പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ തോൽവിക്കു പിന്നിൽ ഒരു ഗൂഢാലോചനയെന്ന് എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷ്. ഇക്കാര്യം നേരത്തെ പറഞ്ഞതാണെന്നും ചെർപ്പുളശേരി പാർട്ടി ഓഫീസിലെ പീഡനകഥ ഗൂഢാലോചനയുടെ തെളിവാണെന്നും വി.കെ. ശ്രീകണ്ഠനോട് ഏറ്റ പരാജയത്തിനുശേഷം മാധ്യമങ്ങളോടു പ്രതികരിക്കവെ രാജേഷ് പറഞ്ഞു.
പാലക്കാട് മണ്ഡലത്തിൽ തോൽക്കാൻ കാരണം മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണ്. പിന്നെയുണ്ടായത് പട്ടാന്പിയിലാണ്. പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫിനെ പിന്തുണയ്ക്കുന്ന മേഖലയാണ്. അവിടെ ആ മുന്നേറ്റം അത്രത്തോളം പ്രതിഫലിച്ചുമില്ല. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും രാജേഷ് പറഞ്ഞു.
എം.ബി. രാജേഷ് തുടർച്ചയായി ജയിച്ചുവന്ന പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ 11637 വോട്ടിന്റെ അട്ടിമറി ജയം നേടിയിരുന്നു.