കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിർമിതമാണെന്ന അമിക്കസ് ക്യൂറിയുടെ കണ്ടെത്തൽ ശാസ്ത്രീയ അടിസ്ഥാനത്തിലുള്ളതല്ലെന്നും തള്ളിക്കളയണമെന്നും വ്യക്തമാക്കി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സംസ്ഥാനത്തെ പ്രളയ കാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ഉൾപ്പെടെ നൽകിയ ഹർജികളിൽ ജലവിഭവ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്. മുരളി നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
പ്രളയം സംബന്ധിച്ച കേന്ദ്ര ജല കമ്മീഷന്റെ പഠന റിപ്പോർട്ട്, ചെന്നൈയിലെ കെ.പി. സുധീറിന്റെ പഠന റിപ്പോർട്ട്, കേരളത്തിലെ പ്രളയം : കനത്ത മഴയും ഡാമുകളുമുണ്ടാക്കിയ സംയുക്ത പ്രത്യാഘാതം എന്ന വിഷയത്തിൽ ഗാന്ധിനഗർ ഐഐടിയിലെ വിമൽ മിശ്രയുടെ പഠന റിപ്പോർട്ട്, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലിയിൽ ഹിമാൻഷു ധാക്കർ എഴുതിയ ലേഖനം എന്നിവയെ അടിസ്ഥാനമാക്കിയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയാറാക്കിയത്. കനത്ത മഴയെ തുടർന്നാണ് പ്രളയം ഉണ്ടായതെന്നും ഡാം പെട്ടെന്ന് തുറന്നുവിട്ടിട്ടില്ലെന്ന് രേഖകളിൽ വ്യക്തമാണെന്നും സത്യവാങ്മൂലം പറയുന്നു.
പ്രളയം മനുഷ്യ നിർമിതമല്ലെന്നും പേമാരിയാണു പ്രളയ കാരണമെന്നും ആദ്യ രണ്ടു പഠനറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ, മറിച്ച് അഭിപ്രായമുള്ള വിമൽ മിശ്രയുടെ പഠന റിപ്പോർട്ട് ഹൈഡ്രോളജി ആൻഡ് എർത്ത് സിസ്റ്റം സയൻസ് എന്ന ശാസ്ത്ര മാസിക പ്രസിദ്ധീകരണയോഗ്യമല്ലെന്നു വിലയിരുത്തി തള്ളിയതാണ്. ഹിമാൻഷു ധാക്കർ എഴുതിയ ലേഖനത്തിന് ശാസ്ത്രീയ അടിത്തറയില്ല. ലേഖകൻ ശാസ്ത്രജ്ഞനോ സാങ്കേതിക വിദഗ്ധനോ അല്ല. ഉന്നത നിലവാരമുള്ളതും ശാസ്ത്രീയമായി അംഗീകരിച്ചതുമായ രണ്ടു പഠന റിപ്പോർട്ടുകളെ ശാസ്ത്രലോകം തിരസ്കരിച്ച പഠന റിപ്പോർട്ട്, ലേഖനം എന്നിവയുമായി താരതമ്യം ചെയ്താണ് അമിക്കസ് ക്യൂറി റിപ്പോർട്ട് തയാറാക്കിയതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
ഡാമുകളിലേക്ക് ഒഴുകിയെത്തിയ ജലത്തിനു തുല്യമായ തരത്തിൽ കൂടുതൽ വെള്ളം തുറന്നു വിട്ടില്ല. ഇക്കാരണത്താൽ പ്രളയം മനുഷ്യനിർമിതമെന്ന് പറയാനാവില്ല. കേരളത്തിലെ ഡാമുകൾ പ്രളയം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതല്ല, ജലസംഭരണത്തിനു വേണ്ടിയുള്ളതാണ്. ഡാമുകൾക്ക് പ്രളയത്തെ തടയാനാവില്ലെങ്കിലും ആഘാതത്തിന്റെ തോത് കുറയ്ക്കാൻ കഴിയും. രൂപകല്പനയിലും ഘടനയിലുമുള്ള പരിമിതികൾക്കുള്ളിൽനിന്ന് ഡാമുകളെ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. പ്രളയത്തിനു മുന്പു തന്നെ മിക്ക ഡാമുകളിലെയും ജലനിരപ്പ് ഉയർന്നിരുന്നെന്ന് അമിക്കസ് ക്യൂറി പറയുന്നത് ശാസ്ത്രലോകം നിരസിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. നിരീക്ഷണങ്ങളിൽ പലതും ഈ പഠനത്തിൽ നിന്നുള്ളതാണ്.