മാഞ്ചസ്റ്റർ: ഹൃദയത്തിന്റെ തികവിൽനിന്നാണ് അധരം സംസാരിക്കുന്നതെന്ന ബോധ്യത്തോടെ ആത്മപരിശോധനയ്ക്ക് വിധേയരായി ഹൃദയനൈർമല്യം കാത്തുസൂക്ഷിക്കാനും സ്വന്തം ഇഷ്ടത്തേക്കാളുപരി ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിക്കുന്നവരാകാനും ആഹ്വാനംചെയ്ത് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ. മാഞ്ചസ്റ്ററിൽ ‘മിഷൻ ഫയർ 2019’ന് തുടക്കംകുറിച്ച് അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഹൃദയം രക്ഷകനായ കർത്താവിൽ ഭരപ്പടുത്തിയാൽ നമ്മുടെ ഹൃദയത്തിൽനിന്നോ അധരത്തിൽനിന്നോ വ്യർത്ഥമായതൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

അധരത്തിൽനിന്ന് വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്. നമ്മുടെ വാക്കുകൾ ശ്രദ്ധിച്ചാൽ മനസിലാകും, നാം അശുദ്ധരാണോ വിശുദ്ധരാണോയെന്ന്. ഓരോ രാത്രിയിലും ഉറങ്ങുംമുമ്പ് അഞ്ച് മിനിറ്റ്, നമ്മുടെ അധരത്തിൽനിന്ന് വന്നത് എന്താണെന്ന് ആത്മശോധന ചെയ്യണം. അപ്പോൾ നമ്മുടെ ഹൃദയത്തിൽ എന്താണുള്ളതെന്ന് തിരിച്ചറിയാനാകും. ജറുസലേമിൽ ഈശോ ചെയ്ത കാര്യങ്ങൾ കണ്ടപ്പോൾ അനേകർ ഈശോയിൽ വിശ്വസിച്ചുവെന്ന് യോഹന്നാന്റെ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ഈശോ അവരെ വിശ്വസിച്ചില്ല, കാരണം, അവരുടെ ഉള്ളിലുള്ളത് എന്താണെന്ന് അവിടുന്ന് അറിഞ്ഞിരുന്നു.

വിശ്വസിക്കുക എന്നതിന്റെ ആന്തരാർത്ഥം ഹൃദയം കൊടുക്കുക എന്നാണ്. ഞാൻ യേശുവിൽ വിശ്വസിക്കുന്നു എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് ഞാൻ ഈശോയ്ക്ക് എന്റെ ഹൃദയം കൊടുത്തിരിന്നു എന്നാണ്. എന്നാൽ, ക്രിസ്തുവിന്റെ ഹൃദയത്തിൽനിന്ന് അകന്ന് നിൽക്കുന്നതിനാലാണ് നാം ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നത്. ഹൃദയം ഹൃദയത്തോട് സംസാരിക്കാൻ ഉണ്ടെങ്കിൽ വ്യർത്ഥമായിട്ടുള്ളത് നാം സംസാരിക്കില്ല. സംസാരത്തിൽ വന്നിട്ടുള്ള എല്ലാ തെറ്റുകൾക്കും നമുക്ക് മാപ്പ് ചോദിക്കാം, കരുണയായിരിക്കേണമേ എന്ന് നാം അപേക്ഷിക്കാം.