ന്യൂഡൽഹി: ഉത്തർപ്രദേശിൽ വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടത്താൻ ശ്രമിക്കുന്നെന്ന ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തരം സംഭവങ്ങൾ നിസാരമാണെന്നും വോട്ടെണ്ണലിനു മുന്പ് വോട്ടിംഗ് മെഷീനുകൾ സുരക്ഷിതമാക്കാൻ ആവശ്യമായ പ്രോട്ടോക്കോളുകൾ പാലിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
സ്ഥാനാർഥികളുടെ മുന്നിൽവച്ചാണ് വിവിപാറ്റുകളും വോട്ടിംഗ് മെഷീനുകളും സീൽ ചെയ്തത്. ഇത് വീഡിയോയിൽ പകർത്തിയിട്ടുണ്ട്. സിസിഖിവി കാമറകളുമുണ്ട്. ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്നും കമ്മീഷൻ അറിയിച്ചു.
രാഷ്ട്രീയമായി നിർണായക ശക്തികേന്ദ്രമാകുന്ന ഉത്തർപ്രദേശിലെ ഗാസിപുർ, ചാന്ദൗളി, ദോമരിയാഗഞ്ച്, ഝാൻസി എന്നിവിടങ്ങളിയാണ് ഇവിഎമ്മുകളുമായി ബന്ധപ്പെട്ട് പ്രതിഷേധമുയർന്നത്. ഇതിന്റെ വീഡിയോകൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സ്ട്രോംഗ് റൂമുകളിൽനിന്ന് ഇവിഎമ്മുകൾ ബിജെപിക്ക് അനുകൂലമായി മാറ്റിയെന്ന് രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു.
ഉത്തർപ്രദേശിലെ ചാന്ദൗളിയിൽനിന്ന് പ്രചരിക്കുന്ന വീഡിയോയിൽ, ഒരു കൂട്ടം ആളുകൾ വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് മെഷീനുകളും വാഹനത്തിൽനിന്ന് ഇറക്കി ഒരു കടയിൽ സൂക്ഷിക്കുന്നതായി കാണാം. മറ്റൊരു വീഡിയോയിൽ വോട്ടിംഗ് മെഷീനുകൾ കാറിൽ സൂക്ഷിച്ചിരിക്കുന്ന നിലയിലാണ് കാണാൻ കഴിയുക. പഞ്ചാബിൽനിന്ന് എന്ന പേരിൽ ആം ആദ്മി പാർട്ടിയുടെ ഒരു പ്രവർത്തകയാണ് വീഡിയോ പങ്കുവച്ചത്.
മറ്റൊരു വീഡിയോയിൽ, ഉത്തർപ്രദേശിലെ ഝാൻസിയിൽ വോട്ടിംഗ് മെഷീനുകൾ സ്ഥാനാർഥികളെ അറിയിക്കാതെ കൊണ്ടുവന്നു എന്ന് ഒരു പ്രവർത്തകൻ ആരോപിച്ചു. ഗാസിപ്പൂരിൽ വോട്ടിംഗ് മെഷീനുകൾ മാറ്റിവച്ചതായി മഹാസഖ്യ സ്ഥാനാർഥി അഫ്സൽ അൻസാരി ആരോപിച്ചു. ബിഹാറിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടുയന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോംഗ്റൂമിനു സമീപത്തുനിന്ന് ഒരു ലോറി ഇവിഎമ്മുകൾകഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.
വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടത്താൻ ബിജെപി ശ്രമിക്കുന്നതായി പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നത്. ഇവിഎം ക്രമക്കേട് സംബന്ധിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം വീണ്ടും സംശയങ്ങൾ ഉയർത്തിയിരുന്നു.