തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ വ്യാഴാഴ്ച അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനിച്ചു. അതീവ പ്രശ്നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെയും കൂടുതല്‍ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറന്പ്, തളിപ്പറന്പ്, പിലാത്ത, ഇരിട്ടി ഭാഗങ്ങളിലാണ് സംഘര്‍ഷ സാധ്യത കൂടുതല്‍. തെരഞ്ഞെടുപ്പ് ദിവസം മുതല്‍ തന്നെ ഈ പ്രദേശങ്ങളിലെല്ലാം പോലീസ് പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്.
ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇക്കാര്യം ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചിട്ടുണ്ട്.
22,640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത്. 111 ഡിവൈഎസ്പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്ഐ/എഎസ്ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പോലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.
പ്രശ്നബാധിതപ്രദേശങ്ങളില്‍ അധികമായി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏത് മേഖലയിലും എത്തിച്ചേരാന്‍ വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും ലോകനാഥ് ബഹ്റ അറിയിച്ചു.