അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയുമായി ചങ്ങനാശ്ശേരി അതിരൂപത പി.ആര്‍- ജാഗ്രതാസമിതി അംഗം ജോബി പ്രാക്കുഴി നടത്തിയ അഭിമുഖത്തില്‍ നിന്നും:

1.ചങ്ങനാശ്ശേരി അതിരൂപതയുടെ അതിര്‍ത്തി പമ്പാനദി കടന്ന് തെക്കോട്ട് കന്യാകുമാരി വരെയായി പുനര്‍നിര്‍ണ്ണയം നടത്തിയത് 1955-ല്‍ പൗരസ്ത്യ തിരുസംഘം ‘മുള്‍ത്തോരും ഫിദേലിയും’ എന്ന ഡിക്രി വഴിയാണല്ലോ. ഈ ഡിക്രി പുറപ്പെടുവിക്കാനുണ്ടായ സാഹചര്യം ഒന്നു വിവരിക്കാമോ?

മുള്‍ത്തോരും ഫിദേലിയും(ങൗഹീേൃൗാ എശറലഹശൗാ)എന്ന ഡിക്രിയിലൂടെ ചങ്ങനാശ്ശേരി അതിരൂപതയുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം നടത്തിയതിന്റെ പശ്ചാത്തലം ദീര്‍ഘമായ ഒന്നാണ്. ഈശോയുടെ ശിഷ്യനായ മാര്‍ത്തോമാശ്‌ളീഹായുടെ പ്രേഷിത പ്രവര്‍ത്തനഫലമായി രൂപംകൊണ്ട മാര്‍ത്തോമനസ്രാണി സഭക്ക് ആരംഭകാലം മുതല്‍ ഇന്ത്യയില്‍ എല്ലായിടത്തും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. 16-ാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസ് മിഷനറിമാര്‍ ഇന്ത്യയിലെത്തി, ക്രമേണ ലത്തീന്‍ സഭ വളരുകയും, മാര്‍ത്തോമ നസ്രാണിസഭ ലത്തീന്‍ സഭയുടെ ഭരണത്തിന്‍ കീഴിലാവുകയും ചെയ്തു. തുടര്‍ന്ന് മാര്‍ത്തോമ്മനസ്രാണി സഭക്ക് പണ്ടുണ്ടായിരുന്ന മെത്രാപ്പോലീത്തന്‍ പദവി നഷ്ടപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്കു നഷ്ടപ്പെട്ട പദവി വീണ്ടെടുക്കാന്‍ മാര്‍ത്തോമനസ്രാണിസഭ ശ്രമിച്ചുകൊണ്ടിരുന്നു. നിരന്തര പരിശ്രമഫലമായി, 1887 ല്‍ സുറിയാനി സഭക്ക് കോട്ടയം, തൃശൂര്‍ എന്നീ രണ്ട് വികാരിയാത്തുകള്‍ ലഭിച്ചു. വികാരിയാത്തുകള്‍ സ്ഥാപിച്ചപ്പോള്‍ അതിന്റെ അതിര്‍ത്തി പമ്പയ്ക്കും ഭാരതപ്പുഴയ്ക്കും ഇടക്കായി ചുരുക്കപ്പെട്ടു. 1953-ല്‍ പൗരസ്ത്യ സംഘം സെക്രട്ടറി ആയിരുന്ന കര്‍ദ്ദിനാള്‍ ടിസറാങ് കേരളത്തിലെത്തി. സീറോ മലബാര്‍ സഭയെ സ്‌നേഹിച്ചിരുന്ന അദ്ദേഹത്തിന് ഈ സഭയുടെ പരിമിതമായ സ്വാതന്ത്ര്യം ബോധ്യമായി. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ 1955 ഏപ്രില്‍ 29-ാം തീയതി പൗരസ്ത്യ തിരുസംഘം ‘മുള്‍ത്തോരും ഫിദേലിയും’എന്ന ഡിക്രി വഴി മാര്‍ത്തോമനസ്രാണി സഭയുടെ അതിര്‍ത്തി തെക്കോട്ട് കന്യാകുമാരി വരെയായി പുനര്‍നിര്‍ണ്ണയം ചെയ്തു. അങ്ങനെ ചങ്ങനാശ്ശേരി അതിരൂപതയുടെ അതിര്‍ത്തി പമ്പാനദി കടന്ന് തെക്കോട്ട് കന്യാകുമാരി വരെയായി.

2. 1953-ല്‍ പൗരസ്ത്യ തിരുസംഘം സെക്രട്ടറിയായിരുന്ന കര്‍ദ്ദിനാള്‍ ടിസറാങ്, മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് ഒരു ചരിത്ര സംഭവമായിരുന്നു എന്നുപറയാറുണ്ട്. ഈ സംഭവത്തെ ആധുനിക കാലത്തുനിന്ന് പിതാവ് നോക്കികാണുന്നത് എങ്ങനെ?

തീര്‍ച്ചയായും. കര്‍ദ്ദിനാള്‍ ടിസറാങ് തിരുമേനിയുടെ സന്ദര്‍ശനം ഒരു ചരിത്ര സംഭവമായിരുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനം തന്നെ ഒരു പ്രവാചകദൗത്യത്തോടെയായിരുന്നു എന്നു പറയാം. ഒരു ചരിത്രകാരനായിരുന്ന അദ്ദേഹത്തിന് സീറോമലബാര്‍ സഭയുടെ ചരിത്രവും സാധ്യതയും അറിയാമായിരുന്നു. ഇവിടുത്തെ സഭാമക്കളില്‍ പ്രകടമായിരുന്ന വിശ്വാസതീക്ഷ്ണതയും, പ്രേഷിത ചൈതന്യവും കണ്ടറിഞ്ഞ് അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പയുടെ കല്‍പ്പനപ്രകാരം പൗരസ്ത്യ തിരുസഘം ‘മുള്‍ത്തോരും ഫിദേലിയും’ എന്ന ഡിക്രി പുറപ്പെടുവിച്ചത്. അദ്ദേഹത്തിന്റെസെക്രട്ടറിയായി പ്രവര്‍ത്തിച്ചത് പ്ലാസിഡച്ചനായിരുന്നു. വളരെ സമ്പന്നമായ ആധ്യാത്മിക പൈതൃകം ഉള്ള ഒരു സഭയായിരുന്നു നമ്മുടേത്.പക്ഷേ അത് ജീവിക്കാനോ, പരിശീലിപ്പിക്കാനോ കൈമാറാനോ സാധിക്കുന്ന അവസ്ഥ ഇവിടെ ഇല്ലായിരുന്നു. പാശ്ചാത്യവത്ക്കരിക്കപ്പെട്ടഒരു വൈദീകപരിശീലനമാണ് ഇവിടെ ഉണ്ടായിരുന്നത്. മര്‍ത്തോമ്മനസ്രാണിസഭയുടെ പുരാതനമായ പാരമ്പര്യവും, തനിമയും വീണ്ടെടുക്കണമെങ്കില്‍ സഭക്ക് സ്വന്തമായി ഒരു വൈദീകപരിശീലനകേന്ദ്രം വേണമെന്ന് ടിസറാങ് തിരുമേനിക്ക് ബോധ്യപ്പെട്ടു. അങ്ങനെയാണ് സ്വന്തം വൈദീകവിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ വടവാതൂരില്‍ സെമിനാരി ഉണ്ടാകുന്നത്. ഇതൊക്കെ സഭയുടെ പുനരുദ്ധാരണത്തിന് സഹായിച്ചു എന്നു പറയാം. തീര്‍ച്ചയായും അദ്ദേഹത്തിന്റെ സന്ദര്‍ശനം സഭയ്ക്ക് നേട്ടമായിരുന്നു.

3. ചങ്ങനാശ്ശേരി അതിരൂപതയുടെ മിഷന്‍ തീഷ്ണത വളരെ എടുത്തു പറയേണ്ടതാണ്. മുന്‍പ് കന്യാകുമാരി മേഖല തുടര്‍ന്ന് ആഗ്രാമിഷന്‍, ഇപ്പോള്‍ ജയ്പൂര്‍ മിഷന്‍. മിഷന്‍ മേഖലയില്‍ ചങ്ങനാശ്ശേരി അതിരൂപത കൂടുതല്‍ ശ്രദ്ധകൊടുക്കുന്നതിന്റെ കാരണം വിശദീകരിക്കാമോ?

മിഷനറി ദൗത്യം എന്നത് സുവിശേഷത്തിന്റെ സത്ത പകര്‍ന്ന് നല്‍കുക, പങ്കുവയ്ക്കുക എന്നതാണല്ലോ.ശരിക്കും സഭാത്മകമായി ഒരു ആദ്ധ്യാത്മികത വളര്‍ന്നു വരുമ്പോഴാണ് പ്രേഷിത ചൈതന്യം ഉടലെടുക്കുന്നത്. പ്രേഷിതമേഖലയില്‍ ചങ്ങനാശ്ശേരി അതിരൂപത എന്നും മുന്‍പന്തിയിലാണ്. സഭയുടെ സ്വത്വം സുവിശേഷപ്രഘോഷണമാണ് എന്ന ബോധ്യം ചങ്ങനാശ്ശേരിയെ നയിച്ച പിതാക്കന്‍മാര്‍ക്കുണ്ടായിരുന്നു. അവരെല്ലാവരും മിഷനറി ജീവിതശൈലിയുള്ളവരായിരുന്നു.കുര്യാളശ്ശേരി പിതാവാണ് പല പ്രധാനപ്പെട്ട സന്ന്യാസമൂഹങ്ങള്‍ക്കും രൂപംകൊടുക്കുന്നത്. കുര്യാളശ്ശേരി പിതാവിന്റെയും പിന്നീട് വന്ന കാളാശ്ശേരി പിതാവിന്റെയും ഒക്കെ കാലഘട്ടത്തില്‍ ചങ്ങനാശ്ശേരി ആത്മീയമായും ആധ്യാത്മികമായും വളര്‍ന്നു. കാവുകാട്ടുപിതാവിന്റെ കാലഘട്ടത്തിലാണ് കന്യാകുമാരി മിഷന്‍ ഉണ്ടാകുന്നത്. പിന്നീടുവന്ന പടിയറപിതാവും ഒരു മിഷനറിയായിരുന്നു. അദ്ദേഹത്തിന്റെ പ്രേഷിത തീഷ്ണതയാണ് ആഗ്രാമിഷന്‍ ആരംഭിക്കുവാന്‍ കാരണം. ഇപ്പോള്‍ ജയ്പൂര്‍മിഷന്‍ ചങ്ങനാശ്ശേരി അതിരൂപത വളരെ താത്പര്യത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. നല്ല മിഷനറി തീക്ഷ്ണതയുള്ള ധാരാളം വൈദികര്‍ ചങ്ങനാശ്ശേരി അതിരൂപതയിലുണ്ട്. ഒരു മിഷനറി ട്രെയിനിംഗ്, സെമിനാരികളില്‍ നല്‍കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

4. ചങ്ങനാശ്ശേരി മേഖലയില്‍ ഉണ്ടായതുപോലെ ഒരു വളര്‍ച്ച അതിരൂപതയുടെ ഭാഗമായ തെക്കന്‍ മിഷനില്‍ ഉണ്ടായിട്ടില്ല. അമ്പൂരി, കൊല്ലം എന്നിവയുള്‍പ്പെടുന്ന തെക്കന്‍ മേഖലയുടെ വളര്‍ച്ചക്കുതകുന്ന നൂതന കര്‍മ്മപരിപാടികള്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാമോ?
നൂറ്റാണ്ടുകളുടെ പൈതൃകം ഉള്ള, ചരിത്രമുറങ്ങുന്ന സ്ഥലമാണ് ചങ്ങനാശ്ശേരി മേഖല. മാത്രവുമല്ല, കൂടുതലായിട്ടുള്ള ക്രൈസ്തവ സാന്നിധ്യം ചങ്ങനാശ്ശേരി മേഖലയിലുണ്ടായിരുന്നു. തെക്കന്‍ മിഷന്‍ അടുത്ത കാലത്ത് ആരംഭിച്ചതാണ്. ഒരു നൂറ്റാണ്ടുപോലും ആയിട്ടില്ല.സ്വഭാവികമായും ചങ്ങനാശ്ശേരി മേഖലയില്‍ ഉണ്ടായതുപോലെ ഒരു വളര്‍ച്ച അവിടെ ഉണ്ടായിട്ടില്ല. മാത്രവുമല്ല, തെക്കന്‍ മിഷനില്‍ ക്രൈസ്തവസാന്നിധ്യം കുറവാണ്. വളരെ ചെറിയ ഇടവകകളാണ് അവിടെയുള്ളതില്‍ കൂടുതലും. ചിതറികിടക്കുന്ന സമൂഹമായതിനാല്‍ ഒരു കോഡിനേഷന്‍ അത്ര എളുപ്പമല്ല. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ തെക്കന്‍മേഖലയിലുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.ക്രമേണ തെക്കന്‍ മേഖല വളരും. അതിനുവേണ്ട കര്‍മ്മ പരിപാടികള്‍ അതിരൂപത നടപ്പിലാക്കും. അതിരൂപത പ്രത്യേകം ശ്രദ്ധിക്കുന്ന മേഖലയാണ് തെക്കന്‍ മേഖല.

5. തക്കല ഒഴികെയുള്ള തെക്കന്‍മിഷനില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന അജപാലന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വിശദമാക്കാമോ?

ചങ്ങനാശ്ശേരി അതിരൂപതക്ക് പൊതുവായി ഒരു അജപാലന പദ്ധതിയുണ്ട്. അതാണ് തെക്കന്‍ മേഖല ഉള്‍പ്പടെ എല്ലായിടത്തും നടപ്പിലാക്കുന്നത്. എന്നാല്‍ തെക്കന്‍ മേഖലയുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി അവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അവിടുത്തെ ആവശ്യങ്ങള്‍ ഒക്കെ പഠനം നടത്തി കണ്ടെത്തേണ്ടതുണ്ട്. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ അതിരൂപതയില്‍ നിന്നും നല്‍കിയിട്ടുള്ളതാണ്. അതിരൂപതയുടെ ഭാഗമായിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് തെക്കന്‍ മേഖലയിലും നടക്കുന്നത്. ഓര്‍ഫനേജ്, അഗതി മന്ദിരം, പുനരധിവാസ കേന്ദ്രം, പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങള്‍ എന്നിവ അവിടെയുണ്ട്. തെക്കന്‍ മേഖലക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്.

6. അങ്ങ് സഹായമെത്രാനായിരുന്ന കാലം മുതല്‍ തെക്കന്‍ മേഖലയോട് പ്രത്യേകപരിഗണന കാണിച്ചിരുന്നു. അത് നന്ദിയോടെയാണ് തെക്കന്‍ മേഖലയിലെ വിശ്വാസികള്‍ അനുസ്മരിക്കുന്നത്. ആ പരിഗണനയുടെ ഭാഗമായിട്ടാണോ ചങ്ങനാശ്ശേരി അതിരൂപതയ്ക്കായി ഒരു പുതിയ സഹായമെത്രനെ ലഭിച്ചപ്പോള്‍, തെക്കന്‍ മേഖലയുടെ പ്രത്യേക ചുമതല നല്‍കിയത്?

തെക്കന്‍ മേഖല അവഗണിക്കപ്പെടുന്നു എന്ന പരാതി ഞാന്‍ വൈദീകനായിരുന്ന കാലം മുതല്‍ കേള്‍ക്കുന്നതാണ്. അതുകൊണ്ടുതന്നെ, ഞാന്‍ സഹായമെത്രാനായി ചാര്‍ജ് എടുത്തപ്പോള്‍ അവരോട് കൂടുതല്‍ സാമീപ്യം പുലര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു. ചങ്ങനാശ്ശേരി മേഖലയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഇടവകകള്‍ ഞാന്‍ തെക്കന്‍ മേഖലയിലാണ് സന്ദര്‍ശിച്ചിട്ടുള്ളത്.തെക്കന്‍ മേഖലയോട് എനിക്ക് പ്രത്യേക താല്‍പ്പര്യം ഉണ്ട്. അതുകൊണ്ട് ഓടിനടന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന ചെറുപ്പക്കാരായ വൈദീകരെയാണ് ആ മേഖലയിലേക്ക് അയച്ചത്. തീര്‍ച്ചയായും തെക്കന്‍ മേഖലയില്‍കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ്, ഒരു കുറവും ഉണ്ടാകാതിരിക്കാനാണ് അതിരൂപതക്ക് ഒരു പുതിയ സഹായമെത്രാനെ ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് തെക്കന്‍ മേഖലയുടെ ചുമതല നല്‍കിയത്. ഒരു മെത്രാന്റെ സാന്നിധ്യം അവര്‍ ആഗ്രഹിച്ചിരുന്നു. സിനഡിനും അത് താല്‍പര്യമായിരുന്നു. സഹായമെത്രാന്‍ സാധിക്കുന്നിടത്തോളം അവിടെത്തന്നെ താമസിച്ച് അവരുടെ കാര്യം ശ്രദ്ധിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.

7. തെക്കന്‍മേഖലയുടെ വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണോ ഇപ്പോള്‍ അതിരൂപത തിരുവനന്തപുരം ലൂര്‍ദ്ദ് മാതാ എന്‍ജിനീയറിഗ് കോളേജ് ഏറ്റെടുത്തിരിക്കുന്നത്?
തെക്കന്‍ മേഖലയ്ക്കുവേണ്ടി മാത്രം ഏറ്റെടുത്ത സ്ഥാപനമാണ് ലൂര്‍ദ്ദ്മാതാ എന്‍ജീനീയറിംഗ് കോളേജ് എന്നു പറയാന്‍ സാധിക്കില്ല. അത് അതിരൂപത ഏറ്റെടുത്തിരിക്കുന്ന സ്ഥാപനമാണ്. അതിന് ഒരു പ്രത്യേക പശ്ചാത്തലമുണ്ട്. തെക്കന്‍ മേഖലയിലെ പ്രധാനപ്പെട്ട ഒരിടവകയായ ലൂര്‍ദ്ദിലെ അംഗങ്ങളായ ഏതാനും അല്മായരുടേയും അന്നത്തെ വികാരി ബഹു. കുറിഞ്ഞിപ്പറമ്പിലച്ചന്റേയും പ്രത്യേക താല്‍പര്യത്തില്‍ ആരംഭം കുറിച്ചതാണ് അത്. ആഅര്‍ത്ഥത്തില്‍ പരോക്ഷമായ ഒരു ഉത്തരവാദിത്വം രൂപതയ്ക്കുണ്ട്. പക്ഷേ ആ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ അതിരൂപത ഏറ്റെടുക്കണം എന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ അത് ഏറ്റെടുത്തു. അതിരൂപതയുടെ തെക്കന്‍ മേഖലകളായ തിരുവനന്തപുരം, അമ്പൂരി, കൊല്ലം പ്രദേശങ്ങളിലെ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പുരോഗതിക്ക് ഈ സംരംഭം സാഹായിക്കും എന്നുള്ളതില്‍ സംശയമില്ല. അതുപോലെ തന്നെ അതിരൂപതയിലെ സങ്കേതിക വിദ്യാഭ്യാസം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈയൊരു സ്ഥാപനം വലിയ അനുഗ്രഹമായിരിക്കും.

8. 1920 മുതലാണ് ഭൂരിപക്ഷം കുടിയേറ്റ കര്‍ഷകരും തെക്കന്‍മേഖലയില്‍ എത്തിച്ചേരുന്നത്. കുടിയേറ്റ കര്‍ഷകര്‍ക്കായി എന്തെങ്കിലും കാര്‍ഷിക പദ്ധതികളോ പാക്കേജുകളോ ആവശ്യമാണെന്ന് തോന്നുന്നുണ്ടോ? പിതാവിന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കാമോ?
കാര്‍ഷികമേഖല തീര്‍ച്ചയായും പ്രധാനപ്പെട്ട ഒന്നാണ്. നമ്മുടെ വിശ്വാസത്തിന്റേയും പാരമ്പര്യത്തിന്റേയും ഒക്കെ ശക്തി കാര്‍ഷിക പശ്ചാത്തലമാണ്. ആ കാര്‍ഷിക പശ്ചാത്തലം, കാര്‍ഷിക സംസ്‌കാരം വാസ്തവത്തില്‍ ഇല്ലാതാകുന്നത് വലിയ നഷ്ടം തന്നെയാണ്. പക്ഷേ ഇന്ന് കാര്‍ഷികമേഖലയില്‍ നിന്ന് കര്‍ഷകര്‍ പിന്‍വാങ്ങുന്ന ഒരവസ്ഥ സംജാതമായിരിക്കുന്നു. തെക്കന്‍ മേഖലയില്‍ കാര്‍ഷികവൃത്തിക്ക് ഒരു പരിമിതിയുണ്ട്, പരിധിയുണ്ട്. കാര്‍ഷികവിളകള്‍ക്ക് നല്ല വില കിട്ടുന്നില്ല. കാലാവസ്ഥ വ്യതിയാനം മുലം വിളകള്‍ നശിക്കുന്ന അവസ്ഥയുണ്ടാകുന്നു.കര്‍ഷകര്‍ക്ക് അവരുടെ സ്വന്തം സ്ഥലം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. കാര്‍ഷിക വൃത്തിയില്‍ ഉള്ളവര്‍ക്ക് അതില്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യണം. കാര്‍ഷികമേഖലയിലുള്ളവര്‍ക്ക്, അത് തെക്കന്‍ മേഖലയിലായാലും, കുട്ടനാട്ടിലായാലും പ്രത്യേകമായി പിന്തുണയും ആത്മവിശ്വാസവും കൊടുക്കണം എന്നുള്ള ചിന്തയാണ് എനിക്കുള്ളത്.

9. അമ്പൂരി, തിരുവനന്തപുരം മേഖലയിലുള്ള നാടാര്‍ ക്രിസ്ത്യാനികളോടുള്ള ചങ്ങനാശ്ശേരി അതിരൂപതയുടെ കരുതല്‍ എന്താണ്? അവര്‍ക്കായി എന്തെങ്കിലും പ്രത്യേക പദ്ധതികള്‍ ഭാവിയില്‍ അതിരൂപത നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
ചങ്ങനാശ്ശേരി അതിരൂപതയില്‍ പണ്ടേതന്നെ ദളിത് ക്രൈസ്തവര്‍ക്കായി പ്രത്യേക പദ്ധതികളുണ്ട്. ദളിത് ക്രൈസ്തവര്‍ക്ക് കിട്ടുന്ന എല്ലാ സൗജന്യങ്ങളും, ആനുകൂല്ല്യങ്ങളും നാടാര്‍ ക്രിസ്ത്യാനികള്‍ക്കും ലഭിക്കണം എന്നതാണ് അതിരൂപതയുടെ നയം. നാടാര്‍ ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥ മനസ്സിലാക്കി അവര്‍ക്കായി വിദ്യാഭ്യാസ സഹായം, ഭവനനിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ അതിരൂപത നടപ്പിലാക്കിയിട്ടുണ്ട്. നാടാര്‍ക്രിസ്ത്യാനികളുടേയും ദളിത് ക്രൈസ്തവരുടേയും വളര്‍ച്ചക്കായി ഒരു പ്രത്യേക വിദ്യാഭ്യാസ സഹായപദ്ധതി, ഒരു പ്രത്യേകഫണ്ട് രൂപീകരിച്ചുകൊണ്ടിരിക്കുന്നു. ഒരു ന്യൂനപക്ഷമായ നാടാര്‍ ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയുടെ വിശദാംശങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്.

10. കേരളത്തില്‍ ക്രൈസ്തവജനസംഖ്യ കുറയുന്നുണ്ടെങ്കിലും ദൈവവിളി കുറയുന്നതായി കാണുന്നില്ല. തെക്കന്‍മേഖലയില്‍ നിന്നുള്ള ദൈവവിളി അങ്ങ് എങ്ങനെ വിലയിരുത്തുന്നു? കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ടോ?

ദൈവവിളി കുറയുന്നില്ല എന്ന് പൂര്‍ണ്ണമായി പറയാന്‍ സാധിക്കില്ല. പൗരോഹിത്യത്തിലേക്കുള്ള ദൈവവിളിയില്‍ കാര്യമായ കുറവില്ലെങ്കിലും പെണ്‍കുട്ടികളുടെ ദൈവവിളി കുറയുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. സ്ത്രീ സന്ന്യാസത്തിലേക്കുള്ള ദൈവവിളി പ്രോത്‌സാഹിപ്പിക്കാതിരിക്കുന്ന ഒരു സമീപനം മാതാപിതാക്കന്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. സഭയുടെ ഭാവിയിലുള്ള ആവശ്യങ്ങള്‍ നോക്കുമ്പോള്‍ നമ്മള്‍ ബോധപൂര്‍വ്വം ദൈവവിളികള്‍ പ്രോത്‌സാഹിപ്പിക്കേണ്ടതുണ്ട്. ദൈവവിളി ഉണ്ടാകേണ്ട കുടുംബങ്ങളുടെ എണ്ണം കേരളത്തില്‍ കുറയുന്നു. ഇന്ന് യുവ കുടുംബങ്ങള്‍ ഉണ്ടാകുന്നത് വിദേശങ്ങളിലാണ്.അതുകൊണ്ട് ഭാവിയില്‍ ദൈവവിളി കുറയാന്‍ സാധ്യതയുണ്ട്. തെക്കന്‍ മേഖലയില്‍ അംഗസംഖ്യ കുറവായതുകൊണ്ട് ദൈവവിളിയുടെ എണ്ണത്തിലും കുറവുണ്ട്. അവിടെ എല്ലാ ഇടവകകളില്‍ നിന്നും ദൈവവിളി ഉണ്ടാകുന്നില്ല എന്നതാണ് സത്യം. തീര്‍ച്ചയായും കൂടുതല്‍ ശ്രദ്ധ ഈ മേഖലയില്‍ ആവശ്യമാണ്.

11. ഭാവിയില്‍ തെക്കന്‍മേഖല കേന്ദ്രീകരിച്ച് ഒരു രൂപത ഉണ്ടാക്കാനുള്ള സാധ്യതയുണ്ടോ? അതോ ചങ്ങനാശ്ശേരി അതിരൂപതയുടെ ഭാഗമായി നിലനില്‍ക്കുന്നതല്ലേ ആ മേഖലയുടെ വളര്‍ച്ചക്ക് നല്ലത്?

തെക്കന്‍ മേഖലയില്‍ രൂപത ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. പക്ഷേ രൂപത ഉണ്ടായാലും, ഇല്ലെങ്കിലും തെക്കന്‍ മേഖലയിലുള്ള ക്രൈസ്തവസമൂഹത്തിന്റെ വളര്‍ച്ചയാണ് പ്രധാനപ്പെട്ട കാര്യം. അവരുടെ അജപാലനപരമായ കാര്യങ്ങള്‍ ഒരു കുറവും കൂടാതെ നിറവേറ്റപ്പെടുക എന്നതാണ് പ്രധാനം. അതിന് തീര്‍ച്ചയായും ഒരു മെത്രാന്റെ സാന്നിധ്യം നല്ലതാണ്. സഹായമെത്രാന്‍ അവിടെ സ്ഥിരമായി താമസിച്ച് അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഒരു സംവിധാനം ഉണ്ടാകുക എന്നത് ഒരു പുതിയ രൂപത പോലെ തന്നെയായിരിക്കും. അങ്ങനെയുള്ള സാഹചര്യമാണ് ഇപ്പോള്‍ വിഭാവനം ചെയ്യുന്നത്. അത് തീര്‍ച്ചയായും ആ മേഖലയുടെ വളര്‍ച്ചക്ക് സഹായിക്കും എന്നാണ് കരുതുന്നത്.

12. 132-ാമത് അതിരൂപതാദിനം ആചരിക്കുന്ന ചങ്ങനാശ്ശേരി അതിരൂപതാംഗങ്ങള്‍ക്ക് പിതാവിനു നല്‍കാനുള്ള പ്രധാന സന്ദേശം എന്താണ്?

ചങ്ങനാശ്ശേരി അതിരൂപത ആരംഭിച്ചിട്ട് 132 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിവിധങ്ങളായ ദൈവകൃപകളാല്‍ നമ്മുടെ അതിരൂപത ഏറെ അനുഗൃഹീതമാണ്. നല്ല വിശ്വാസമുള്ള, പാരമ്പര്യമുള്ള, സഭയോട് കൂറുള്ള വിശ്വാസ സമൂഹമാണ് ചങ്ങനാശ്ശേരിയുടെ സമ്പത്ത്. അതുപോലെ തന്നെ നല്ല തീഷ്ണതയുള്ള അല്മായര്‍, സന്ന്യസ്തര്‍, വൈദികര്‍ എല്ലാം അതിരൂപതയുടെ മുതല്‍ക്കൂട്ടാണ്. ഇതിന്റെയെല്ലാം അടിത്തറ നല്ല കുടുംബങ്ങളാണ്. കുടുംബങ്ങളുടെ വിശുദ്ധിയാണ് ഏറ്റവും പ്രധാനം. ഇടവകയുമായുള്ള കുടുംബങ്ങളുടെ ബന്ധമാണ് സഭയുടെ ഭാവി എന്നു പറയുന്നത്. അതുകൊണ്ട് എനിക്കുപറയാനുള്ളത്,ചങ്ങനാശ്ശേരിയിലെ ദൈവജനം സ്വന്തം ഇടവകയെ കുടുംബമായി കണ്ട് സ്‌നേഹിക്കുന്നവരാകണം, സ്വന്തം അതിരൂപതയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവരാകണം, സഭയെ സ്‌നേഹിക്കുന്നവരായിരിക്കണം എന്നാണ് ‘അതിരൂപത ഒരു കുടുംബം’ എന്ന സ്‌നേഹാനുഭവം എല്ലാവര്‍ക്കും അനുഭവവേദ്യമാകണം. ആരും ആരേയും അന്യരായി കാണാതിരിക്കുക. ഒരു പ്രേഷിതാഭിമുഖ്യത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കണം. അതിരൂപതാ ദിനാചരണം നമ്മെ ആദിമസഭയെപ്പോലെ ഒരു ഹൃദയവും ഒരാത്മാവുമുള്ള സമുഹമായി വളര്‍ത്തട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.