ചിറ്റൂർ: മരുമകൾ തയറാക്കിയ മട്ടൻ കറിയെച്ചൊല്ലിയുണ്ടായ വാക്കേറ്റം പിതാവിന്റെ കൊലപാതകത്തിൽ കലാശിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. മരുമകൾ പാചകം ചെയ്ത മട്ടൻകറി മോശമായെന്ന് ചൂണ്ടിക്കാട്ടി കലഹിച്ച ചെല്ല ഗുരപ്പ (65) യാണ് മകൻ ചെല്ല വെങ്കട രാമുഡുവിന്റെ മർദ്ദനത്തിൽ മരിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് വി കോട്ട മണ്ഡലിലാണ് സംഭവമുണ്ടായത്. മരുമകൾ ഉണ്ടാക്കിയ മട്ടൻകറിക്ക് രുചി പോരെന്നും പറഞ്ഞ് ഗുരുപ്പ അവർക്കു നേരെ പാത്രം എറിയുകയായിരുന്നു. പിതാവിന്റെ പ്രവൃത്തി ക്ഷമിക്കാൻ കഴിയാതിരുന്ന മകൻ വെങ്കട ഗുരുപ്പയുമായി വഴക്കിട്ടു. വാക്കേറ്റത്തിനൊടുവിൽ വെങ്കട ഗുരുപ്പയെ മർദിക്കുകയും തല ഭിത്തിയിൽ ചേർത്ത് അടിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഗുരുപ്പ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു. ഗുരപ്പയുടെ കുടുംബത്തെ കസ്റ്റഡിയിലെടുത്ത പോലീസ് ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.