മാധ്യമസ്വാതന്ത്ര്യത്തിനു വിലക്കേർപ്പെടുത്തലാണ് ഏകാധിപത്യത്തിന്റെ ആദ്യഘട്ടമെന്ന് ഫ്രാൻസിസ് മാർപാപ്പ. മാധ്യമസ്വാതന്ത്ര്യമാണ് ഒരു രാജ്യത്തിന്റെ ആരോഗ്യം വ്യക്തമാക്കുന്ന സൂചിക. വത്തിക്കാനിൽ ഫോറിൻ പ്രസ് അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തനത്തിനിടെ ജീവൻവെടിഞ്ഞവർക്ക് മാർപാപ്പ ആദരാഞ്ജലി അർപ്പിച്ചു.
കൊല, തടവ്, അക്രമം, ഭീഷണി മുതലായവയ്ക്ക് ഇരകളായ മാധ്യമപ്രവർത്തകരുടെ കാര്യം അസോസിയേഷൻ പ്രസിഡന്റ് പട്രീഷ്യ തോമസ് ചൂണ്ടിക്കാട്ടി. നോർത്തേൺ അയർലൻഡിൽ കലാപം റിപ്പോർട്ട് ചെയ്യുന്നതിനിടെ കൊല്ലപ്പെട്ട ലൈറ മക്കീ, 2017ൽ മാൾട്ടയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡാഫ്നെ ഗലീസിയ, ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട ജമാൽ ഖഷോഗി തുടങ്ങിയവരുടെ കാര്യം പട്രീഷ്യ പരാമർശിച്ചു.
പീഡിപ്പിക്കപ്പെടുന്നവർ, തിരസ്കൃതർ, വിവേചനത്തിന് ഇരകളാകുന്നവർ തുടങ്ങിയവരുടെ പക്ഷത്താണ് മാധ്യമപ്രവർത്തകർ നിൽക്കേണ്ടതെന്നു മാർപാപ്പ പറഞ്ഞു. വ്യാജ വാർത്തകൾ തിരസ്കരിക്കണം. മാധ്യമ പ്രവർത്തകർക്ക് അവശ്യം വേണ്ട ഗുണമാണു വിനയം. എല്ലാം അറിയാമെന്ന ധാരണയോടെ പ്രവർത്തിക്കുന്നത് സത്യം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തെ തടസ്സപ്പെടുത്തും. വാർത്താ പ്രാധാന്യം നഷ്ടപ്പെട്ടാലും ഇരകളെ മറക്കരുത്. മ്യാൻമറിൽനിന്നു പലായനം ചെയ്ത രോഹിംഗ്യകൾ ഇപ്പോഴും ദുരിതം അനുഭവിക്കുകയാണെങ്കിലും വാർത്തകളിൽ ഇടംപിടിക്കുന്നില്ലെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി.