ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആദ്യത്തെ ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ ഹിന്ദിഹൃദയ ഭൂമിയിൽ എൻഡിഎയുടെ വൻ മുന്നേറ്റം. യുപിയിൽ മഹാസഖ്യം തകർന്നടിഞ്ഞു. എൻഡിഎയുടെ ലീഡ് നില 272 എന്ന കേവല ഭൂരിപക്ഷവും കടന്ന് 301 സീറ്റിൽ എത്തിയിരിക്കുകയാണ്.
യുപിയിൽ ഒന്നിച്ചു മത്സരിച്ച എസ്പി-ബിഎസ്പി സഖ്യം വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 17 സീറ്റിൽ മാത്രമാണ് അവർക്ക് മുന്നിട്ടു നിൽക്കാൻ സാധിച്ചത്. കോൺഗ്രസ് ഇവിടെ അഞ്ചു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേത്തിയിൽ ആദ്യം പിന്നിൽ പോയെങ്കിലും പിന്നീട് ലീഡ് തിരിച്ചുപിടിച്ചു.
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ മഹാസഖ്യം യുപിയിൽ വൻ മുന്നേറ്റം നടത്തുമെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ ആ പ്രതീക്ഷകൾ പാടേ തെറ്റിക്കുന്ന മുന്നേറ്റമാണ് വോട്ടെണ്ണലിൽ ബിജെപി നടത്തിയത്.
2014ലെ തെരഞ്ഞെടുപ്പിൽ മതേതര മുന്നണികളുടെ ചേരിതിരിഞ്ഞുള്ള മത്സരത്തിൽ ബിജെപി നേട്ടം കൊയ്തിരുന്നു. ഈ പാഠം ഉൾക്കൊണ്ടാണ് തെരഞ്ഞെടുപ്പ് സഖ്യത്തിലേക്ക് നീങ്ങാൻ ഇരുപാർട്ടികളും തയ്യാറായത്. എന്നാൽ ഈ സഖ്യത്തെ ജനം ഇപ്പോൾ തള്ളിയിരിക്കുകയാണ്.