ന്യൂഡൽഹി: ലോക്സഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർധിച്ചു. കേന്ദ്ര ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിംഗ് കന്പനികൾ തിങ്കളാഴ്ച തന്നെ പെട്രോൾ വില വർധിപ്പിച്ചിരുന്നു. വില വർധനവ് വരും ദിവസങ്ങളിലും തുടരുമെന്നാണു സൂചന.
തിങ്കളാഴ്ച പെട്രോൾ വില 8-10 പൈസയാണ് വർധിച്ചത്. ചൊവ്വാഴ്ച കന്പനികൾ പെട്രാളിന് അഞ്ചു പൈസ കൂട്ടി. ഡീസൽ വില തിങ്കളാഴ്ച 15-16 പൈസ വർധിപ്പിച്ചപ്പോൾ, ചൊവ്വാഴ്ച 9-10 പൈസയാണ് കൂട്ടിയത്.
ലോക്സഭാ തെരഞ്ഞെടുപ്പു ഘട്ടങ്ങളിൽ ഇന്ധനവില ഉയർത്താതെ കേന്ദ്ര സർക്കാർ പിടിച്ചുനിർത്തിയിരുന്നു. എന്നാൽ, അവസാനഘട്ട വോട്ടെടുപ്പിനു ശേഷം എണ്ണക്കന്പനികൾ പെട്രോളിനും ഡീസലിനും വില കൂട്ടുകയായിരുന്നു.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം പെട്രോളിന് 1.79 രൂപ കുറഞ്ഞിരുന്നു. എന്നാൽ, ഡീസൽ വില ഏറ്റക്കുറച്ചിലില്ലാതെ നിന്നു.