ന്യൂഡൽഹി: താൻ കൊല്ലപ്പെട്ടു കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. ബിജെപി നേതാവ് വിജയ് ഗോയലിന്റെ പരാമർശങ്ങളോടു പ്രതികരിക്കവെയായിരുന്നു കേജരിവാളിന്റെ പരാമർശം. തന്റെ സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ വധിക്കാൻ സാധ്യതയുണ്ടെന്ന് കേജരിവാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മാതൃകയിൽ തന്നെയും വധിക്കുമെന്നായിരുന്നു കേജരിവാളിന്റെ ആരോപണം. ബിജെപിയാണ് തന്റെ ജീവനെടുക്കാൻ ശ്രമിക്കുന്നതെന്നും തന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ബിജെപിക്കാണു റിപ്പോർട്ട് നൽകുന്നതെന്നും കേജരിവാൾ ആരോപിച്ചു. ഇതിനോടു പ്രതികരിച്ച കേന്ദ്രമന്ത്രി വിജയ് ഗോയൽ, കേജരിവാൾ സുരക്ഷാ ഇദ്യോഗസ്ഥരെ സംശയിക്കുന്നത് ഖേദകരമാണെന്ന് പറഞ്ഞു. കേജരിവാൾ നേരിട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേജരിവാളിന് ദീർഘായുസും ഗോയൽ ആശംസിച്ചു.
ഇതിനോട് പ്രതികരിക്കവെയാണ് കേജരിവാൾ മോദിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. തന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കല്ല, മോദിക്കാണ് താൻ കൊല്ലപ്പെട്ടു കാണാൻ ആഗ്രഹമെന്ന് കേജരിവാൾ ആരോപിച്ചു. ട്വിറ്ററിലായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം.