ബെർലിൻ: പൊതുയിടങ്ങളിൽ ജൂതർ കിപ്പാ(തലപ്പാവ്) ധരിക്കുന്നത് ഒഴിവാക്കണമെന്ന് ജർമൻ ഭരണകൂടത്തിന്റെ നിർദേശം. രാജ്യത്ത് ജൂതവിരുദ്ധ ആക്രമണങ്ങൾ പെരുകിയ സാഹചര്യത്തിലാണ് ജർമൻ സർക്കാരിന്റെ ആന്റി സെമിറ്റിസം കമ്മീഷണറുടെ നിർദേശം. ജൂതന്മാർ ജർമൻ മണ്ണിൽ വീണ്ടും സുരക്ഷിതരല്ലെന്നു സമ്മതിക്കുന്നതാണ് നിർദേശമെന്ന് ഇസ്രയേൽ പ്രസിഡന്റ് റൂവൻ റിവലിൻ പ്രതികരിച്ചു.
കഴിഞ്ഞവർഷം ജർമനിയിൽ ജൂതർക്കെതിരായ ആക്രമണങ്ങൾ വൻതോതിൽ വർധിച്ചിരുന്നു. 2019ൽ രാജ്യത്ത് 1646 വിദ്വേഷ കുറ്റങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻവർഷത്തെ അപേക്ഷിച്ച് പത്ത് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ ജൂതർക്കെതിരായ ശാരീരിക ആക്രമണങ്ങളും വൻതോതിൽ കൂടിയെന്നും കണക്കുകളിൽ വ്യക്തമാകുന്നു.
ജൂതവിരുദ്ധ കുറ്റകൃത്യങ്ങൾ വർധിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് ജർമൻ നീതിന്യായ മന്ത്രി കത്രിന ബാർലി പറഞ്ഞു.