എറണാകുളം-അങ്കമാലി അതിരൂപതാ വിശ്വാസികളുടേത് എന്ന പേരില്‍ ഏതാനും വ്യക്തികള്‍ എറണാകുളം പ്രസ്സ് ക്ലബില്‍ ഇന്ന് (22/05/2019) നടത്തിയ പത്രസമ്മേളനം അതിരൂപതയോ, ഫൊറോനാ പ്രതിനിധികളോ, അതിരൂപതാ സംഘടനാ ഭാരവാഹികളോ നടത്തിയതല്ല എന്ന് അറിയിക്കുന്നു. ഈ വ്യക്തികള്‍ക്ക് എറണാകുളം-അങ്കമാലി അതിരൂപതയുമായി യാതൊരു ഔദ്യോഗിക ബന്ധവുമില്ല.

2019 മെയ് 20-ന് എറണാകുളം മേജര്‍ ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ എറണാകുളം-അങ്കമാലി അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഉന്നയിക്കപ്പെട്ടത് രേഖകള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം സത്യസന്ധവും സുതാര്യവും സമഗ്രവും ആകണമെന്നാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പൊലീസ് അന്വേഷണം തെറ്റായ ദിശയിലാണെന്നും പൊലീസിനുമേല്‍ ആരുടെയൊക്കെയോ സ്വാധീനമുണ്ടെന്നും അതിരൂപത ആശങ്കപ്പെടുന്നു. ജുഡീഷ്യല്‍ തല അന്വേഷണമോ, സി.ബി.ഐ. അന്വേഷണമോ നടത്തി രേഖകളുടെ ആധികാരികതയും ഉള്ളടക്കവും തെളിയിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അതിരൂപത ആവശ്യപ്പെടുന്നു. അന്വേഷണ വിഷയമായ രേഖകള്‍ യഥാര്‍ത്ഥമാണെന്നാണ് അതിരൂപതയുടെ നിലപാട്.

ഈ രേഖകള്‍ ഫാ. പോള്‍ തേലക്കാട്ടിന് നല്‍കിയ ആദിത്യ എന്ന യുവാവിനെ അന്യായമായി പൊലീസ് പീഡിപ്പിക്കുന്നതും, അതിരൂപതയിലെ വൈദികരെ മനഃപൂര്‍വ്വം പ്രതിചേര്‍ക്കുന്നതും പ്രതിഷേധാര്‍ഹമാണ്. ഭൂമി ഇടപാട് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നതില്‍ മുന്നില്‍നിന്ന വൈദികരെ പ്രതികളാക്കാന്‍ ശ്രമം നടക്കുന്നതായി സംശയിക്കുന്നു.

മാര്‍പാപ്പ നേരിട്ട് നിയമിച്ചതും, അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ സിറോ-മലബാര്‍ സിനഡിന്റെയോ, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെയോ അനുമതി ആവശ്യമില്ലാത്തതുമായ എറണാകുളം-അങ്കമാലി അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനം നിയമാനുസൃതവും ആധികാരികവുമാണ്. പൊതുസമൂഹത്തിലും വിശ്വാസികള്‍ക്കിടയിലും ഉണ്ടായിട്ടുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കുന്നതിനുവേണ്ടിയാണ് ഈ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്.

എറണാകുളം-അങ്കമാലി അതിരൂപതയ്‌ക്കെതിരെ നടക്കുന്ന സ്ഥാപിതതാല്പര്യക്കാരുടെ അക്രമങ്ങളെ അതിരൂപത അപലപിക്കുന്നു. ഭൂമി വിവാദത്തില്‍ പ്രതിസ്ഥാനത്തുള്ളവര്‍ രക്ഷപ്പെടാന്‍ നടത്തുന്ന വിഫലശ്രമങ്ങളായേ ഇത്തരം ഹീനപ്രവൃത്തികളെ കാണാനാവൂ.

ഇന്ന് (22/05/2019) എറണാകുളം പ്രസ്സ് ക്ലബില്‍ ഈ വിഷയത്തില്‍ പത്രസമ്മേളനം നടത്തിയ വ്യക്തികള്‍ നിരന്തരമായി അതിരൂപതയ്‌ക്കെതിരെ വ്യാജപരാതികള്‍ കൊടുക്കുന്നവരും ഇപ്പോഴുള്ള കേസില്‍ ആലുവ ഡി.വൈ.എസ്.പി. മുമ്പാകെ അതിരൂപതാ നേതൃത്വത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളവരുമാണ്.

ഫാ. പോള്‍ കരേടന്‍
പിആര്‍ഒ
എറണാകുളം-അങ്കമാലി അതിരൂപത
ഫോണ്‍: 944754008