ന്യൂഡൽഹി: മുതിർന്ന നേതാക്കൾക്ക് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമർശം. രാഹുലിന്റെ രാജി ആവശ്യം കോണ്‍ഗ്രസ് തള്ളിയതിനു പിന്നാലെയാണ് മുതിർന്ന നേതാക്കളെ വിമർശിച്ച് അദ്ദേഹം രംഗത്തെത്തിയത്.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, കേന്ദ്രമന്ത്രിയായിരുന്ന പി. ചിദംബരം എന്നിവരെയാണ് രാഹുൽ വിമർശിച്ചത്. പാർട്ടി താത്പര്യത്തെക്കാൾ മക്കളുടെ കാര്യത്തിനാണ് ഇവർ മുൻഗണന നൽകിയതെന്നായിരുന്നു രാഹുലിന്റെ വിമർശനം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നേതാക്കൾ മക്കൾക്കു സീറ്റ് ആവശ്യപ്പെട്ടതിനെ രാഹുൽ എതിർത്തിരുന്നു. പ്രാദേശിക നേതാക്കൾക്ക് പ്രാധാന്യം നൽകണമെന്ന് ജ്യോതിരാദിത്യ സിന്ധ്യയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേതാക്കൾ മക്കൾക്കു മുൻഗണന നൽകിയെന്നും രാഹുൽ വിമർശിച്ചു.
അടുത്തിടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. രാജസ്ഥാനിലെ ജോധ്പൂരിൽ മത്സരിച്ച ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ട് ഉൾപ്പെടെ കോണ്‍ഗ്രസിന്റെ മുഴുവൻ സ്ഥാനാർഥികളും പരാജയപ്പെട്ടു.
മധ്യപ്രദേശിലെ ചിന്ദ്വാരയിൽ മത്സരിച്ച കമൽനാഥിന്റെ മകൻ നകുൽനാഥ് വിജയിച്ചിരുന്നു. എന്നാൽ മറ്റു കോണ്‍ഗ്രസ് സ്ഥാനാർഥികൾ ഇവിടെ പരാജയപ്പെട്ടു. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും ശിവഗംഗയിൽനിന്നു വിജയിച്ചിരുന്നു.