിന്റെ പ്രഖ്യാപനത്തെ സെന്റ് അൽഫോൻസ കത്തീഡ്രലിൽ പ്രാർഥനാപൂർവം പങ്കാളികളായ വിശ്വാസികൾ കരഘോഷത്തോടെയാണ് വരവേറ്റത്. നല്ലിടയ·ാർ മുൻവാതിലിൽക്കൂടിയാകും പ്രവേശിക്കുകയെന്ന് അഭിപ്രായപ്പെട്ട മാർ ജോർജ് ആലഞ്ചേരി, സഭയിലും ചെമ്മരിയാടുകളും കോലാടുകളുമുണ്ടെന്നും ചൂണ്ടിക്കാട്ടി. ചെമ്മരിയാടുകൾ ഇടയന്റെ വഴിയെ നടക്കുന്പോൾ കോലാടുകൾക്ക് പിന്നാലെ പോകേണ്ട ഉത്തരവാദിത്തംകൂടി ഇടയ·ാർക്കുണ്ട്; അത് കേരളത്തിലായാലും കാനഡയിലായാലും. നല്ലിടയ·ാർ അജഗണത്തെ സംരക്ഷിക്കുന്നതിനായി മുൻവാതിലിലാകും നിലയുറപ്പിക്കുക. പിൻവാതിലിൽക്കൂടി വരുന്നവരാകട്ടെ, സ്വയരക്ഷയാകും നോക്കുക. അജപാലകരും ആത്മീയശുശ്രൂഷകരും യേശുക്രിസ്തുവിന്റെ മാതൃകയാകണം പിന്തുടരേണ്ടത്. പാവങ്ങളുടെ കണ്ണീരൊപ്പുന്ന കാരുണ്യപ്രവൃത്തികളിലും അടിച്ചമർത്തപ്പെട്ടവന്റെ മോചനത്തിനുമെല്ലാമാകണം മുൻഗണന. ക്രിസ്തുവിനെപ്പോലെ സഹനത്തിന്റെ ജീവിതത്തിനായാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഓർമിപ്പിച്ചു.