തിരുവനന്തപുരം: സ്കൂൾ പ്രവേശനത്തിന് ക്യാപിറ്റേഷൻ ഫീസ് വാങ്ങുകയോ സ്ക്രീനിംഗ് ടെസ്റ്റ് നടത്തുകയോ ചെയ്യുന്ന സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണ് പി. സുരേഷ് അറിയിച്ചു. സ്കൂളുകളിൽ എട്ടാം ക്ലാസുവരെ വിദ്യാർഥികളിൽ നിന്നും നിർബന്ധിത ധനശേഖരണം നടത്തുന്നതും കുറ്റകരമാണ്. ഇത്തരം പരാതികളിൽ കമ്മീഷൻ ഒരു വിട്ടുവീഴ്ചയും ചെയ്യുന്നതല്ല. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ നടപടികൾ പൂർണമായും നിയമാനുസൃതമായിരിക്കണമെന്ന് ചെയർപേഴ്സണ് വ്യക്തമാക്കി.
മഴക്കാലത്ത് യൂണീഫോമിന്റെ ഭാഗമായി കുട്ടികൾ ഷൂസും സോക്സും ധരിക്കണമെന്ന് നിർബന്ധിക്കുന്നതും വിലക്കി ഉത്തരവ് നിലവിലുണ്ട്. കുട്ടികളുടെ സ്കൂൾ ബാഗിന്റെ അമിതഭാരം കുറയ്ക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നൽകിയിട്ടുണ്ടെന്നും ഓർമപ്പെടുത്തുന്നു. കമ്മീഷന്റെ ഉത്തരവു പ്രകാരം അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്പ് പൊതുമരാമത്തു വകുപ്പിന്റെയോ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിന്റെയോ എൻജിനീയർ പരിശോധിച്ച് സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട താണ്. അതോടൊപ്പം സ്കൂൾ കെട്ടിടങ്ങൾക്ക് സുരക്ഷാഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.