ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു മണിക്കൂറുകൾ ബാക്കിനിൽക്കെ വോട്ടിംഗ് മെഷീനുകൾ മാറ്റുന്നതിന്റെ നിരവധി വീഡിയോകൾ പുറത്തുവന്നു. ട്വിറ്ററിലാണ് വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നത്. ചില വീഡിയോയിൽ മെഷീനുകൾ കടകളിൽ സൂക്ഷിക്കുന്പോൾ, ചിലതിൽ സ്വകാര്യ വാഹനങ്ങളുടെ ഡിക്കിയിൽ സൂക്ഷിച്ചിരിക്കുകയാണ് വോട്ടിംഗ് മെഷീനുകൾ.
ഉത്തർപ്രദേശിലെ ചാന്ദൗളിയിൽനിന്ന് എന്നു പ്രചരിക്കുന്ന വീഡിയോയിൽ, ഒരു കൂട്ടം ആളുകൾ വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് മെഷീനുകളും വാഹനത്തിൽനിന്ന് ഇറക്കി ഒരു കടയിൽ സൂക്ഷിക്കുന്നതായി കാണാം. മറ്റൊരു വീഡിയോയിൽ വോട്ടിംഗ് മെഷീനുകൾ കാറിൽ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ് കാണാൻ കഴിയുക. പഞ്ചാബിൽനിന്ന് എന്ന പേരിൽ ആം ആദ്മി പാർട്ടിയുടെ ഒരു പ്രവർത്തകയാണ് വീഡിയോ പങ്കുവച്ചത്.
മറ്റൊരു വീഡിയോയിൽ, മധ്യപ്രദേശിലെ ഝാൻസിയിൽ വോട്ടിംഗ് മെഷീനുകൾ സ്ഥാനാർഥികളെ അറിയിക്കാതെ കൊണ്ടുവന്നു എന്ന് ഒരു പ്രവർത്തകൻ ആരോപിച്ചു. ഗാസിപ്പൂരിൽ വോട്ടിംഗ് മെഷീനുകൾ മാറ്റിവച്ചതായി മഹാസഖ്യ സ്ഥാനാർഥി അഫ്സൽ അൻസാരി ആരോപിച്ചു.
വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടത്താൻ ബിജെപി ശ്രമിക്കുന്നതായി പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നത്. ഇവിഎം ക്രമക്കേട് സംബന്ധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം വീണ്ടും സംശയങ്ങൾ ഉയർത്തിയിരുന്നു.
ബിഹാറിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ്റൂമിനു സമീപത്തുനിന്ന് ഒരു ലോറി ഇവിഎമ്മുകൾകഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. വോട്ടിംഗ മെഷീനിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന ആരോപണങ്ങളെ ശക്തിപ്പെടുത്തുന്നതായിരുന്നു ഈ സംഭവം. എക്സിറ്റ് പോളുകൾ തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തുന്നതിനു വേണ്ടി പുറത്തു വിടുന്ന കണക്കുകളാണെന്നാണ് പ്രതിപക്ഷ വിമർശനം.