കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ട്യത്തിനും ജനം നൽകിയ മറുപടിയാണ് കൊല്ലത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രൻ. പിണറായി വിരുദ്ധതയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും ഇടതിന്റെ നൻമയെ പിണറായി തകർക്കുകയാണെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.
പിണറായി നേരിട്ടു പ്രചാരണം നയിച്ച കൊല്ലത്ത് 1.48 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൻ.കെ. പ്രേമചന്ദ്രൻ ജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാലാണ് പ്രേമചന്ദ്രൻ പിന്നിലായി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് കെ.എൻ. ബാലഗോപാൽ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് എൻ.കെ. പ്രേമചന്ദ്രനെ പ്രസംഗവേദിയിൽ പരനാറി എന്ന് വിശേഷിപ്പിച്ച പിണറായിയുടെ പരാമർശം വൻ വിവാദം സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ എൽഡിഎഫ് പാളയത്തിലായിരുന്ന പ്രേമചന്ദ്രൻ യുഡിഎഫിലേക്ക് ചാടിയതിനെക്കുറിച്ച് പറയുന്പോഴാണ് പിണറായി പരനാറി പ്രയോഗം നടത്തിയത്.
പരനാറി പ്രയോഗത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കുറിയും പറഞ്ഞു. പ്രേമചന്ദ്രനെതിരേ പ്രചാരണത്തിന് മുഖ്യമന്ത്രി നേരിട്ടിറങ്ങിയപ്പോൾ, പിണറായിയുടെ സ്വന്തം മണ്ഡലമായ ധർമ്മടത്ത് സിപിഎം രണ്ടാം സ്ഥാനത്തേക്ക് എത്തുന്ന സ്ഥിതിയുണ്ടായി.