കൊച്ചി: സംസ്ഥാനത്തെ പ്രളയത്തെക്കുറിച്ചുള്ള അമിക്കസ്ക്യൂറി റിപ്പോർട്ട് തള്ളി സംസ്ഥാന സർക്കാർ. അമിക്കസ്ക്യൂറിയുടെ റിപ്പോർട്ട് ശാസ്ത്രീയ പഠനമല്ലെന്നും ശാസ്ത്രലോകം തള്ളിയ കണക്കുകൾവച്ചാണ് അമിക്കസ്ക്യൂറി റിപ്പോർട്ട് സമർപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. അതിവർഷം തന്നെയാണ് പ്രളയത്തിന് കാരണം. ഇക്കാര്യം കേന്ദ്ര ജലകമ്മീഷനും ശരിവച്ചിട്ടുണ്ട്. സംഭവത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
പ്രളയകാലത്ത് കേരളത്തിലെ ഡാമുകൾ തുറന്നു വിട്ടതിൽ പാളിച്ചകളുണ്ടായെന്ന് ഹൈക്കോടതിയിലാണ് അമിക്കസ്ക്യൂറി റിപ്പോർട്ട് സമർപ്പിച്ചത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ പെയ്ത മഴയുടെ അളവ് തിരിച്ചറിയാൻ സംസ്ഥാനത്തെ സംവിധാനങ്ങൾക്കും വിദഗ്ധർക്കും സാധിച്ചില്ല. ഡാമുകളിലെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിച്ച് അതെപ്പോൾ തുറക്കണം എന്ന കാര്യത്തിൽ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.
ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിൽ നിന്നടക്കം പലതരം മുന്നറിയിപ്പുകൾ വന്നിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കുകയോ മുൻകരുതലുകൾ സ്വീകരിക്കുകയോ ചെയ്തില്ലെന്നും ഓറഞ്ച്, റെഡ് അലർട്ടുകൾ നൽകിയില്ലെന്നും ഇതെല്ലാം മഹാപ്രളയത്തിന് കാരണമായെന്നുമാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രളയം മനുഷ്യ നിർമിതമാണെന്നും ഡാം മാനേജ്മെന്റിൽ പാളിച്ചകളുണ്ടെന്നും തുടക്കം മുതൽ പ്രതിപക്ഷം ആരോപിച്ചിരുന്നു എന്നാൽ പെട്ടന്നുണ്ടായ മഴയാണ് പ്രളയത്തിന് കാരണമെന്നായിരുന്നു സർക്കാർ വാദം.