തിരുവനന്തപുരം: സഭയുടെ ആത്യന്തികമായ ദൗത്യം പ്രേഷിതപ്രവർത്തനമാണെന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. 132-ാമത് ചങ്ങനാശേരി അതിരൂപത ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 132 വർഷത്തെ ചരിത്രമുള്ള ചങ്ങനാശേരി അതിരൂപതയ്ക്കു സഭയുടെ പ്രേഷിതപ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതിനു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സഭയുടെ പ്രേഷിതപ്രവർത്തനത്തിൽ എല്ലാവരും പങ്കുചേരണം. വൈദികർ, സന്യസ്ഥർ, അൽമായർ എല്ലാം അജപാലക ശുശ്രൂഷയിൽ പങ്കുചേരുന്നത് സഭയ്ക്കു ശക്തിപകരും. അതിരൂപതയിൽ നാം ഒരു കുടുംബം എന്ന ആപ്തവാക്യം മനസിൽ ഉറപ്പിച്ചുകൊണ്ടാണ് നാം ഇവിടെ ഒരുമിച്ചുകൂടിയിരിക്കുന്നത്. സഭയ്ക്ക് ഒരു പാരന്പര്യമുണ്ട്. ദൈവഭയവും ധാർമികതയും ഇല്ലാതെ വരുന്പോഴാണ് ജീവിതത്തിൽ തകർച്ച നേരിടുന്നത്. കേരളം നിരവധി മിഷനറിമാരെ സംഭാവന ചെയ്തതായും അദ്ദേഹം ഓർമിച്ചു. ചടങ്ങിൽ ചങ്ങനാശേരി അതിരൂപതയുടെ ദർശനം ന്യൂസ് പോർട്ടലിന്റെ മൊബൈൽ ആപ്പ് ലോഞ്ചിംഗും ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ അഞ്ച് പുതിയ സ്വതന്ത്ര ഇടവകകളുടെ പ്രഖ്യാപനവും ആർച്ച് ബിഷപ് നിർവഹിച്ചു. കല്ലൂർക്കാട് ചന്പക്കുളം ഫൊറോനയുടെ കീഴിലുള്ള തെക്കേക്കര സെന്റ് സെബാസ്റ്റ്യൻ പള്ളിയെ സ്വതന്ത്ര ഇടവകയായി ഉയർത്തുകയും പ്രഥമ വികാരിയായി ഫാ. വർഗീസ് താനമാവുങ്കലിനെ നിയമിക്കുകയും ചെയതു. പാന്പാടി ദൈവമാതാ ദേവാലയത്തെയും സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചു. പ്രഥമ വികാരിയായി ഫാ.തോമസ് പ്ലാത്തോട്ടത്തിലിനെ നിയമിച്ചു. കുടമാളൂർ ഫൊറോന പള്ളിയുടെയും അതിരന്പുഴ ഫൊറോന പള്ളിയുടെയും മാന്നാനം ഭാഗത്തുള്ള കുടുംബ കൂട്ടായ്മകൾ ഉൾപ്പെടുത്തി ആരംഭിച്ച 12 ശ്ലീഹന്മാരുടെ അജപാലന കേന്ദ്രത്തെയും സ്വതന്ത്ര ഇടവകയായി പ്രഖ്യാപിച്ചു. ഫാ.ജോർജ് വല്ലയിലിനെയാണ് പ്രഥമ വികാരിയായി നിയമിച്ചിരിക്കുന്നത്. തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളിയുടെ കീഴിലുള്ള കാര്യവട്ടം സെന്റ് ജോസഫ് പള്ളിയെ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കുകയും ഫാ.ജോർജ് പുരയ്ക്കലിനെ പ്രഥമ വികാരിയായി നിയമിക്കുകയും ചെയ്തു. ആലപ്പുഴ മാർ സ്ലീവാ ഫൊറോന പള്ളിയുടെ കുരിശുപള്ളിയായി സ്ഥാപിക്കപ്പെട്ട ചാത്തനാട് വിശുദ്ധ അൽഫോൻസാ പള്ളിയും സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. ഫാ.ജോസഫ് പുതുവീടാണ് പ്രഥമ വികാരി.