പെന്തക്കോസ്തായ്ക്ക് ഒരുക്കമായി പ്രാർത്ഥനാദിനങ്ങൾ

പ്രിയപ്പെട്ട വൈദികരെ സമർപ്പിതരെ അതിരൂപതാംഗങ്ങളെ,

ഉന്നതത്തിൽ നിന്നുള്ള ശക്തി സ്വീകരിച്ചു വേണം പ്രവർത്തിക്കാൻ എന്ന് ഈശോ ശ്ലീഹന്മാരോട് കല്പിച്ചു. അതിനായി പ്രാർത്ഥിച്ചൊരുങ്ങാൻ ആവശ്യപ്പെട്ടു. ആ ശക്തിയാണ് റൂഹാദ്ക്കുദ്ശാ. സ്വർഗ്ഗാരോഹണത്തിനു മുമ്പ് ഈശോ നൽകിയ ആഹ്വാനമനുസരിച്ച് ശ്ലീഹന്മാർ ഏകമനസ്സോടെ പ്രാർത്ഥനയിൽ ചെലവഴിച്ചു. പത്താം ദിവസം ഈശോ വാഗ്ദാനം ചെയ്ത റൂഹാദ്ക്കുദ്ശാ ശ്ലീഹന്മാരുടെമേൽ ഇറങ്ങി വസിക്കുകയും അവർ ശക്തിയോടെ മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു.

തിന്മയ്ക്കെതിരെ പോരാടി ജയിക്കാനും സത്യത്തിന്റെ പാതയിൽ മുന്നേറാനും ഉന്നതത്തിൽ നിന്നുള്ള ശക്തി നമ്മിൽ നിറയണം. ജൂൺ ഒമ്പതാം തീയതിയിലെ പന്തക്കുസ്താ തിരുനാളിന് ഒരുക്കമായി, സ്വർഗ്ഗാരോഹണ തിരുനാൾ ആയ മെയ്‌ 30 വ്യാഴാഴ്ച മുതൽ ശ്ലീഹന്മാരെപ്പോലെ നമുക്കും പ്രാർത്ഥിച്ചൊരുങ്ങാം. വിവിധതലങ്ങളിൽ സഭയ്ക്ക് ഏൽക്കേണ്ടിവരുന്ന ആഘാതങ്ങളെയും വെല്ലുവിളികളെയും ദൈവത്തിന്റെ ആയുധങ്ങളുപയോഗിച്ച് നേരിടാനും അതിജീവിക്കാനും റൂഹാദ്ക്കുദ്ശാ നമ്മിൽ നിറഞ്ഞു നമ്മെ ശക്തിപ്പെടുത്താൻ നമുക്ക് തീവ്രമായി പ്രാർത്ഥിക്കാം. കുടുംബങ്ങളിലും ഇടവകകളിലും സമർപ്പിതരുടെ ഭവനങ്ങളിലും സ്ഥാപനങ്ങളിലും പെന്തക്കുസ്തായ്ക്ക് ഒരുക്കമായി പത്ത് ദിവസത്തെ പ്രാർത്ഥനദിനാചരണം നടത്താൻ അതിരൂപതാ കുടുംബ മുഴുവനോടും ഞാൻ അഭ്യർത്ഥിക്കുന്നു. ദിവസം ഒരു മണിക്കൂറെങ്കിലും പ്രാർത്ഥനയിൽ ചെലവഴിക്കാൻ എല്ലാവരും ശ്രമിക്കണം. സഭയ്ക്ക് പ്രാർത്ഥന ഏറെ ആവശ്യമുള്ള അവസരമാണിത്. സ്നേഹത്തിന്റയും ഐക്യത്തിന്റെയും അരൂപി സഭയിൽ എങ്ങും നിറയട്ടെ. സഭാമക്കൾ തന്നെ സഭയെ വേദനിപ്പിക്കതക്കവിധം തിന്മയുടെ ശക്തി പലരെയും കീഴ്പ്പെടുത്തിയിരിക്കുന്നു. സാത്താന്റെ മേൽ വിജയം നേടിയ ഈശോയുടെ പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ, കെണിയിൽ വീഴാതെ നമ്മ സംരക്ഷിക്കട്ടെ. ഈ വിവരം എല്ലാവരെയും അറിയിച്ചു സഹകരിപ്പിക്കാൻ ബഹുമാനപ്പെട്ട അച്ചന്മാരും മറ്റ് ബന്ധപ്പെട്ടവർ എല്ലാവരും ഉത്സാഹിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം
ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി അതിരൂപതാ മെത്രാപോലീത്ത

25/05/2019