പൈശാചിക സാന്നിധ്യത്തിന്റെ ഏറ്റവും വലിയ തെളിവ് ദൈവികമായതെല്ലാം അപ്രസക്തവും അയാഥാർത്ഥ്യവുമായി അവതരിപ്പിക്കപ്പെടും എന്നതാണ്. തെറ്റിനെ നിസ്സാരവൽക്കരിക്കുന്നതും ദൈവവിശ്വാസത്തെ അന്ധവിശ്വാസമായി കാണുന്നതും ദൈവ നിഷേധത്തെ ബൗദ്ധിക നവോത്ഥാനമായി ചിത്രീകരിക്കുന്നതും എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ആധുനിക ലോകത്ത് പല പ്രത്യയശാസ്ത്രങ്ങളിലൂടെയും പ്രകടമായി കൊണ്ടിരിക്കുന്ന ഈ ചിന്തഗതിയുടെ അപകടം പലരും മനസ്സിലാക്കുന്നില്ല. പിശാചിനെ കുറിച്ചുള്ള അജ്ഞതയാണ് ഇതിന്റെ പ്രധാന കാരണം. ഈ അജ്ഞതയിലേക്ക് വെളിച്ചം വീശുന്ന കുറച്ച് വസ്തുതകൾ വിശദീകരിക്കുന്നതാണ് ഈ കുറിപ്പ്.
പിശാചിന്റെ ഉത്ഭവം.
മനുഷ്യമനസ്സിനെ എക്കാലവും ചിന്താകുഴപ്പത്തിലാക്കിയ സങ്കീർണമായ പ്രശ്നങ്ങളിലൊന്നാണ് പിശാച് എന്നത്. പിശാചിന്റെ ഉൽഭവം മനുഷ്യന്റെ ചിന്താധാരയിൽ ഉത്തരംകിട്ടാത്ത ഒരു പ്രഹേളികയായി അവശേഷിക്കുന്നുണ്ട്. സർവ്വ നന്മയുടേയും ഉറവിടമായ ദൈവം തിന്മയുടെ മൂർത്തീഭാവമായ പിശാചിനെ സൃഷ്ടിക്കുക എന്നത് അസംഭവ്യമായി തോന്നിയേക്കാം. ഈ ചോദ്യത്തിന്റെ മറ്റൊരു രൂപമാണ് ദൈവം സർവ്വവ്യാപിയാണെങ്കിൽ പിശാച് ഉള്ളിടത്ത് ദൈവവും ഉണ്ടാകുമോ എന്നത്. പിശാചിനെ ദൈവത്തിന്റെ എതിരാളിയായി ചിത്രീകരിക്കുമ്പോൾ ഉണ്ടാകുന്ന യുക്തിരാഹിത്യമാണ് ഇത്തരം ചോദ്യങ്ങളുടെ ഉറവിടം. ആർക്കും ദൈവത്തിന് ഒരു എതിരാളിയാകാൻ സാധിക്കില്ല; പിശാചിനെ ഒരർത്ഥത്തിൽ മനുഷ്യന്റെ എതിരാളിയായി ചിത്രീകരിക്കാം. മനുഷ്യനെ സംബന്ധിക്കുന്ന ദൈവീക പദ്ധതികൾ തകിടം മറിച്ച് മനുഷ്യനെ നിത്യ ശൂന്യതയിലേക്ക് തള്ളി വിടാൻ പിശാച് ശ്രമിക്കുമെന്ന അർത്ഥത്തിലാണ് പിശാച് മനുഷ്യന്റെ എതിരാളിയാകുന്നത്.
അരിസ്റ്റോട്ടിലിന്റെ കാര്യകാരണ സിദ്ധാന്തത്തിലൂടെ ഈ സമസ്യയ്ക്ക് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കാം. വസ്തുക്കളുടെയും വസ്തുതവകകളുടെയും കാരണം ഗ്രഹിക്കുമ്പോഴാണ് അറിവ് പൂർണമാകുന്നത്. കാരണം അന്വേഷിച്ചു ചെല്ലുമ്പോഴാകട്ടെ നാല് ഉത്തരങ്ങളിൽ മനുഷ്യൻ ചെന്നെത്തും എന്നാണ് അരിസ്റ്റോട്ടിൽ പറഞ്ഞുവെക്കുന്നത്.
1. പദാർത്ഥ കാരണം: ഒരു വസ്തു നിർമ്മിക്കാൻ ഉപയോഗിച്ച പദാർത്ഥത്തെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു മേശയാണെങ്കിൽ മരം അല്ലെങ്കിൽ ഫൈബർ ആണ് പദാർത്ഥ കാരണം. മനുഷ്യനാണെങ്കിൽ അവന്റെ ശരീരവും ആത്മാവും ആണ് പദാർത്ഥ കാരണം.
2. രൂപകാരണം: ഏതൊരു വസ്തുവും ആയിരിക്കുന്ന രൂപത്തെയാണ് രൂപ കാരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാലു കാലുകളും പരന്ന പ്രതലവും ചേർന്ന മേശയുടെ രൂപമാണ് അതിന്റെ രൂപ കാരണം. ആത്മാവും ശരീരവും കൂടി ചേർന്ന് ഉണ്ടായ മനുഷ്യന്റെ വ്യക്തിത്വത്തിന്റെ ആകെ തുകയാണ് ഒരുവന്റെ രൂപകാരണം.
3. പ്രവർത്തക കാരണം: ഓരോ വസ്തുവും അത്യന്തികമായി ഉണ്ടാകാൻ കാരണമായ ശക്തിയാണ് പ്രവർത്തക കാരണം. മേശയുടെ പ്രവർത്തക കാരണം അതുണ്ടാക്കിയ ആശാരിയാണ്; മനുഷ്യന്റെതാകട്ടെ ദൈവവും.
4. ലക്ഷ്യ കാരണം: ഏത് ലക്ഷ്യത്തിനുവേണ്ടിയാണൊ ഒരു വസ്തു നിർമ്മിക്കപ്പെട്ടത് അതാണ് അതിന്റെ ലക്ഷ്യ കാരണം. ഉദാഹരണം ഭക്ഷണശാലയിലേക്ക് വേണ്ടി നിർമ്മിച്ച മേശ. മനുഷ്യന്റെ ലക്ഷ്യ കാരണം ദൈവത്തിന്റെ മഹത്വം ആണ്.
പിശാചിന്റെ ഈ നാല് കാരണങ്ങൾ ഒന്ന് കണ്ടെത്തി നോക്കാം. പിശാചിന്റെ പദാർത്ഥ കാരണം ആത്മാവാണ്, രൂപകാരണം അവന്റെ വ്യക്തിത്വവും. പ്രവർത്തക കാരണം ദൈവവും, ലക്ഷ്യ കാരണം ദൈവത്തിന്റെ മഹത്വവുമാണ്. മനുഷ്യനെയും പിശാചിനേയും സംബന്ധിച്ച് അവരുടെ രൂപകാരണത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഘടകമാണ് അവരുടെ ഇച്ഛാശക്തി എന്നത്. ഇച്ഛാശക്തിയുടെ ദുരുപയോഗം മൂലം പ്രവർത്തക കാരണമായ ദൈവം ആഗ്രഹിച്ച ലക്ഷ്യത്തിൽ നിന്ന് അവർ വ്യതിചലിച്ചു പോകുന്നു. അങ്ങനെ വ്യതിചലിച്ചുപോയ മനുഷ്യരും മാലാഖമാരും ചെയ്യുന്ന കുൽസിത പ്രവർത്തികൾ ആണ് തിന്മകൾ. അതിനാൽ, പിശാചിന്റെയും മനുഷ്യരുടെയും പ്രവർത്തക കാരണം ദൈവം ആണെങ്കിൽ പോലും തിന്മയുടെ നേരിട്ടുള്ള കാരണക്കാരൻ ദൈവമാകുന്നില്ല.
പിശാച് ക്രൈസ്തവ വീക്ഷണത്തിൽ
എല്ലാ മതങ്ങളിലും പിശാച് എന്ന സങ്കല്പം ഉണ്ട്. ബ്ലാക്ക് മാസ് ഒരു ആരാധന മാർഗ്ഗം ആയി കൊണ്ട് നടക്കുന്ന സാത്താൻ ആരാധകർ എന്ന മത വിഭാഗം തന്നെ ഇതിന് ഒരു ഉദാഹരണമാണ്. ഏക ദൈവത്തെ ആരാധിക്കുന്നവർ എല്ലാവരും ഏകദൈവത്തെ ഒരു പോലെ മനസ്സിലാക്കിയിട്ടില്ല എന്നതുപോലെ വസ്തുതാപരമായി എല്ലാമതങ്ങളും പിശാചിനെ മനസ്സിലാക്കിയിരിക്കുന്നത് ഒരു പോലെ ആകണമെന്നില്ല.
ശരീരത്തോടുകൂടി മാത്രം സൃഷ്ടിക്കപ്പെട്ടവരാണ് മൃഗങ്ങൾ. ശരീരത്താലും ആത്മാവിനാലും സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യർ. ആത്മാവിനാൽ മാത്രം സൃഷ്ടിക്കപ്പെട്ടവരാണ് മാലാഖമാർ. ശരീരമുള്ള ജീവികളിൽ ഏറ്റവും സങ്കീർണ്ണമായ സൃഷ്ടി മനുഷ്യനാണെങ്കിലും ആത്മാവുള്ള സൃഷ്ടികളിലെ കേവലം ക്യമികൾ മാത്രമാണ് മനുഷ്യർ. ആത്മാവുള്ള സൃഷ്ടികളിൽ ഏറ്റവും സങ്കീർണ്ണമായവർ മാലാഖമാരാണ്. അതായത് പുഴുവും മനുഷ്യനും തമ്മിലുള്ള അന്തരത്തെക്കാൾ അനേകമടങ്ങ് അന്തരമുണ്ട് ബുദ്ധിയുടെയും ശക്തിയുടെയും കാര്യത്തിൽ ഒരു മനുഷ്യനും മാലാഖയും തമ്മിൽ. ദൈവം അനുവദിച്ചാൽ സൃഷ്ട പ്രപഞ്ചത്തെ പോലും തള്ളിനീക്കാൻ ശക്തരാണ് മാലാഖമാർ. എന്നാൽ മൗലീകവും തിരിച്ചെടുക്കാനാകാത്ത വിധം ദൈവത്തേയും അവിടുത്തെ ഭരണത്തേയും സ്വതന്ത്രമായി നിരാകരിച്ചതാണ് ഒരു കൂട്ടം മാലാഖാമാരുടെ പതനം. മരണ ശേഷം മനുഷ്യർക്ക് മനസ്താപം സാധ്യമല്ലാത്തതു പോലെ പതനശേഷം മാലാഖക്ക് മനസ്താപം സാധ്യമല്ല. ഇവരെയാണ് പിശാചുക്കൾ എന്ന് നാം മനസിലാക്കുന്നത്.
പിശാചും പ്രലോഭനങ്ങളും
മനുഷ്യനെ തിന്മയിലേക്ക് നയിക്കുന്ന മൂന്ന് തരം പ്രലോഭനങ്ങൾ ആണുള്ളത്. ലോകം, ജഡം, പിശാച് എന്നിവയാണവ. ലോകം അതിന്റെ എല്ലാവിധ സാധ്യതകളും തുറന്ന് പിശാചിനെക്കാൾ വലിയ തോതിൽ മനുഷ്യരെ പ്രലോഭക്കാൻ കഴിയുന്ന ഒരു വസ്തുവായി ഇന്ന് മാറിയിട്ടുണ്ട്. പിശാചിന്റെ പ്രലോഭനങ്ങൾ ഇല്ല എന്ന് ഇത് അർത്ഥമാക്കുന്നില്ല. പിശാച് എന്നത് ഒരു വ്യക്തിയാണ് (person). വ്യക്തികളെല്ലാം മനുഷ്യനാണെന്ന് ധരിക്കരുത്; മനുഷ്യനേക്കാൾ ശക്തിയും കഴിവും അറിവും ഉള്ള മാലാഖമാരുടെ ഗണത്തിൽപ്പെട്ട ഒരു കൂട്ടം വ്യക്തികളാണ് പിശാചുക്കൾ. ഇവർക്ക് മനുഷ്യനേക്കാൾ കഴിവും ശക്തിയും അറിവും ഉണ്ടെങ്കിലും ഇവർക്ക് ദൈവത്തേക്കാൾ കഴിവോ ശക്തിയൊ അറിവൊ ഇല്ല. പിശാചിന്റെ കഴിവിനെപ്പറ്റി പറയുമ്പോൾ "demon cannot go beyond the limits set by God" എന്നാണ് പറയാറ്. അതായത് ഒരു സൃഷ്ട വ്യക്തി എന്ന നിലയ്ക്ക് പിശാചിന് ദൈവത്തെ തോൽപ്പിക്കാനാകില്ല. എന്നാൽ മനുഷ്യനെ സംബന്ധിക്കുന്ന ദൈവീക പദ്ധതികൾക്ക് എതിരായി പ്രവർത്തിക്കാൻ ദൈവം പിശാചിനെ അനുവദിച്ചിട്ടുണ്ട് എന്നതാണ് സത്യം! എന്തുകൊണ്ട് ദൈവം അങ്ങനെ അനുവദിച്ചു എന്ന് മാത്രം ചോദിക്കരുത്. അത് ദൈവത്തിനു മാത്രം അറിയാവുന്ന കാര്യമാണ്. കാരണം എന്താണെങ്കിലും മനുഷ്യനെ സംബന്ധിക്കുന്ന ദൈവിക പദ്ധതിയിൽ മനുഷ്യൻ നേരിടേണ്ട ഒന്നായി പിശാചിന്റെ സ്വാധീനത്തെ ദൈവം അനുവദിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. അങ്ങനെ അനുവദിച്ചത് കൊണ്ടാണ് ആദ്യ മാതാപിതാക്കളെ പ്രലോഭിപ്പിക്കാൻ പിശാചിന് സാധിച്ചത്. ആദ്യ മാതാപിതാക്കളുടെ പാപംമൂലം ആത്യന്തികമായി മനുഷ്യവംശം മുഴുവനും ദൈവത്തിൻ എതിരായി ഒരു നിലപാട് എടുത്തു. പ്രലോഭനത്താലോ അല്ലെങ്കിൽ മുകളിൽ പറഞ്ഞ ഏതെങ്കിലും കാരണത്താലൊ ദൈവത്തിനെതിരെ പ്രവർത്തിക്കുന്നവർ പിശാച് എടുത്ത നിലപാടിന് സമാനമായ നിലപാടാണ് എടുക്കുന്നത്. അതിനാൽ മാരക പാപം ചെയ്യുമ്പോൾ നമ്മളും പിശാചിന്റെ അടിമത്തത്തിൽ ആണെന്ന് പറയുന്നു.
പിശാചിന്റെ മേലുള്ള വിജയം
പിശാചിന് മനുഷ്യരുടെ മേലുള്ള മേധാവിത്വത്തെ "തത്വത്തിൽ" പരാജയപ്പെടുത്തിയതാണ് ക്രിസ്തുവിൻറെ കുരിശുമരണം. ശുദ്ധീകരണ വരപ്രസാദത്തിൽ ആയിരിക്കാൻ ക്രിസ്തുവിന്റെ കുരിശുമരണം മുഖേന നമുക്ക് അവസരമൊരുങ്ങി. ശുദ്ധീകരണ വരപ്രസാദത്തിൽ ആയിരിക്കുന്നവർ പിശാചിന്റെ അടിമത്തത്തിൽ അല്ല. ഇതിനെ വ്യാഖ്യാനിക്കേണ്ടത് "പിശാചിന് സ്വാധീനിക്കാൻ കഴിയാത്തവർ" എന്ന അർത്ഥത്തിലല്ല, മറിച്ച് പിശാച് എടുത്ത നിലപാടിൽ നിന്ന് വ്യത്യസ്തമായ ഒരു നിലപാട് എടുത്ത് ദൈവത്തോട് ചേർന്ന് നിൽക്കുന്നവർ എന്ന അർത്ഥത്തിലാണ്. ശുദ്ധീകരണ വരപ്രസാദത്തിൽ ആണെങ്കിലും അല്ലെങ്കിലും പിശാചിന് മനുഷ്യരുടെമേൽ പ്രവർത്തിക്കാൻ (ദൈവം അനുവദിച്ചാൽ) സാധിക്കും. പ്രലോഭനം മാത്രമല്ല പിശാച് മനുഷ്യന് മേൽ പ്രവർത്തിക്കുന്ന രീതി. പിശാചുബാധയും താരതമ്യേന കുറഞ്ഞ തോതിൽ പ്രകടമായ ഒരു രീതിയാണ്. ഇതിൽ പ്രലോഭനത്തിൽ വീണ് മാരകപാപം ചെയ്താൽ ശുദ്ധീകരണ വരപ്രസാദം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ പിശാചുബാധ മനുഷ്യന്റെ ശരീരത്തെയാണ് ബാധിക്കുന്നത്. പിശാച് ബാധിച്ചതുകൊണ്ടുമാത്രം ഒരു വ്യക്തിയുടെ ശുദ്ധീകരണ വരപ്രസാദ അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നില്ല. അന്ത്യവിധിയിൽ ആണ് ദൈവം പിശാചിനെ പൂർണമായും പരാജയപ്പെടുത്തുന്നത്. അന്ത്യവിധി വരെയും ദൈവം അനുവദിക്കുന്ന പക്ഷം പിശാച് മനുഷ്യരുടെമേൽ പ്രവർത്തിക്കും.
പിശാചിനെ സംബന്ധിച്ച അബദ്ധധാരണകളെ നാലായി പറയാം
1. പിശാച് ഇല്ല എന്ന് വാദിക്കുന്നത്. നൂതന ദൈവശാസ്ത്ര തത്വചിന്തകരുടെ ഇടയിൽ പ്രബലമാണ് ഈ വാദം. ഇതൊരു പാഷണ്ഡതയാണ്.
2. എന്തിലും ഏതിലും പിശാചിനെ ഒരു കാരണമായി കാണുന്നത്. രോഗം, അപകടം, മരണം, സാമ്പത്തിക നഷ്ടം, ശത്രുക്കളുടെ വിജയം തുടങ്ങി എന്തിനും ഏതിനും കാരണം പിശാചിൻറെ സ്വാധീനം ആണെന്ന് വാദിക്കുന്നത് ഒരു അബദ്ധ ചിന്തയാണ്. ഇതര മനുഷ്യരുടെ സ്വാധീനവും നമ്മുടെ കഴിവുകേടും ഇതിലെ ഒരു മുഖ്യഘടകമാണ്. ഇത് മറച്ചുവയ്ക്കാൻ പിശാചിനെ പഴിചാരുന്നത് ശരിയല്ല.
3. പിശാചിനെ ദൈവമായി കണ്ട് ആരാധിക്കുന്നതാണ് മൂന്നാമത്തെ അബദ്ധധാരണ. പിശാചിനെ ദൈവമായിക്കണ്ട് ആരാധിച്ചാൽ ആവശ്യങ്ങളെല്ലാം നടന്നു കിട്ടും എന്ന തെറ്റിധാരണയാണ് വാദത്തിന് കാരണം. ഒരു കുറുക്കുവഴി എന്ന നിലയ്ക്കാണ് ബ്ലാക്ക് മാസിനെ പലരും ആദ്യം സമീപിക്കുന്നത്. നുണയനും നുണന്റെ പിതാവുമായ പിശാച് തന്നെ സമീപിക്കുന്നവരെ തിരിച്ച് ആക്രമിക്കുമെന്ന് അവർ വൈകിയാകും മനസ്സിലാക്കുന്നത്
4. പിശാചിനു മേൽ ക്രിസ്തു നേടിയ വിജയത്തെ ഇകഴ്ത്തി കാട്ടുന്നതാണ് നാലാമത്തെ അബദ്ധധാരണ. പിശാചിനോട് അകാരണമായ ഭയം ജനിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. ശുദ്ധീകരണ വര പ്രസാദത്തിൽ ആയിരിക്കുന്നവൻ ദൈവത്തിന്റെ ഭാഗത്താണ്. ഒരുവന്റെ അറിവോ സമ്മതമോ ഇല്ലാതെ ഒരുവന് ലഭിച്ച ശുദ്ധീകരണ വരപ്രസാദം ഒരു പിശാച് വിചാരിച്ചാൽ പോലും നഷ്ടപ്പെടില്ല. നഷ്ടപ്പെടുത്താൻ പിശാച് ചിലപ്പോൾ പ്രലോഭിപ്പിക്കും എന്ന് മാത്രം.
ഉപസംഹാരം.
പിശാച് ഉണ്ട്. ദൈവം സൃഷ്ടിച്ച മാലാഖമാർ അവരുടെ ഇച്ഛാശക്തിയുടെ ദുരുപയോഗം മൂലം ദൈവത്തെ എതിർത്തപ്പോഴാണ് പിശാചുക്കളായി തീർന്നത്. ദൈവത്തെ എതിർത്ത് പ്രവർത്തിക്കുന്ന മനുഷ്യനും പിശാചിന് സമാനമായ സ്വഭാവം കാണിക്കുന്നവരാണ്. പിശാചിന് മനുഷ്യനെ സ്വാധീനിക്കാൻ സാധിക്കും. എന്നാൽ, മനുഷ്യന്റെ എല്ലാ ദുരവസ്ഥയുടെയും കാരണം പിശാച് അല്ല. പിശാചിന് മേൽ വിജയം വരിച്ച ക്രിസ്തുവിനോട് ചേർന്ന് ഇരിക്കുന്നവർ പിശാചിന്റെ ഭാഗത്തല്ല