കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് രേഖ കെട്ടിച്ചമച്ചതിന്റെ അന്വേഷണം പുരോഗമിക്കുന്പോൾ വൻ ഗൂഢാലോചന നടന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നതെന്നു പോലീസ്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആദിത്യ എന്ന യുവാവിൽനിന്നു ലഭിക്കുന്ന മൊഴികൾ ഈ സൂചനയിലേക്കാണു വിരൽ ചൂണ്ടുന്നത്. കർദിനാൾ മാർ ആലഞ്ചേരിയെ സ്ഥാനഭ്രഷ്ടനാക്കുകയെന്ന ലക്ഷ്യത്തോടെ ചിലർ നടത്തിയ ഗൂഢാലോചനയിലെ കരുവായി ആദിത്യ എന്ന യുവാവ് മാറുകയായിരുന്നോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
കർദിനാളിന്റെ തന്നെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഒരു വൈദികനെതിരേയാണ് ഇപ്പോൾ അറസ്റ്റിലായ ആദിത്യ മൊഴി നൽകിയിരിക്കുന്നത്. വൈദികന്റെ ആവശ്യപ്രകാരമാണ് വ്യാജരേഖ നിർമിച്ചതെന്നാണ് മൊഴി.
കർദിനാൾ സ്വകാര്യ ബാങ്ക് അക്കൗണ്ടുകൾ വഴി നിഗൂഢ പണമിടപാടുകൾ നടത്തിയിരുന്നെന്നു സ്ഥാപിക്കുകയും അങ്ങനെ അദ്ദേഹത്തിനെതിരേ സഭയ്ക്കുള്ളിൽ വികാരം ഉയർത്തുകയുമായിരുന്നു വ്യാജരേഖ തയാറാക്കിയവരുടെ ലക്ഷ്യം. ഇതു കരുവാക്കി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാമെന്ന മോഹവും ഉണ്ടായിരുന്നതായി സംശയിക്കുന്നു. സഭയുടെ സിനഡ് നടക്കുന്ന സമയത്തുതന്നെ ഈ വ്യാജരേഖ അവിടെ എത്തിച്ചത് ഇതിന്റെ ഭാഗമായാണെന്നു കരുതുന്നു. എന്നാൽ, ഇങ്ങനെയൊരു ബാങ്ക് അക്കൗണ്ട് തനിക്കില്ലെന്നു കർദിനാൾ വ്യക്തമാക്കിയതോടെ ഇതു വ്യാജമായി ആരോ ചമച്ചതാണെന്ന സംശയം ഉയർന്നു. ബാങ്കുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴും ഇങ്ങനെയൊരു അക്കൗണ്ട് ഇല്ലെന്നു വ്യക്തമായി.
ഇതോടെ, സീറോ മലബാർ സഭയുടെ തലവനെതിരേ വ്യാജരേഖ ചമയ്ക്കുക എന്ന ഗുരുതരമായ കുറ്റകൃത്യം നടത്തിയതിനെതിരേ പോലീസിൽ പരാതി നൽകാൻ സിനഡ് നിർദേശിച്ചു.
സഭയിലെ ബിഷപ്പുമാരെല്ലാം ഏക സ്വരത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ സിനഡിന്റെ നിർദേശപ്രകാരം സീറോ മലബാർ സഭ ഐടി മിഷൻ ഡയറക്ടർ ഫാ. ജോബി മാപ്രക്കാവിൽ എംഎസ്ടി പോലീസിൽ പരാതി നൽകി.
സഭയ്ക്കുള്ളിൽ കർദിനാളിനെതിരേ വലിയ വികാരമുയരാൻ കാരണമാകുമെന്ന പ്രതീക്ഷയോടെയാണ് വ്യാജരേഖ ചമച്ചതെങ്കിലും ഇതു പോലീസ് കേസ് ആയതോടെ ഗൂഢാലോചന നടത്തിയവർക്കു കനത്ത തിരിച്ചടിയായി.
വ്യാജരേഖയുടെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. ഈ രേഖകൾ റവ.ഡോ.പോൾ തേലക്കാട്ടാണ് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റർക്കു കൈമാറിയത്. അദ്ദേഹം മാർ ആലഞ്ചേരിക്കും സിനഡിനും ഇതു കൈമാറി.
പരാതിയിൽ ആരെയും പ്രതിയാക്കാൻ പറഞ്ഞിട്ടില്ലെന്നും സത്യം കണ്ടെത്തണമെന്നു മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും സഭാനേതൃത്വം വ്യക്തമാക്കിയിരുന്നു. അന്വേഷണം തുടർന്ന പോലീസ് റവ.ഡോ.പോൾ തേലക്കാട്ടിന്റെ മൊഴിയെടുത്തു. ഇ മെയിൽ വഴിയാണ് തനിക്ക് ഈ രേഖകൾ കിട്ടിയതെന്നാണ് അദ്ദേഹം മൊഴി നൽകിയത്. ഇതോടെ കംപ്യൂട്ടറുകളും മറ്റും പരിശോധിച്ചാണു രേഖകൾ ഫാ.തേലക്കാട്ടിന് അയച്ചുകൊടുത്ത ആദിത്യയിലേക്കു പോലീസ് എത്തിയത്. കർദിനാളിന്റെ മുൻ സെക്രട്ടറിയായ ഒരു വൈദികന്റെ നിർദേശപ്രകാരം താൻ തന്നെയാണ് വ്യാജമായി രേഖകൾ നിർമിച്ചതെന്ന് ഇദ്ദേഹം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്.
വ്യാജരേഖകൾ തയാറാക്കുന്നതിനുള്ള ഗൂഢാലോചനയിൽ ആർക്കൊക്കെ പങ്കുണ്ടെന്നുള്ള അന്വേഷണമാണ് പോലീസ് ഇപ്പോൾ നടത്തുന്നത്. അന്വേഷണം പുരോഗമിക്കുന്നതനുസരിച്ചു കൂടുതൽ അറസ്റ്റിനു സാധ്യതയുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.