തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ ക്രമക്കേടു കാട്ടിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പു വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള നടപടികളില്‍ കോടതികള്‍ ഇടപെടരുതെന്നു സുപ്രീം കോടതിയുടെ വിധിയുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ കൈപ്പറ്റി പോലീസ് അസോസിയേഷന് നേതാക്കള്‍ വോട്ടു രേഖപ്പെടുത്തിയ സംഭവത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നല്‍കിയത്.
തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയായശേഷം പരാതിക്കാര്‍ക്കു നിശ്ചിത സമയത്തിനുള്ളില്‍ തെരഞ്ഞെടുപ്പു ഹര്‍ജി നല്കാനാകുമെന്നു സ്റ്റേറ്റ്മെന്റിൽ പറയുന്നു.
ഇലക്ഷന് ഡ്യൂട്ടിയിലുള്ള പോലീസുകാരാരും പോസ്റ്റല്‍ ബാലറ്റു ക്രമക്കേടുമായി ബന്ധപ്പെട്ടു കമ്മീഷനു പരാതി നല്‍കിയിട്ടില്ല. മാധ്യമ വാര്‍ത്തകളുടെയും മറ്റു ചില പരാതികളുടെയും അടിസ്ഥാനത്തില്‍ മേയ് ആറിനു ഡിജിപിയോടു വസ്തുതാ റിപ്പോര്‍ട്ട് തേടി. മേയ് എട്ടിനു സമഗ്ര അന്വേഷണം നടത്തി നടപടിയെടുക്കാന്‍ വീണ്ടും ഡിജിപിക്കു കത്തു നല്കി. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ഐജിക്കു നിര്‍ദേശം നല്‍കിയെന്നും അന്വേഷണം നടക്കുകയാണെന്നും ഡിജിപി മറുപടി നല്കി.