തിരുവനന്തപുരം: കത്തോലിക്കാ സഭാസമൂഹം ഭാരതത്തിനു നൽകിയ സംഭാവനകൾ വലുതാണെന്നു കർണാടക മുൻ ചീഫ് സെക്രട്ടറി ഡോ.ജെ. അലക്സാണ്ടർ. കുറ്റിച്ചൽ ലൂർദ് മാതാ എൻജിനിയറിംഗ് കോളജിലെ ദൈവദാസൻ ഫാ. അദെയോദാത്തൂസ് ഒസിഡി നഗറിൽ നടന്ന 132-ാമത് ചങ്ങനാശേരി അതിരൂപത ദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭാസമൂഹം വലിയ വെല്ലുവിളികൾ നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജനസംഖ്യാടിസ്ഥാനത്തിൽ ക്രൈസ്തവ സമൂഹം ന്യൂനപക്ഷമാണ്. എന്നാൽ ആതുരശുശ്രൂഷ, വിദ്യാഭ്യാസം, സമൂഹനന്മ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ഈ സമൂഹം നൽകുന്ന സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. വിശ്വാസത്തിന്റെയും പാരന്പര്യത്തിന്റെയും ദീപം പരത്തുന്നതിന് നമുക്കു സാധിക്കട്ടെ. സമൂഹത്തിൽ പ്രകാശം പരത്തേണ്ട ചുമതല സഭാസമൂഹത്തിനുണ്ട്. ചങ്ങനാശേരി അതിരൂപതയ്ക്കു അതിപുരാതന ചരിത്രമാണ് പറയാനുള്ളത്. പകർന്നുകിട്ടിയ വിശ്വാസത്തിന്റെ പ്രകാശമാണ് ഈ അതിരൂപതാദിനത്തിലെ വിശ്വാസികളുടെ വലിയ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരുന്നു. കുറ്റിച്ചൽ ലൂർദ്മാതാ എൻജിനിയറിംഗ് കോളജ് അതിരൂപത ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം അദ്ദേഹം നടത്തി. പൊതുസമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ ബിഷപ് മാർ മാത്യു അറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരക ഭവന നിർമാണ പദ്ധതികളുടെ സമർപ്പണം ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ നിർവഹിച്ചു. 93 ഭവനങ്ങളുടെ നിർമാണം പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു.
അതിരൂപതാദിനത്തോടനുബന്ധിച്ചുള്ള എക്സലൻസ് അവാർഡ് ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മുൻ ഡയറക്ടർ പ്രഫ.ജെ. ഫിലിപ്പിന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മാനിച്ചു. ഉന്നത നേട്ടങ്ങൾ കൈവരിച്ച അതിരൂപതാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ജേതാക്കളെ പിആർഒ അഡ്വ. ജോജി ചിറയിൽ പരിചയപ്പെടുത്തി. മികച്ച പാരീഷ് കൗണ്‍സിലിനെ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ് പരിചയപ്പെടുത്തി. പ്രഫ.ജെ.ഫിലിപ്പ് മറുപടി പ്രസംഗം നടത്തി. അതിരൂപതാദിനത്തിന്റെ കോ-ഓർഡിനേറ്റർ റവ.ഡോ.സോണി മുണ്ടുനടയ്ക്കൽ നന്ദി പറഞ്ഞു.
വികാരി ജനറാൾമാരായ റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, റവ.ഡോ. ഫിലിപ്സ് വടക്കേക്കളം, റവ.ഡോ. തോമസ് പാടിയത്ത്, ചാൻസലർ റവ.ഡോ. ഐസക് ആലഞ്ചേരി, പ്രോക്യുറേറ്റർ ഫാ. ഫിലിപ് തയ്യിൽ, റവ.ഡോ.മാണി പുതിയിടം, അന്പൂരി ഫൊറോനാ വികാരി ഫാ. ജോസഫ് ചൂളപ്പറന്പിൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ആന്റണി മാത്യൂസ്, അസിസ്റ്റന്റ് സെക്രട്ടറി ജോസ് മാത്യു ആനിത്തോട്ടത്തിൽ, കോ ഓർഡിനേറ്റർമാരായ ഫാ. ജോർജ് മാന്തുരുത്തിൽ, ഫാ. ജോസ് പുത്തൻചിറയിൽ, ഫാ. ആന്റണി തലച്ചെല്ലൂർ, ലൂർദ്മാതാ കോളജ് ഡയറക്ടർ റവ.ഡോ.ടോമി ജോസഫ് പടിഞ്ഞാറേവീട്ടിൽ, പ്രിൻസിപ്പൽ ഡോ.പി.പി.മോഹൻലാൽ, മാതൃജ്യോതിസ് അന്പൂരി ഫൊറോന പ്രസിഡന്റ് വള്ളിയാനിപ്പുറം അമ്മിണി പൗലോസ്, വിവിധ ഫൊറോനകളിലെ വൈദികർ, ഫൊറോനാ കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതിനിധി സമ്മേളനം കെസിബിസി പ്രസിഡന്റും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പുമായ ഡോ.എം.സൂസപാക്യം ഉദ്ഘാടനം ചെയ്തു. സഭാസമൂഹത്തിനു വേണ്ടത് അർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം കൊളുത്തിയ ഭദ്രദീപത്തിൽ നിന്നും 16 ഫൊറോനകളിലെ സെക്രട്ടറിമാർ ദീപം തെളിച്ചതോടെയാണ് പ്രതിനിധി സമ്മേളനത്തിനു തുടക്കമായത്. ജോയിന്റ് സെക്രട്ടറിമാർ പേപ്പൽ പതാകയുമായി ദീപത്തെ അനുഗമിച്ചു. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരുന്ന ചടങ്ങിൽ സഹായമെത്രാൻ മാർ തോമസ് തറയിൽ സ്വാഗതം ആശംസിച്ചു. നമ്മുടെയുള്ളിൽ വസിക്കുന്ന നന്മ കണ്ടെത്തുന്നതിന് ഓരോരുത്തർക്കും സാധിക്കണമെന്നു പ്രതിനിധി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണർ യു.വി.ജോസ് പറഞ്ഞു.
പാസ്റ്ററൽ കൗണ്‍സിൽ അസിസ്റ്റന്റ് സെക്രട്ടറി ജോസ് മാത്യു ആനിത്തോട്ടം പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക ഉയർത്തി. വികാരി ജനറാൾ റവ.ഡോ. തോമസ് പാടിയത്ത് പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾക്കു നേതൃത്വം നൽകി. വികാരി ജനറാൾ റവ.ഡോ.ജോസഫ് മുണ്ടകത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. അന്പൂരി ഫൊറോനാ വികാരി ഫാ.ജോസഫ് ചൂളപ്പറന്പിൽ സമ്മേളന നഗറിനെ പരിചയപ്പെടുത്തി എസ്എച്ച് പ്രൊവിൻഷ്യാൾ സിസ്റ്റർ ഡോ. അമല ജോസ്, ദിവ്യാ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. അന്പൂരി ഫൊറോന അഥിത്യമരുളിയ പരിപാടിയിൽ അതിരൂപതയിലെ 16 ഫൊറോനകളിലെ 230 ഇടവകകളിൽ നിന്നായി 3500ഓളം പ്രതിനിധികളാണ് പങ്കെടുക്കാനെത്തിയത്.
43 കോടിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തി
തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപത കഴിഞ്ഞ സാന്പത്തിക വർഷം പൂർത്തിയാക്കിയത് 43.03 കോടി രൂപയുടെ ജീവകാരുണ്യപ്രവർത്തനങ്ങളാണെന്നു ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു. പ്രളയവുമായി ബന്ധപ്പെട്ട് 20.56 കോടി രൂപയും ഭവന നിർമാണ പദ്ധതികൾക്കായി 17.56 കോടി രൂപയും പുനരധിവാസ പദ്ധതികൾക്കായി 4.89 കോടി രൂപയുമാണ് ചെലവഴിച്ചത്. ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ചാസ് നടത്തുന്ന പദ്ധതികളും ഇതിൽ ഉൾപ്പെടും. ചങ്ങനാശേരി അതിരൂപതയുടെ തെക്കൻ മേഖലയിൽ കാർഷിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളുടെ സമഗ്ര ഉന്നമനത്തിനായി ആശ്രയഗ്രാം എന്ന പേരിൽ ചാരിറ്റബിൽ ട്രസ്റ്റ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.