നല്ലിടയന്റെ ദൗത്യങ്ങൾ ഓർമിപ്പിച്ച് മേജർ ആർച്ച്ബിഷപ്പ്
മിസിസാഗ ഇനി രൂപത; കാനഡയിലെ സീറോ മലബാർ സഭയ്ക്ക് ചരിത്രനിമിഷമെന്ന് മാർ ആലഞ്ചേരി
മിസിസാഗ: എക്‌സാർക്കേറ്റായിരുന്ന മിസിസാഗാ രൂപതയായി ഉയർത്തപ്പെട്ടപ്പോൾ കാനഡയിലെ സീറോ മലബാർ സഭയ്ക്ക് ലഭിച്ചത് ചരിത്രപ്പിറവിയെന്ന് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. രൂപതയുടെ അധ്യക്ഷനായി സ്ഥാനമേറ്റ ബിഷപ്പ് മാർ ജോസ് കല്ലുവേലിലിനെ അഭിനന്ദിച്ചും കാനഡയിലെ സീറോ മലബാർ സമൂഹത്തിന്റെ വളർച്ചയ്ക്ക് പിന്തുണ നൽകിയ ഇംഗ്ലീഷ് സഭയ്ക്ക് നന്ദി അർപ്പിച്ചും ദിവ്യബലിമധ്യേ പങ്കുവെച്ച സന്ദേശത്തിൽ, നല്ലിടയന്റെ ദൗത്യങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളായിരുന്നു മുഖ്യം.
‘ഉള്ളതിനെ സംരക്ഷിക്കാനോ സേവനം ചെയ്യാനോ അല്ല മറിച്ച്, നഷ്ടപ്പെടുന്നവയെ കണ്ടെത്താനും അതിനെ സംരക്ഷിക്കാനുമാണ് നല്ല ഇടയൻ എപ്പോഴും ശ്രമിക്കുന്നത്. നിങ്ങളുടെ സേവനങ്ങൾ നിങ്ങളെ തന്നെയോ മറ്റാരെയോ പ്രീതിപ്പെടുത്താനാകരുത്. മറിച്ച്, അത് നന്മയായ തമ്പുരാനുവേണ്ടി മാത്രമായിരിക്കട്ടെ. സ്‌നേഹമില്ലാത്ത നേതൃത്വം പൂർണമല്ല,’ ദിവ്യബലിമധ്യേ വായിച്ച നല്ലിടയന്റെ സുവിശേഷഭാഗം പരാമർശിച്ച് മാർ ആലഞ്ചേരി ഉദ്‌ബോധിപ്പിച്ചു.
നല്ല ഇടയിൻ സ്വജീവൻ ആടുകൾക്കുവേണ്ടി സമർപ്പിക്കും. ഈശോ തന്നെയാണ് സഭയിലെ കത്തോലിക്ക ഇടയന്മാരുടെ മാതൃക. നമ്മുടെ ആടുകൾ സുരക്ഷിതരാണെന്ന് ആട്ടിടയൻ ഉറപ്പുവരുത്തണം. നല്ല ഇടയൻ മുൻവാതിലിലൂടെ പ്രവേശിക്കും. അതുപോലെ മിസിസാഗയ്ക്കും ഒരു നല്ല ഇടയനെ ലഭിച്ചിരിക്കുകയാണ്. ഒരു നല്ല ഇടയൻ എന്ന നിലയ്ക്ക് ബിഷപ്പ് ജോസ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. കാനഡയിൽ സീറോ മലബാർ സമൂഹം വളരുന്നതിനും അദ്ദേഹം ആത്മാർഥമായി പരിശ്രമിച്ചിട്ടുണ്ട്.
ഇടവകകളും മിഷൻ കേന്ദ്രങ്ങളും ഉൾപ്പെടെ 52 സേവന മേഖലകളാണ് കാനഡയിലെ സീറോ മലബാർ സഭയ്ക്കുള്ളത്. കാനഡയിലെ സീറോ മലബാർ സമൂഹത്തിന് തനത് ആരാധനക്രമത്തിൽ വളരാനുള്ള സൗകര്യങ്ങളൊരുക്കുന്നതിൽ ടൊറന്റോ ആർച്ച്ബിഷപ്പ് തോമസ് കോളിൻസ് വലിയ പിന്തുണയാണ് നൽകിയത്. അക്കാര്യങ്ങളെല്ലാം നന്ദിയോടെ ഓർക്കുന്നു എന്ന വാക്കുകളോടെയാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.
കാനഡയിലെ അപ്പസ്‌തോലിക് നുൺഷ്യോ ആർച്ച്ബിഷപ്പ് ലൂയിജി ബൊണാസി, ടെറേന്റോ ആർച്ച്ബിഷപ്പ് കർദിനാൾ തോമസ് കോളിൻസ്, കനേഡിയൻ ബിഷപ്‌സ് കോൺഫറൻസ് വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ്പ് ഡോ. റിച്ചാർഡ് ഗാഗ്‌നോൺ, കോട്ടയം ആർച്ച്ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, കാനഡയിലെ മുൻ അപ്പസ്‌തോലിക് വിസിറ്റേറ്ററും ചിക്കാഗോ സീറോ മലബാർ ബിഷപ്പുമായ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർക്കൊപ്പം കാനഡയിലെയും യു.എസിലെയും നിരവധി നിരവധി വൈദികർ സഹകാർമികരായി.
മിസിസാഗ സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രലിൽ എത്തിച്ചേർന്ന വിശിഷ്ടാതിഥികളെ ഇടവകസമൂഹം ഒന്നടങ്കം സ്വീകരിച്ചതോടെയാണ് രൂപതാ ഉദ്ഘാടന- സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് ആരംഭമായത്. ഫ്രാൻസിസ് പാപ്പയുടെ ഉത്തരവ് ഫാ. ജോൺ മൈലംവേലിൽ വായിച്ചു. രൂപതാ വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ അരീക്കാട് സ്വാഗതമേകി. സ്ഥാനാരോഹണ ശുശ്രൂഷയ്ക്കുശേഷം, മാർ കല്ലുവേലിലിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ദിവ്യബലി അർപ്പണം.
മിസിസാഗ കേന്ദ്രീകരിച്ച് 2015 ഓഗസ്റ്റ് ആറിന് അപ്പസ്‌തോലിക് എക്‌സാർക്കേറ്റ് രൂപീകരിച്ച ഫ്രാൻസിസ് പാപ്പ, 2018 ഡിസംബർ 22നാണ് മിസിസാഗയെയെ രൂപതയായി ഉയർത്തിയത്. ഇതോടെ സീറോ മലബാർ രൂപതകളുടെ എണ്ണം 36 ആയി. ഭാരതത്തിന് വെളിയിൽ സ്ഥാപിതമാകുന്ന, സീറോ മലബാർ സഭയുടെ നാലാമത്തെ രൂപതയാണിത്.