അതിരന്പുഴ: ആരാധനാ സന്യാസിനീ സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമ അംഗവുമായ മദർ മേരി ഫ്രംസിസ്ക്ക ദ് ഷന്താളിന്റെ 47-ാം ചരമവാർഷികാചരണം 25ന് അതിരന്പുഴയിൽ നടക്കും. മദർ മേരി ഷന്താളിനെ ദൈവദാസിയായി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ചരമവാർഷികാചരണമാണിത്.
25ന് രാവിലെ ഒന്പതിന് മദറിന്റെ കബറിടം സ്ഥിതിചെയ്യുന്ന ആരാധനാ മഠം ചാപ്പലിൽ നടക്കുന്ന ധൂപപ്രാർഥനയോടെ ചരമവാർഷികാചരണത്തിനു തുടക്കമാകും. 9.30ന് അൽഫോൻസാ ഓഡിറ്റോറിയത്തിൽ സിന്പോസിയം ആരംഭിക്കും.
ദൈവദാസി ഷന്താളമ്മയുടെ സാമൂഹിക പ്രതിബദ്ധത, ദൈവദാസി ഷന്താളമ്മ ദിവ്യകാരുണ്യാഗ്നിയിൽ ശോധന ചെയ്യപ്പെട്ട ജീവിതത്തിനുടമ എന്നീ വിഷയങ്ങളിൽ യഥാക്രമം റവ.ഡോ.തോമസ് കുഴുപ്പിൽ, സിസ്റ്റർ ഡോ.സോഫി പെരേപ്പാടൻ എസ്എബിഎസ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പോസ്റ്റുലേറ്റർ റവ.ഡോ.ജോസഫ് കൊല്ലാറ മോഡറേറ്ററായിരിക്കും. സമ്മേളനത്തിൽ തിരുസന്നിധ്യത്തിലെ മണ്ചിരാത് എന്ന പുസ്തകം പ്രകാശനം ചെയ്യും.
11ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ കാഞ്ഞിരപ്പള്ളി സഹായമെത്രാൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി അർപ്പിക്കും. റവ.ഡോ.ജോസഫ് കൊല്ലാറ, ഫാ.ജോർജ് വല്ലയിൽ, ഫാ. പ്രിൻസ് മാഞ്ഞൂരാൻ എന്നിവർ സഹകാർമികരായിരിക്കും. സമൂഹബലിയെത്തുടർന്ന് സെന്റ് മേരീസ് പാരീഷ് ഹാളിൽ ശ്രാദ്ധ നേർച്ച നടക്കും.
ആരാധനാ സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ ഗ്രെയ്സ് പെരുന്പനാനി, ഫൊറോനാ വികാരി ഫാ.സിറിയക് കോട്ടയിൽ, പോസ്റ്റുലേറ്റർ റവ.ഡോ.ജോസഫ് കൊല്ലാറ, വൈസ് പോസ്റ്റുലേറ്റർമാരായ സിസ്റ്റർ ഡോ. തെക്ല, സിസ്റ്റർ ഡോ.ആനീസ് നെല്ലിക്കുന്നേൽ, സിസ്റ്റർ എൽസ പൈകട തുടങ്ങിയവർ നേതൃത്വം നൽകും.