നൈജീരിയയിൽ ഒരു ദിവസം കൊല്ലപ്പെടുന്നത് ആറ് ക്രൈസ്തവർ; ലോകം ഇതൊന്നും കാണുന്നില്ലേ?

നൈജീരിയ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രൈസ്തവർക്കെതിരെയുള്ള തീവ്രവാദി ആക്രമണങ്ങൾ അതീവ ഗുരുതരമായി തുടരുന്നുവെന്നും കാര്യക്ഷമമായ അന്താരാഷ്ട്ര ഇടപെടലുകൾ ഇനിയും ഉണ്ടായില്ലെങ്കിൽ ആഫ്രിക്കൻ ഭൂഖണ്ഡമാകെ സംഘർഷ ഭൂമിയാകുമെന്നും റിപ്പോർട്ട്. ബോക്കോഹറാം തീവ്രവാദികൾക്ക് പുറമെ ഫുലാനികളും മേഖലയിൽ പിടിമുറുക്കിയതോടെയാണ് നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ നരനായാട്ട് വ്യാപകമായത്. ക്രിസ്തുവിശ്വാസത്തെപ്രതി ദിവസംതോറും ആറ് ക്രൈസ്തവർ കൊലക്കത്തിക്കിരയാകുമ്പോഴും ലോകം ഇതൊന്നും കണ്ട മട്ട് നടിക്കാത്തതിൽ ആശങ്കാകുലരാണ് ലോകമെങ്ങുമുള്ള ക്രൈസ്തവസമൂഹം.

കഴിഞ്ഞ ഏപ്രിലിൽമാത്രം തീവ്രവാദികളുടെ ആക്രമണങ്ങളാൽ കൊല്ലപ്പെട്ടത് 100ൽപ്പരം ക്രൈസ്തവരാണെന്ന് സന്നദ്ധസംഘടനയായ ‘ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ദ റൂൾ ഓഫ് ലോ’യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു മാസങ്ങളിലായി ഓരോ മാസവും 180 മുതൽ 200 ക്രൈസ്തവരുടെ ജീവനാണ് നഷ്ടപ്പെടുന്നതെന്നും റിപ്പോർട്ട് ചുണ്ടിക്കാട്ടുന്നു. അതായത് ദിവസവും ആറു ക്രൈസ്തവർ വീതം കൊല്ലപ്പെടുന്നു.

സർക്കാരിന്റെ നിഷ്‌ക്രിയമായ നിലപാട് പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാക്കുകയാണെന്ന് ബൊക്കോഹറാമിന്റെ ശക്തികേന്ദ്രമായ മെയ്ദുഗുരിൽനിന്നുള്ള വൈദീകൻ ഫാ. ജോസഫ് ഫിഡെലിസ് പറയുന്നു. ക്രൈസ്തവരായി തുടരുന്നത് മരണത്തെ മുഖാമുഖം കാണുന്നതിന് തുല്യമാണെങ്കിലും വിശ്വാസം കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ആക്രമണങ്ങളിൽ നിരവധി പേരാണ് പലായനം ചെയ്യുന്നത്.അവരിൽ പലർക്കും അഭയം നൽകാനുള്ള ശ്രമത്തിലാണ്. ഭക്ഷണവും മറ്റു ആവശ്യങ്ങൾക്കുമായി അവർക്കു പിന്തുണ ആവശ്യമാണ്,’ അദ്ദേഹം പറഞ്ഞു. ബോക്കോഹറാം തീവ്രവാദികളേക്കാൾ ഫുലാനി വിഭാഗമാണ് ക്രൈസ്തവരെ കൂടുതൽ കൊന്നൊടുക്കുന്നതെന്നും കഴിഞ്ഞ വർഷം 2400ൽപ്പരം ക്രൈസ്തവർ ഫുലാനികളുടെ കൊലക്കത്തിക്കിരയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.