തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പട്ടിക വർഗക്കാരായ വിദ്യാർഥികൾക്കു സൗജന്യ സാങ്കേതിക വിദ്യാഭ്യാസമൊരുക്കിക്കൊണ്ട് കാരുണ്യത്തിന്റെ പുതിയ ചുവടുവയ്പുമായി കുറ്റിച്ചൽ ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി.
ലൂർദ് മാതാ കോളജിലെ എംസിഎ വിഭാഗത്തിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സർക്കാരുമായി സഹകരിച്ചാണ് പട്ടിക വർഗത്തിൽപ്പെട്ട വിദ്യാർഥികൾക്കും യുവതി-യുവാക്കൾക്കുമായി സൗജന്യ സാങ്കേതിക വിദ്യാഭ്യാസം നൽകുന്നത്. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പരിജ്ഞാനവും ബോധവത്കരണവും നൽകുന്നതിനായി ആരംഭിച്ച പദ്ധതിക്ക് ഫോർസ 2 K19 എന്നാണ് പേരിട്ടിരിക്കുന്നത്.
പട്ടികവർഗ വികസന വകുപ്പിന്റെയും വനം വകുപ്പിന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ.എസ്. ശബരീനാഥൻ എംഎൽഎ നിർവഹിച്ചു.
ലൂർദ് മാതാ കോളജിന്റെ ഉദ്യമത്തെ അദ്ദേഹം സ്വാഗതം ചെയ്തു. വിദ്യാർഥികൾക്കു സാങ്കേതിക വിദ്യാഭ്യാസം നൽകുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം കോളജ് അധികൃതർ സർക്കാരിനു കൈമാറി. കെ.എസ്. ശബരീനാഥൻ എംഎൽഎ, പട്ടികവർഗ വികസന വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജെ.ജോസഫൈൻ, ഡിഎഫ്ഒ വൈ.എം.ഷാജികുമാർ എന്നിവർ ധാരണാപത്രം ഏറ്റുവാങ്ങി.
പട്ടിക വർഗത്തിൽപെട്ട കുട്ടികളെ സാങ്കേതിക വിദ്യാഭ്യാസത്തിൽ പ്രാഗൽഭ്യമുള്ളവരാക്കുക എന്നതാണ് ഫോർസ 2 K 19 എന്ന പദ്ധതിയുടെ ഉദ്ദേശ്യമെന്നു ലൂർദ് മാതാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. സോണി മുണ്ടുനടയ്ക്കൽ പറഞ്ഞു. പഠനമികവ് തെളിയിക്കുന്ന വിദ്യാർഥികൾക്കു ഉന്നത പഠനത്തിന് അവസരമൊരുക്കും.
കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം ഒരുക്കും. കോളജിന്റെ തന്നെ വാഹനത്തിലാണ് വിദ്യാർഥികളെ പഠനത്തിനായി കോളജിലെത്തിക്കുക. ലൂർദ് മാതാ കോളജ് പ്രിൻസിപ്പൽ ഡോ.പി.പി. മോഹൻലാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ കോളജ് മാനേജരും ഡയറക്ടറുമായ റവ.ഡോ. ടോമി ജോസഫ് പടിഞ്ഞാറേവീട്ടിൽ അധ്യക്ഷനായിരുന്നു. പട്ടികവർഗ വികസന വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജെ.ജോസഫൈൻ മുഖ്യ പ്രഭാഷണം നടത്തി.
വനം വന്യജീവി വകുപ്പ് ഡിഎഫ്ഒ വൈ.എം.ഷാജികുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആർ.സുധീർ, ഐടിഡിപി അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ എസ്.എസ്.സുധീർ, റവ.ഡോ.സോണി മുണ്ടുനടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടന ചടങ്ങിൽ കോളജ് ബർസാർ ഫാ.വർഗീസ് എടച്ചേത്ര, ഹോസ്റ്റൽ വാർഡൻ ഫാ. വർഗീസ് നന്പിമഠം, എംസിഎ വകുപ്പു മേധാവി പ്രഫ. സെൽമ ജോസഫ്, ഫോർസ പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രഫ. ജസ്റ്റിൻ ജി. റസൽ തുടങ്ങിയവർക്കൊപ്പം പദ്ധതിയിലേക്ക് ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർഥികളും പങ്കെടുത്തു. എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ പ്രഫ. എസ്.ജി. സുശാന്ത് നന്ദി പറഞ്ഞു.